തമിഴകത്തിന്റെ സൂപ്പർതാരം അർജുൻ സർജ നായകനായ ആക്ഷൻ ത്രില്ലർ ഒടിടിയിലേക്ക്. റിലീസ് ചെയ്തത് മുതൽ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ മുന്നേറുന്നതിനിടയിലാണ് അണിയറക്കാർ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ ജൂൺ 25 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.
കേവലം 18 കോടി രൂപ നിർമാണച്ചെലവിൽ ഒരുങ്ങിയ ചിത്രം ഇതിനകം തന്നെ ബോക്സ് ഓഫീസിൽ കോടികളാണു നേടിയത്. ട്രേഡ് അനലിസ്റ്റ് സാക്നിൽക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം, ചിത്രം ഇതുവരെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 60 കോടിയോളം രൂപ സ്വന്തമാക്കി കഴിഞ്ഞു.
സുഭാഷ് കെ. രാജ് സംവിധാനം ചെയ്ത ഈ ആക്ഷൻ ഫാമിലി ഡ്രാമയ്ക്ക് ആദ്യ ദിനങ്ങളിൽ പതിഞ്ഞ തുടക്കമായിരുന്നെങ്കിലും, മികച്ച മൗത്ത് പബ്ലിസിറ്റിയിലൂടെ രണ്ടാം ദിനം മുതൽ കൂടുതൽ സ്ക്രീനുകളിലേക്കു പ്രദർശനം വ്യാപിപ്പിക്കുകയായിരുന്നു. കേരളത്തിലും ചിത്രത്തിനു വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നാളുകൾക്കുശേഷമാണ് അർജുൻ ചിത്രം കേരളത്തിലെത്തുന്നതും സൂപ്പർഹിറ്റ് ആകുന്നതും.
കുടുംബനാഥന്റെ കരുത്തോടെ അര്ജുന് സ്ക്രീനില്‍ നിറഞ്ഞാടുമ്പോള്‍, ചിത്രത്തില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായി അഭിരാമിയും പ്രീതി മുകുന്ദനും ഒപ്പത്തിനൊപ്പം നില്ക്കുന്നു. വിവേക് പ്രസന്ന, ജോണ്‍ കൊക്കന്, അര്ജുന് ചിദംബരം, പവന്, ദിലീപന് എന്നിവരടങ്ങുന്ന വന്‍ താരനിരയും ചിത്രത്തിന്റെ ആക്ഷന്‍ മൂഡിന് കരുത്താകുന്നു.