'ഡല്‍ഹി ക്രൈം സീസണ്‍ 3' പോസ്റ്ററിൽ നിന്ന് അറേഞ്ച്ഡ്
OTT News

മാഡം സാർ ആന്റ് ടീം റെഡി; 'ഡല്‍ഹി ക്രൈം സീസണ്‍ 3' നവംബര്‍ 13 മുതല്‍

പപ്പപ്പ ഡസ്‌ക്‌

ഒടിടി പ്രേക്ഷകരുടെ കാത്തിരിപ്പിന് അവസാനം. ഡിഐജി വർതിക ചതുർവേദി തിരികെ വരുന്നു. ഇക്കുറി അന്വേഷണം മനുഷ്യക്കടത്തിനെക്കുറിച്ചാണ്. എമ്മി അവാർഡുനേട്ടത്തിൽ വരെയെത്തിയ ഡൽഹി ക്രൈം വെബ്സീരിസിന്റെ മൂന്നാം സീസണിന് അങ്ങനെ അരങ്ങൊരുങ്ങുകയാണ്. നവംബർ 13-ന് നെറ്റ്ഫ്ളിക്സിൽ സ്ട്രീമിങ് തുടങ്ങും.

ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞിനെയും അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റിനെയും ചുറ്റിപ്പറ്റിയുള്ള ക്രൈംഡ്രാമയായാണ് ഡല്‍ഹി ക്രൈം സീസണ്‍ 3 പ്രേക്ഷകരിലെത്തുന്നത്. പ്രിയതാരം ഷെഫാലി ഷാ മുൻസീസണുകളിലെപ്പോലെ വര്‍തിക ചതുര്‍വേദി എന്ന പോലീസ് ഉദ്യോ​ഗസ്ഥയായി അന്വേഷണം നയിക്കും. തനുജ് ചോപ്രയാണ് സംവിധാനം. ഷെഫാലിക്കൊപ്പം രാജേഷ് തൈലാങ്,ര​സിക ദു​ഗൽ തുടങ്ങി മുൻസീസണിലെ പ്രധാന അഭിനേതാക്കളെല്ലാം പുതിയ സീസണിലുമുണ്ടാകും. ഹിമ ഖുറേഷിയാണ് മൂന്നാംഭാ​ഗത്തിലെ പുതിയ ആകർഷണം.

നെറ്റ്ഫ്‌ളിക്‌സിലെ പ്രശസ്തമായ ക്രൈം ഡ്രാമ സീരീസായ 'ഡൽഹി ക്രൈം' ആദ്യസീസൺ 2012-ൽ ഡൽഹിയിൽ നടന്ന ഭീകരമായ കൂട്ടബലാത്സംഗത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. റിച്ചി മെഹ്താ സംവിധാനം ചെയ്ത ഈ സീരീസ്, കേസിനു പിന്നാലെയുള്ള ഡൽഹി പൊലീസിന്റെ അന്വേഷണവും നിയമപരമായ പോരാട്ടങ്ങളും യഥാതഥമായി അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസനേടി.

ഡൽഹി ക്രൈം സീസൺ1-ൽ ഡിസിപി വർതിക ചതുർവേദിയായി ഷെഫാലി ഷാ

ഡൽഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ വർതിക ചതുർവേദിയായി വേഷമിട്ട ഷെഫാലി ഷായുടെ ഉജ്വലപ്രകടനമായിരുന്നു ഈ സീസണിന്റെ കരുത്ത്. പോലീസ് അന്വേഷണം, അതിനിടയിൽ ഉദ്യോ​ഗസ്ഥരനുഭവിക്കുന്ന മാനസിക സമ്മർദ്ദം, സ്ത്രീകൾ നേരിടുന്ന ഭീഷണികൾ തുടങ്ങിയവ തീവ്രമായാണ് ഡൽഹി ക്രൈം അവതരിപ്പിച്ചത്. 2019-ൽ പുറത്തിറങ്ങിയ ആദ്യ സീസൺ എമ്മി അവാർഡ് നേടിയതോടെ സീരീസ് ലോകശ്രദ്ധ നേടി.

ഡൽഹി ക്രൈം സീസൺ2-ൽ നീതി സിങ് എന്ന പോലീസുദ്യോ​ഗസ്ഥയായി രസി​ക ദു​ഗൽ

രണ്ടാം സീസൺ ഡൽഹിയിലെ സീരിയൽ കൊലപാതകങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു. സമൂഹത്തിലെ കുറ്റവാളികൾ വർധിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുകയായിരുന്നു ഇതിൽ. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയ വെബ് സീരീസുകളിൽ മുൻനിരയിലുള്ള ഡൽഹി ക്രൈം ആവേശകരവും ആഴമുള്ളതുമായ പോലീസ് ഡ്രാമയായിരുന്നു. അതുകൊണ്ടുതന്നയാണ് അതിന്റെ മൂന്നാം സീസണിനായി പ്രേക്ഷകർ കാത്തിരുന്നതും.