യുവതാരം അർജുൻ അശോകൻ നായകനായ 'തലവര' ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. തിയേറ്ററിൽ സംഭവിച്ചതുപോലെ ഒടിടിയിലും 'തലവര' എന്താകും എന്നതാണ് അണിയറക്കാരെ കുഴപ്പിക്കുന്ന ചോദ്യം. പ്രേക്ഷകരിൽനിന്ന് മികച്ച അഭിപ്രായം നേടിയെങ്കിലും തിയേറ്ററിൽ അർജുൻ അശോകന്റെ 'തലവര' തെളിഞ്ഞില്ല. കല്യാണി പ്രിയദർശന്റെ സൂപ്പർഹീറോ ചിത്രം 'ലോക' യ്ക്കു മുന്നിൽ 'തലവര' മായുകയായിരുന്നു. ബോക്സ്ഓഫീസിൽ കുത്തനെ വീണ ചിത്രം ഇപ്പോൾ ഒടിടിയിലും ലോകയുടെ വെല്ലുവിളി നേരിടേണ്ടിവരും 31ന് 'ലോക:' ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുകയാണ്.
'തലവര'ആമസോൺ പ്രൈം വീഡിയോയിലാണ് കാണാനാകുക. അശോകൻ, സോഹൻലാൽ, രേവതി ശർമ, ദേവദർശിനി സുകുമാരൻ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളാകുന്നു. അഖിൽ അനിൽകുമാറാണ് സംവിധാനം. മഹേഷ് നാരായണൻ, ഷെബിൻ ബക്കർ എന്നിവരാണ് നിർമാണം.
വെള്ളപ്പാണ്ട് ബാധിച്ച ജ്യോതിഷ് എന്ന ചെറുപ്പക്കാരനെയാണ് അർജുൻ അശോകൻ അവതരിപ്പിക്കുന്നത്. സാമൂഹിക മുൻവിധികളും വ്യക്തിപരമായ അരക്ഷിതാവസ്ഥയും നേരിടുന്നുണ്ടെങ്കിലും ജ്യോതിഷ് പ്രതീക്ഷയുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു. ജ്യോതിഷിന്റെ പോരാട്ടങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ സഞ്ചാരം.
വ്യത്യസ്ത ഇതിവൃത്തം കൈകാര്യം ചെയ്യുന്ന 'തലവര' മികച്ച ചിത്രമാണെന്ന് നടി മംമ്ത മോഹൻദാസ് പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ 'തലവര'യെ പ്രശംസിക്കുകയും ചെയ്തു മംമ്ത. എല്ലാ ദിവസവും പോരാടുന്ന യഥാർഥ ജീവിതത്തിലെ ഹീറോകളെ പ്രതിനിധീകരിക്കുന്ന തിരക്കഥ തെരഞ്ഞെടുത്ത അർജുന് ആശംസകളെന്ന് മംമ്ത പറഞ്ഞു. ഒരു സെൻസിറ്റീവ് വിഷയം ഭംഗിയോടെയും ലാളിത്യത്തോടെയും കൈകാര്യം ചെയ്തതിന് സംവിധായകൻ അഖിൽ അനിൽകുമാറിനെയും മംമ്ത പ്രശംസിച്ചു.