ആസിഫ് അലി നായകനായ 'സർക്കീട്ട്' ഒടിടി റിലീസിനായി ഒരുങ്ങുന്നു. മികച്ച കുടുംബചിത്രം എന്ന ഖ്യാതി നേടിയെങ്കിലും ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാതെപോയ ചിത്രമായിരുന്നു 'സർക്കീട്ട്'. സെപ്റ്റംബർ 26 ന് മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ആസിഫ് അലിയുടെ അമീർ എന്ന കഥാപാത്രം, താരത്തിന്‍റെ ഇതുവരെയുള്ള കരിയറിൽനിന്നു വളരെ വ്യത്യസ്ത പുലർത്തുന്നു. നായകന്‍റെ ജോലി തേടി ഗൾഫിലേക്കുള്ള യാത്രയും പിന്നീടുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ഹൃദയസ്പർശിയായ ആഖ്യാനത്തിനും ശക്തമായ അഭിനയമുഹൂർത്തങ്ങൾക്കും ചിത്രം പ്രശംസിക്കപ്പെട്ടു.
ആസിഫ് അലിയെ കൂടാതെ ദിവ്യ പ്രഭ, രമ്യ സുരേഷ്, ദീപക്, പ്രശാന്ത് അലക്സാണ്ടർ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നു. ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിലൂട ശ്രദ്ധേയനായ തമർ ആണ് സംവിധായകൻ. അജിത് വിനായക ഫിലിംസിന്റെയും ആക്ഷൻ ഫിലിംസിന്റെയും ബാനറിൽ വിനായക അജിതും ഫ്ലോറൈൻ ഡൊമിനിക്കും ചേർന്നാണ് ചിത്രം നിർമിച്ചത്.
ആസിഫ് പതിവുപോലെ കഥാപാത്രത്തെ വളരെ അനായാസം അവതരിപ്പിക്കുന്നുണ്ട്. ബാലതാരം ഓർഹാനും മികച്ച പ്രകടനമാണു കാഴ്ചവച്ചത്. ആസിഫിന്‍റെ ആരാധകരും ചലച്ചിത്രപ്രേമികളും ആകാംക്ഷയോടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിങ്ങിനായി കാത്തിരിക്കുന്നത്.