കൊറിയയിലേക്കാണ് ഇപ്പോൾ ഒ.ടി.ടി പ്രേക്ഷകരുടെ കണ്ണുകൾ. അവിടെനിന്നുള്ള കഥകൾ ഞെട്ടിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. സംഗീതത്തിലെന്നപോലെ ഒ.ടി.ടിയിലും കൊറിയയാണ് ട്രെൻഡ് സെറ്റർ. ഈ സാധ്യതയിൽ കണ്ണുവയ്ക്കുകയാണ് പ്രൈം വീഡിയോ. കൊറിയയിൽ നിന്നുള്ള കോൺടന്റുകൾ ലോകമെങ്ങും വിതരണം ചെയ്യുന്നതിനായി പ്രൈംവീഡിയോയും പ്രമുഖ എന്റർടെയ്ൻമെന്റ് കമ്പനിയായ സിജെ എനമും കൈകോർക്കുകയാണ്. മുംബൈയിൽ നടന്ന വേൾഡ് ഓഡിയോ വിഷ്വൽ ആന്റ് എന്റർടെയ്ൻമെന്റ് സമ്മിറ്റിലായിരുന്നു പ്രഖ്യാപനം. കൊറിയയും ചൈനയും ഒഴികെയുള്ള രാജ്യങ്ങളിലെ വിതരണം ഇനി പ്രൈമിലൂടെയായിരിക്കും. 'ലോകമെങ്ങും കൊറിയയിൽ നിന്നുള്ള കഥകൾക്ക് പ്രേക്ഷകരുണ്ട്. മാരി മൈ ഹസ്ബൻഡ്,നോ ഗെയ്ൻ,നോ ലവ് തുടങ്ങിയവയുടെ അമ്പരിപ്പിക്കുന്ന വിജയം ഇതിന്റെ തെളിവാണ്. ഇംഗ്ലീഷ് ഇതരഭാഷകളിൽ ഏറ്റവും കൂടുതൽ പേർകണ്ട പത്തെണ്ണത്തിന്റെ പട്ടികയിലും ഇവ ഇടം പിടിച്ചിരുന്നു. പ്രൈമിന്റെ ലോകമെങ്ങുമുള്ള പ്രേക്ഷകർക്ക് കൊറിയൻ എന്റർടെയ്ൻമെന്റ് ലോകത്തുനിന്നുള്ള ഏറ്റവും പുതിയവ സമ്മാനിക്കാൻ സിജെ എനമുമായുള്ള കൂട്ടുകെട്ടിലൂടെ സാധിക്കും.'-പ്രൈം വീഡിയോ ഇന്റർനാഷണൽ ഹെഡും വൈസ് പ്രസിഡന്റുമായ കെല്ലി ഡേ പറഞ്ഞു. 2025ലും 2026ലുമായി കൊറിയൻ സീരീസുകളിലെ വലിയ ശേഖരം തന്നെയാണ് പ്രൈം അവതരിപ്പിക്കുന്നത്. സിജെ എനമിൽ നിന്നുള്ളവകൂടാതെ സ്റ്റുഡിയോ ഡ്രാഗൺ,സിജെ എനം സ്റ്റുഡിയോസ് തുടങ്ങിയ പ്രൊഡക്ഷൻഹൗസുകളുടെ പരമ്പരകളും ഇക്കൂട്ടത്തിലുണ്ട്. പ്രേക്ഷകർ കാത്തിരിക്കുന്ന ഫാന്റസി റൊമാൻസ് ഡ്രാമ സീരീസായ 'ഹെഡ് ഓവർ ഹീൽസ്' ആണ് ഇവയിൽ പ്രധാനം. ജൂൺ അവസാനത്തോടെ ഇത് പ്രൈം വീഡിയോയിലൂടെ ലോകമെങ്ങുമെത്തും. ആരാധകമനം കവർന്ന റോം-കോം ഡ്രാമ 'ഹെർ പ്രൈവറ്റ് ലൈഫ്','അനദർ മിസ് ഓാ' എന്നിവയ്ക്കുപുറമേ പ്രശസ്ത ഡിറ്റക്ടീവ് സീരീസായ 'മൗസും' ഇനി പ്രൈമിലൂടെ 248ൽ അധികം രാജ്യങ്ങളിലെ പ്രേക്ഷകർക്ക് മുന്നിലെത്തും. ഇവ 28ഭാഷകളിൽ സബ്ടൈറ്റിലോടെ ലഭ്യമാകും.11ഭാഷകളുടെ ഡബ്ബിങ് പതിപ്പുമുണ്ടാകും. 'വിനോദലോകത്ത് ഉപഭോക്താവിന്റെ ആദ്യചോയ്സ് ആകുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം. അതിനായി ലോകമെങ്ങും നിന്നുള്ള ഏറ്റവും മികച്ച കോൺടന്റുകളും ഏഷ്യയിലെ ജനപ്രിയകഥകളും ഒരേപോലെ അവതരിപ്പിക്കുന്നു. കൊറിയൻ കോൺടന്റുകൾ കൂടി എക്സ്ക്ലൂസീവായി പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിലൂടെ ഞങ്ങളുടെ കാറ്റലോഗ് കൂടുതൽ ശക്തമാകും'-പ്രൈം വീഡിയോ ഏഷ്യ പസഫിക് വൈസ് പ്രസിഡന്റ് ഗൗരവ് ഗാന്ധി പറയുന്നു. 'പ്രൈം വീഡിയോയുമായുള്ള പങ്കാളിത്തത്തിൽ അതീവ സന്തോഷമുണ്ടെന്നും ഞങ്ങളുടെ ആസ്വാദ്യകരമായ കൊറിയൻ കഥകൾ കൂടുതൽ വ്യാപകമായി ആഗോള പ്രേക്ഷകരിലേയ്ക്ക് എത്തിക്കാൻ ഇത് സഹായിക്കു'മെന്നും സിജെ എനം കണ്ടന്റ് ബിസിനസ് ഡിവിഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജാങ്ഹോ സിയോ പറഞ്ഞു.