സംഗീതാ സചിത്,ജേക്‌സ് ബിജോയ് ഫോട്ടോ-അറേഞ്ച്ഡ്
Notes

സം​ഗീതാസചിത് എന്ന സം​ഗീതം, സൗഹൃദം

'താളം പോയി തപ്പും പോയി' ഉൾപ്പെടെ ഒട്ടേറെ ഹിറ്റ് ​ഗാനങ്ങൾക്ക് ശബ്ദം പകർന്ന സം​ഗീതാസചിത് വിടപറഞ്ഞിട്ട് മെയ് 22ന് മൂന്നുവർഷം പൂര്‍ത്തിയായി.

ജേക്‌സ് ബിജോയ്‌

സം​ഗീതസംവിധായകനാകുക എന്ന മോഹവുമായി 2013-ൽ ഞാൻ വണ്ടി കയറിയത് ചെന്നൈയിലേക്കാണ്. ആ ന​ഗരമാണ് അന്ന് എന്നെപ്പോലൊരാളുടെ സ്വപ്നഭൂമിക. ഒരുപാട് ​ഗായകർ താമസിക്കുന്നയിടം. ​ഗുരുതുല്യരായ അനേകം സം​ഗീതസംവിധായകപ്രതിഭകളുടെ ആസ്ഥാനം. ആ ന​ഗരത്തിന്റെ സം​ഗീതപാരമ്പര്യം അത്രയും വലുതായിരുന്നു. അവിടെ അവസരങ്ങളുണ്ടെന്ന വിശ്വാസം. ഒരു കീബോർഡ് പോലെ പലവിധ സ്വരങ്ങളെ ഉള്ളിലൊതുക്കിയ ചെന്നൈ കൈവിടില്ലെന്ന പ്രതീക്ഷ. അതെല്ലാമായിരുന്നു എന്റെയുള്ളിലും.  തുടക്കക്കാരനായി ചെന്നിറങ്ങുന്ന ഏതൊരാളെയും പോലെ ചെറിയരീതിയിലാണ് ഞാനും സം​ഗീതസംവിധാനത്തിൽ 'പിച്ചു'വച്ചത്. ഒന്നോ രണ്ടോ പടങ്ങളും കുറച്ചുപരസ്യങ്ങളുമൊക്കെയേ കൈയിലുള്ളൂ. വിൻസെന്റ് ചേട്ടൻ എന്നൊരാളാണ് എന്റെ കോ ഓർഡിനേറ്റർ. ഒരു ദിവസം അദ്ദേഹം എന്നെ ഒരാളെ പരിചയപ്പെടുത്തി- 'ഇതാണ് സം​ഗീതാസചിത്.' ആ നിമിഷംമുതൽ സം​ഗീതച്ചേച്ചി എനിക്ക് ഒരിക്കലും മറക്കാനാകാത്ത ഒരാളാണ്. ചേച്ചിയെ മുമ്പേ കേട്ടുപരിചയമുണ്ട്. അസുരന്‍','മാമന്‍മകള്‍', 'സ്‌മൈല്‍പ്ലീസ്','സരിഗമപധനി','ലക്കിമാന്‍' തുടങ്ങി എ.ആര്‍.റഹ്മാന്റെ 'മിസ്റ്റര്‍ റോമിയോ'യും 'ജീന്‍സും' വരെയുള്ള ഒട്ടേറെ ചിത്രങ്ങള്‍. തെലുങ്കിലായിരുന്നു കൂടുതൽ ഹിറ്റുകൾ. പക്ഷേ അതിനേക്കാൾ ഓർമയിലുണ്ടായിരുന്നത്  'ജ്ഞാനപ്പഴത്തെ പിഴിന്ത്' ആണ്. അത് ചേച്ചിപാടുന്നതുപോലെ പാടാൻ ഇന്ത്യയിലാർക്കും സാധിക്കുമായിരുന്നില്ല. വർഷങ്ങൾക്ക് മുമ്പ്  തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിൽ ചേച്ചി ഈ കീർത്തനം പാടിയതു കേട്ടിരുന്ന അന്നത്തെ മുഖ്യമന്ത്രി ജയലളിത വേദിയിലേക്ക് കയറിവന്ന് സ്വന്തംകഴുത്തിൽ കിടന്ന പത്തുപവന്റെ മാല ഊരി സമ്മാനിച്ചതൊക്കെ പത്രങ്ങളിൽ വലിയ വാർത്തയായിരുന്നു. ചെന്നൈയിലെത്തുന്നതിന് മുമ്പും ശേഷവും ഇതേപ്പറ്റി പലരും പറഞ്ഞിട്ടുമുണ്ട്. ആദ്യമായി പരിചയപ്പെട്ടതിനുശേഷം കുറച്ചുനാൾ കഴിഞ്ഞ് ഒരു പരസ്യത്തിനുവേണ്ടി പ്രത്യേകതരത്തിലുള്ള ബേസ് വോയ്സുതേടി ഞാൻ കുറച്ചലഞ്ഞു. ഒടുവിൽ എന്റെ അന്വേഷണം എത്തിയത് സം​ഗീതച്ചേച്ചിയിലാണ്. അന്നുതുടങ്ങിയതാണ് ഞങ്ങൾ ഒരുമിച്ചുള്ള സം​ഗീതയാത്ര. അതിനുശേഷം എന്റെ ബാക്ക്​ഗ്രൗണ്ട് സ്കോറുകളിലും ചെറിയ ചെറിയ ബിറ്റ് സോങ്ങുകളിലുമെല്ലാം ഞാൻ ചേച്ചിയെ ഒപ്പംകൂട്ടി. പക്ഷേ വലിയൊരു അവസരം കൊടുക്കാനാകാത്തതിന്റെ സങ്കടം ഉള്ളിലുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് 'അയ്യപ്പനും കോശിയും' വരുന്നത്. അതിലെ 'താളം പോയി തപ്പും പോയി' എന്ന പാട്ടിന്റെ ട്രാക്ക് പാടാനെത്തിയതാണ് ചേച്ചി. എന്റെ മാത്രമല്ല ആ സിനിമയുടെ സംവിധായകൻ സച്ചിയേട്ടന്റെ മനസ്സിലും ആ ശബ്ദം ആഴത്തിൽ പതിഞ്ഞു. ഞങ്ങൾക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു,ചേച്ചി അതുപാടിവച്ച സ്റ്റൈൽ. 'എടാ ഇതുമാറ്റണോ..ഇതുതന്നെ പോരേ' എന്നാണ് സച്ചിയേട്ടൻ ചോദിച്ചത്. ഞാനപ്പോൾ പറഞ്ഞു: 'ചേട്ടാ...എനിക്ക് സന്തോഷമായി...'കാരണം ചേച്ചിയെ അതുപോലൊരു ചിത്രത്തിൽ പാടിക്കണമെന്ന് എന്റെ ഏറെക്കാലമായുള്ള ആ​ഗ്രഹമായിരുന്നു. എന്റെ മറുപടികേട്ടപ്പോൾ 'ഇതു മതി,ഇനി വേറെആരെയും നോക്കണ്ട' എന്നായി  സച്ചിയേട്ടൻ.  കാരണം ആ സിനിമയുടെ ആത്മാവുതന്നെയാണ് ചേച്ചി ആ പാട്ടിൽ തന്നത്. സംവിധായകൻ അത് അപ്രൂവ് ചെയ്യുമെന്ന് ചേച്ചി വിശ്വസിച്ചിരുന്നില്ല. അത്രയും വലിയൊരു സിനിമയുടെ ഭാ​ഗമായപ്പോൾ ചേച്ചിയുടെ മുഖത്തുകണ്ട സന്തോഷം ഇപ്പോഴും എന്റെ കണ്ണിലുണ്ട്. വ്യക്തിപരമായി ഒരുപാട് സവിശേഷതകൾ ഉള്ളയാളായിരുന്നു സം​ഗീതച്ചേച്ചി. ഒരുപാട് സീനിയറായ ആൾക്കാർക്കൊപ്പം പാടിയിട്ടുള്ളയാണ്. പക്ഷേ അതിന്റെ ​ഗമയൊന്നും ചേച്ചി കാണിച്ചില്ല. സരി​ഗമയിൽ മാത്രമേ ചേച്ചി ​ഗമ സൂക്ഷിച്ചുള്ളൂ എന്നു പറയാം! എപ്പോഴും ഫ്രണ്ട്ലി ആയി പെരുമാറുന്നതായിരുന്നു ശീലം. നമ്മളെ എപ്പോഴും പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കും. തുടക്കക്കാരനായിരിക്കുമ്പോൾ എനിക്ക് തന്ന പരി​ഗണനയും വാത്സല്യവും വളരെ വലുതായിരുന്നു. എന്റെ ഓരോ പാട്ടുംവരുമ്പോൾ ആദ്യം വിളിച്ച് അഭിനന്ദിക്കും,അതിലെ സൂക്ഷ്മമായ കാര്യങ്ങളെക്കുറിച്ചുപോലും സംസാരിക്കും. ചേച്ചി എന്തെങ്കിലും പറഞ്ഞാൽ പിന്നെ അടുത്തൊരു പൊട്ടിച്ചിരിയാണ്. ചിരിവിട്ട് ചേച്ചിയെ കണ്ടിട്ടില്ല. ചെന്നൈയിലായിരിക്കുമ്പോഴും ചേച്ചിയോട് സംസാരിക്കുമ്പോൾ നാട്ടിലെ ഏതോ ​ഗ്രാമത്തിലെ വീടിന്റെ സിറ്റൗട്ടിലോ മുറ്റത്തോ ഇരുന്ന് സംസാരിക്കുന്നതുപോലെ തോന്നും. അത്രയും വെൽക്കമിങ് എന്നു പറയാം. ചെന്നൈയിൽ ഞങ്ങളുടെ സൗഹൃദക്കൂട്ടായ്മയിലെ പതിവ് അന്തേവാസിയായിരുന്നു സം​ഗീതച്ചേച്ചി. പുതിയ സം​ഗീതസംവിധായകരിൽ ചേച്ചി ഒരുപക്ഷേ ഏറ്റവും കൂടുതൽ പാടിയത് എനിക്കുവേണ്ടിയാകണം. ട്രാക്ക് പാടാൻ വിളിച്ചാൽ ഒരു മടിയും കൂടാതെ വരും. ചേച്ചിക്ക് അത് പാടേണ്ട ആവശ്യമുണ്ടായിരുന്നില്ല. കാരണം കീരവാണിയെയും എ.ആർ.റഹ്മാനെയും പോലുള്ള ലെജൻഡുകളുടെ സം​ഗീതസംവിധാനത്തിൻകീഴിൽ പാടിയ ഒരാൾക്ക് ട്രാക്ക് പാടൽ കുറച്ചിലായി തോന്നാം. പക്ഷേ ചേച്ചിക്ക് ആ തോന്നലില്ലായിരുന്നു. പാടുക എന്നതുമാത്രമായിരുന്നു ലക്ഷ്യം. അതുകഴിയുമ്പോൾ കിട്ടുന്ന സംതൃപ്തിയാണ് ചേച്ചി ഏറ്റവും വലിയ പ്രതിഫലമായികണ്ടിരുന്നത്.  ചേച്ചിയുടെ ശബ്ദത്തിന്റെ ടോൺ വേറിട്ടതായിരുന്നു. നോർമൽ റേഞ്ചിലല്ല,കുറച്ചൊരു ബേസ് റേഞ്ചിലാണ് പാടാറ്. അതുതന്നെയായിരുന്നു ഏറ്റവും വലിയ പ്രത്യേകതയും. ആ ബേസ് റേഞ്ചിൽ പാടുന്നവരെക്കൊണ്ട് പാടിച്ചാൽ ചില പാട്ടുകൾക്ക് തനിമയും ആത്മാവുമൊക്കെ നന്നായി കൊടുക്കാൻ പറ്റും. അങ്ങനെ പാടുന്നവർ അപൂർവവുമാണ്. എന്നാൽ ആ ടോണിൽ പാടാൻ ചേച്ചിയ്ക്ക് അനായാസം സാധിക്കുമായിരുന്നു. ചേച്ചിയുടെ റേഞ്ചിൽ വരുന്ന ചില പാട്ടുകളുണ്ട്. അത് അസാധ്യമായി പാടും. അത്തരംപാട്ടുകൾ വരുമ്പോൾ എനിക്ക് ചേച്ചിയല്ലാതെ മറ്റൊരു ഓപ്ഷനുമില്ലായിരുന്നു. 'കുരുതി'യിൽ ഞങ്ങളൊരുമിച്ച് പാടിയ തീംസോങ് ഉദാ​ഹരണം. 'നേരുന്നത് പൂവുകളല്ലാ...കുന്നോളം ചോരയിതൾ..തന്നാലും ചെങ്കലിയേറെ....'എന്ന് ചേച്ചി പാടുന്നത് ഒന്നുകേട്ടുനോക്കൂ. അതിന്റെ അടുത്തവരി പോലെ 'ശക്തം...അതിശക്തം...!' നമുക്ക് ഒരുപാട് പാട്ടുകാരുണ്ട്. പക്ഷേ ബേസ് റേഞ്ചിൽ പാടുന്നവർ കുറവാണ്. ചിലപ്പോൾ അതൊരു ട്രെയിനിങ്ങിന്റെ ഭാ​ഗമായി കിട്ടുന്നതാകാം. എന്തായാലും ചേച്ചിക്ക് ആ കഴിവുണ്ടായിരുന്നു. പക്ഷേ ചേച്ചി അവസരങ്ങൾക്കായി ഒരിടത്തും ഇടിച്ചുകയറിയില്ല. അങ്ങനെയൊരു തിരക്കിൽ നിന്ന് എന്തുകൊണ്ടോ ഒഴിഞ്ഞുനിന്നു. എത്രയോ ഹിറ്റുപാട്ടുകൾ പാടിയ ആളാണ്. ഏതുലവലിൽ പാടിയ ആളാണ്! എന്നിട്ടും ചേച്ചി ആ പോപ്പുലാരിറ്റിയൊന്നും ഒരിടത്തും ഉപയോ​ഗിക്കാതെ,ആരോടും പരിഭവിക്കാതെ തന്റേതായ വഴിയേ പോയി. അവസാനം ആ രീതിയിൽതന്നെ ഈ ഭൂമിയിൽ നിന്നും യാത്രയായി. ചേച്ചിക്ക് അസുഖമാണെന്നുപോലും എനിക്കറിയില്ലായിരുന്നു. ഇങ്ങനെ അകാലത്തിൽ വിടപറഞ്ഞുപോയ കുറച്ചു സുഹൃത്തുക്കളുണ്ട്. അവരിലൊരാളാണ് സം​ഗീതച്ചേച്ചി. ചേച്ചിയുടെ വിയോ​ഗം എനിക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. ആ തരിപ്പ് ഇപ്പോഴും മാറിയിട്ടില്ല. നമ്മളെ എപ്പോഴും വിളിച്ച് ചിരിച്ച് കളിതമാശ പറയുന്ന ഒരാൾ ഇല്ലാതായെന്ന് വിശ്വസിക്കാൻ മനസ്സ് സമ്മതിക്കാത്തതുപോലെ. പേരിലും ജീവിതത്തിലും സം​ഗീതം നിറച്ചുവച്ച പ്രിയപ്പെട്ട ചേച്ചിക്ക് ഓർമപ്പൂക്കൾ.