OTT News

ചിരഞ്ജീവിയുടെ നെറ്റ്ഫ്ലിക്സ് 'മെഗാവേഴ്സി'ൽ കമലും പവൻ കല്യാണും രാം ചരണും?

പപ്പപ്പ റിപ്പോര്‍ട്ടര്‍

മെഗാസ്റ്റാർ ചിരഞ്ജീവി അവതാരകനാകുന്ന പുതിയ ടോക്ക് ഷോ 'മെഗാവേഴ്സ്' സിനിമാലോകത്തെ ചർച്ചാവിഷയമാകുന്നു. നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുന്ന പരിപാടിയിൽ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളും ചലച്ചിത്രപ്രതിഭകളും അതിഥികളായി എത്തുമെന്നാണ് സൂചന. ചിരഞ്ജീവിയുമായി ഓരോ എപ്പിസോഡിലും വ്യത്യസ്ത താരങ്ങൾ നടത്തുന്ന തുറന്ന സംഭാഷണങ്ങളായിരിക്കും പരിപാടിയുടെ പ്രധാന ആകർഷണം.

വ്യത്യസ്തരായ അതിഥികളെ പങ്കെടുപ്പിച്ച് സിനിമാലോകത്തെ അധികമാരും അറിയാത്ത വിശേഷങ്ങളും അനുഭവങ്ങളും ചർച്ചയിലേക്ക് കൊണ്ടുവരാനാണ് ചിരഞ്ജീവിയുടെ പദ്ധതി. സുനിൽ, ബ്രഹ്മാനന്ദം തുടങ്ങിയ പ്രമുഖ ഹാസ്യനടന്മാരുമായുള്ള സംഭാഷണങ്ങളോടെയായിരിക്കും പരിപാടി ആരംഭിക്കുകയെന്നാണ് അണിയറവൃത്തങ്ങളിൽ നിന്നുള്ള വിവരം. കമൽഹാസനെപ്പോലുള്ള ദക്ഷിണേന്ത്യൻ സൂപ്പർതാരങ്ങളും അതിഥികളായി എത്തുമെന്നാണ് സൂചന. വരും എപ്പിസോഡുകളിൽ കൂടുതൽ താരങ്ങൾ പങ്കുചേരാനും സാധ്യതയുണ്ട്.

ചിരഞ്ജീവിയും രാം ചരണും

എന്നാൽ മെഗാ ആരാധകർക്കായി മറ്റൊരു വലിയ സർപ്രൈസും പരിപാടിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിരഞ്ജീവി, പവൻ കല്യാൺ, രാം ചരൺ എന്നിവർ ഒരേ വേദിയിൽ ഒന്നിച്ചെത്തുമെന്നാണ് സൂചന. മൂവരും ചേർന്നുള്ള തുറന്ന സംഭാഷണം ആരാധകർക്ക് വലിയ വിരുന്നായിരിക്കുമെന്നും മെഗാവേഴ്സുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

'മഗധീര'യ്ക്ക് ശേഷം ചിരഞ്ജീവിയും പവൻ കല്യാണും രാം ചരണും ഇത്തരത്തിൽ ഒരുമിച്ച് ഒരു സംഭാഷണവേദിയിൽ എത്തിയിട്ടില്ല. ഏറെക്കാലത്തിനുശേഷമുള്ള ഈ കൂടിക്കാഴ്ചയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായ പവൻ കല്യാൺ രാഷ്ട്രീയരംഗത്തും സജീവമായ സാഹചര്യത്തിലാണ് ഈ സംഭാഷണം പ്രസക്തമാകുന്നത്.

ചിരഞ്ജീവിയും പവൻ കല്യാണും

ചിരഞ്ജീവിയും പവൻ കല്യാണും രാം ചരണും ഒരുമിച്ചിരുന്ന് വ്യക്തിപരവും സിനിമയുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങൾ തുറന്നുപറയുന്നത് മെഗാ ആരാധകർക്ക് ഏറെ ആകാംക്ഷ നൽകുന്നുണ്ട്. ഈ പരിപാടിയിലൂടെ നെറ്റ്ഫ്ലിക്സ് ഷോ വലിയ ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷ.

ചിരഞ്ജീവിയും കമൽഹാസനും

ചിരഞ്ജീവിയുടെ മൂത്ത മകളും രാം ചരണിന്റെ സഹോദരിയുമായ സുസ്മിത കൊനിഡേലയാണ് സ്വന്തം നിർമാണ കമ്പനിയായ ഗോൾഡ് ബോക്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ പരിപാടി നിർമിക്കുന്നത്. 'മെഗാവേഴ്സ്' എന്ന പേരിൽ ഒരുങ്ങുന്ന ഈ ഷോയിലൂടെ ചിരഞ്ജീവി ആദ്യമായി നെറ്റ്ഫ്ലിക്സിൽ എത്തുകയാണ്.