ഷാഹിദ് കപുര്‍, രശ്മിക മന്ദാന, കൃതി സനോണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ റൊമാന്റിക് ഡ്രാമ ചിത്രം കോക്‌ടെയില്‍ 2' ഡിജിറ്റല്‍ പ്രീമിയറിന് ഒരുങ്ങുന്നു. ഹോമി അദജാനിയ സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 14ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്‌സിലൂടെ പ്രേക്ഷകരിലേക്കെത്തി. 2012-ല്‍ പുറത്തിറങ്ങി വന്‍ വിജയമായ 'കോക്‌ടെയില്‍' എന്ന ചിത്രത്തിന്റെ സ്പിരിച്വല്‍ സ്വീകലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സിസിലിയില്‍ നടക്കുന്ന അവധിക്കാല ആഘോഷങ്ങള്‍ക്കിടയില്‍ അരങ്ങേറുന്ന പ്രണയവും വൈകാരികമായ സങ്കീര്‍ണതകളുമാണ് ചിത്രത്തിന്റെ പ്രമേയം. ദീര്‍ഘകാലമായി പ്രണയത്തിലായ കുനാല്‍ (ഷാഹിദ് കപുര്‍), ദിയ (രശ്മിക മന്ദാന) എന്നിവരുടെ ജീവിതത്തിലേക്ക് ദിയയുടെ സുഹൃത്തായ ആലി (കൃതി സനോണ്‍) കടന്നുവരുന്നതോടെ ഇവരുടെ ബന്ധത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളാണ് സിനിമ വിഷയമാക്കുന്നത്. ലവ് രഞ്ജന്‍, തരുണ്‍ ജെയിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ജൂണ്‍ 19-നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. റിലീസ് സമയത്ത് നിരൂപകരില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും, ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ നിന്ന് ഏകദേശം 150 കോടിയോളം രൂപ സമാഹരിക്കാന്‍ ചിത്രത്തിനു സാധിച്ചു.
റിലീസിന് മുമ്പ് തന്നെ ചിത്രത്തിലെ ഗാനങ്ങളും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 2012-ലെ ആദ്യ ചിത്രത്തിലെ ഏറെ പ്രശസ്തമായ 'തുംഹി ഹോ ബന്ധു' എന്ന ഗാനത്തിന്റെ റീമിക്‌സ് വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മാര്‍ക്ക് ബെനിങ്ടണ്‍, ടികു തല്‍സാനിയ, സുപര്‍ണ മര്‍വ, നീലു കോഹ്ലി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നുണ്ട്.