മഞ്ജു വാരിയർ 'ഒരു രാത്രി കൂടി വിടവാങ്ങവേ' എന്ന ​ഗാനരം​ഗത്തിൽ സ്ക്രീൻ ​ഗ്രാബ്
Notes

ജീവിതത്തിൽ നിന്ന് പറന്നുപോയ മുഖങ്ങളെ തിരികെക്കൊണ്ടുവരുന്ന പാട്ട്

പ്രൊഫ. മധു വാസുദേവൻ

  • 'സമ്മർ ഇൻ ബത് ലഹേമി'ലെ 'ഒരു രാത്രി കൂടി വിടവാങ്ങവേ..' എന്ന ​ഗാനം ഉണർത്തുന്ന വികാരവിചാരങ്ങളെക്കുറിച്ചുള്ള കുറിപ്പ്

  • ​ഗിരീഷ് പുത്തഞ്ചേരി എഴുതി വിദ്യാസാ​ഗർ ഈണമിട്ട ​ഗാനത്തിലെ വരികളിലൂടെയുള്ള യാത്ര

ചില രാത്രികൾ വെറുതെ കടന്നുപോകാൻ കൂട്ടാക്കുകയില്ല, ഒളിച്ചുവച്ചിരിക്കുന്ന ഓർമകളെ വീണ്ടും ഉണർത്തുകയും ഇരുട്ടിൽ മറഞ്ഞുകിടക്കുന്ന ദു:ഖത്തെ വെളിച്ചത്തേക്കു വലിച്ചെറിയുകയും ചെയ്യും. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ദു:ഖത്തെ മറികടക്കാൻ ഞാൻ പലപ്പോഴും പാട്ടുകളെ ആശ്രയിച്ചിട്ടുണ്ട്. പക്ഷേ അതെപ്പോഴും വിജയിക്കാറില്ല. വേർപാടുകളുടെ വേദനയിൽനിന്നു മനസിനെ മോചിപ്പിക്കുവാൻ തിരഞ്ഞെടുക്കുന്ന പാട്ടുകൾതന്നെ വേദനയുടെ സങ്കീർത്തനങ്ങളായി മാറിപ്പോകുന്ന ദുരന്തത്തെ പലകുറി ഞാനും നേരിട്ടു. മറവിയെ ബലത്തിൽ വലിച്ചുതുറക്കുന്ന ക്രൂരത ഞാനും അനുഭവിച്ചു. എന്നിട്ടും അതേ പാട്ടുകൾ പിന്നെയും കേൾക്കാൻ എന്തുകൊണ്ടോ ഞാൻ താല്പര്യപ്പെട്ടുപോകുന്നു. അങ്ങനെയൊരു പാട്ടാണ്-

'ഒരു രാത്രി കൂടി വിടവാങ്ങവേ

ഒരു പാട്ടു മൂളി വെയിൽ വീഴവേ

പതിയെ പറന്നെൻ അരികിൽ വരും

അഴകിന്റെ തൂവലാണ് നീ...'

മഞ്ജു വാരിയരും സുരേഷ് ​ഗോപിയും 'ഒരു രാത്രി കൂടി വിടവാങ്ങവേ' എന്ന ​ഗാനരം​ഗത്തിൽ

ഓരോ വരിയിലും മിഴിനീർ മുത്തുകൾ ഉതിർന്നു വീഴുന്ന ഈ ഗാനത്തെ ഗിരീഷ് പുത്തഞ്ചേരിയുടെ മികച്ച ഭാവഗീതങ്ങളിൽ ഒന്നായി ഞാൻ കരുതുന്നു. ആഭേരിയുടെ രാഗഛായയിൽ വിദ്യാസാഗർ ഈണം നൽകിയിട്ടുള്ള വിഷാദഗാനം ഏതു കഠിനതയെയും തരളമാക്കും. യേശുദാസും ചിത്രയും ചേർന്നു പാടിയ യുഗ്മഗാനം എന്നതിനെക്കാൾ ഉണങ്ങാൻ പ്രയാസപ്പെടുന്ന മുറിവുകൾക്കു തീ കൊടുക്കുന്ന ആത്മഗാനമായി ഇതിനെ ഞാൻ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നു. വേദനയെ മനോഹരമായ ഒരു അനുഭവമാക്കി മാറ്റുന്ന ഗാനം, ഒരാൾ വൈകാരികമായി എത്രത്തോളം ദുർബലനാണെന്നു തിരിച്ചറിയാനും സഹായിക്കുന്നു.

​ഗിരീഷ് പുത്തഞ്ചേരി

ഹൃദയത്തെ ഭാരപ്പെടുത്തുന്ന ഓർമകളെ തിരിച്ചു കൊണ്ടുവരുന്ന സന്ദർഭമായി ഈ പാട്ടു കേൾക്കുന്നവർ ഏറെയുണ്ടാവണം. മടങ്ങിവരാൻ കഴിയാത്ത പഴയ കാലത്തെ മനസ്സിൽ പുനർജനിപ്പിക്കുന്ന പാട്ടിനെ മധുരമുള്ള നൊമ്പരമായി അവർ അനുഭവിക്കുന്നു. തീർച്ചയായും വിരഹികളുടെ മനസ്സുകളിൽ ഈ വരികൾ ഏൽപ്പിക്കുന്ന ക്ഷതം വളരെ വലുതാണ്. അതിൽ തകർന്നുപോയ ഒരാളെയെങ്കിലും എനിക്കറിയാം. അവൾ ജീവിതത്തിൽ ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത പാട്ടുകളുടെ വിചിത്ര സൂചികയിൽ ഒന്നാമതായി ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നു. ഇങ്ങനെ നീക്കിനിർത്താനും മാത്രം ഇതിൽ എന്താണെന്നു ഞാൻ ചോദിക്കാതിരുന്നില്ല. 'എനിക്കത് താങ്ങാനുള്ള ത്രാണിയില്ല' എന്ന വരിയിൽ പ്രതികരണം ഒതുങ്ങി. ഇതേ മാനസികവസ്ഥയിൽ ജീവിക്കാൻ വിധിക്കപ്പെട്ടവർ ഇനിയും പലരുമുണ്ടാവാം. വൈൻ നിറച്ചപ്പോഴേക്കും താഴെ വീണുടഞ്ഞ സ്ഫടികചഷകത്തെപ്പറ്റി ജലാലുദീൻ റൂമി എഴുതിയതിനെ ഞാൻ ഇവിടെ ഓർക്കുന്നു.

വിദ്യാസാ​ഗർ

തൂവലുകൾ അതിലോലവും മൃദുലവുമാണ്. സൂക്ഷിക്കാൻ ശ്രമിച്ചാലും കൈവിട്ടുപോകും. പിടിച്ചെടുക്കാൻ ശ്രമിച്ചാലോ പറന്നുപോവുകയും ചെയ്യും. എൻ്റെ ജീവിതത്തിൽ ഇതുപോലെ വന്നുപോയവരെ ഞാൻ ഓർക്കുന്നു- സുഹൃത്തുക്കൾ, പ്രിയപ്പെട്ടവർ, ഒരിക്കലും തിരിച്ചുവരാത്തവർ. എൻ്റെ ആത്മാവിനെ അവർ മൃദുവായി സ്പർശിച്ചിരുന്നു. അവർ വിടവാങ്ങിയ നിമിഷം പൊടുന്നനെ ഞാൻ ശൂന്യനായി. അത്തരം സന്ദർഭങ്ങളിൽ, വിടവാങ്ങൽ വെറും നഷ്ടം മാത്രമല്ല, കാലം കളിക്കുന്ന ഒരു നിശ്ശബ്ദ വഞ്ചനയായി എനിക്കു തോന്നി. ഇങ്ങനെ, ജീവിതത്തിൽനിന്നു പറന്നുപോയ മുഖങ്ങളെ 'ഒരു രാത്രികൂടി' എന്നിൽ തിരികെ കൊണ്ടുവരുന്നു. മെല്ലെ തൊട്ടുണർത്തി, എന്നെന്നേക്കുമായി മറഞ്ഞവർ നേർത്ത നിഴലുകളായി തിരിച്ചെത്തുകയായി. ക്ഷണികതയുടെ പ്രതീകമായ കിളിത്തൂവൽപോലെ അരികിലേക്കു പറന്നുവരുന്ന ഓർമകൾ പാട്ടിൽ പുനർനിർമിക്കപ്പെടുമ്പോൾ സ്വാഭാവികമായും ആസ്വാദകർ അവരുടെ വടുകെട്ടിയ ഭൂതകാലത്തെ അതിൽ അപ്രതീക്ഷിതമായി കണ്ടെത്തിയെന്നും വരാം. അതിനാൽ ഹൃദയഹാരിയായ സംഗീതത്തിനുപോലും സൗഖ്യപ്പെടുത്താൽ സാധിക്കാത്ത ശൂന്യത അവശേഷിപ്പിക്കുന്ന ഈ ഗാനാനുഭവത്തെ എനിക്കു മാത്രം അവകാശപ്പെട്ടതായി ഞാൻ ഒരിക്കലും വിചാരിക്കുകയില്ല.

മഞ്ജു വാരിയരും സുരേഷ് ​ഗോപിയും 'ഒരു രാത്രി കൂടി വിടവാങ്ങവേ' എന്ന ​ഗാനരം​ഗത്തിൽ

രാത്രി മുഴുവൻ നമ്മെ പിന്തുടർന്ന ഓർമ്മകൾ വെളിച്ചം കടന്നെത്തുമ്പോൾ തുഷാരബിന്ദുക്കൾപോലെ അലിഞ്ഞുപോകും. വിടവാങ്ങൽ ഇങ്ങനെയാണ്, അത് അലറി വിളിക്കുന്നില്ല. മന്ത്രിക്കുന്നുമില്ല. പതുക്കെ വാർന്നുപോകുന്നു. പിന്നീടൊരിക്കൽ നമ്മൾ ഓരോരുത്തരും തിരിച്ചറിയുന്നു- 'ഞാൻ തനിച്ചായിരിക്കുന്നു'. ഹൃദയം ഒരു സ്വപ്നംതേടി മരുഭൂമിയിലൂടെ പ്രയാണംചെയ്യുന്നതിനെക്കുറിച്ചു പാടുന്ന പല്ലവിയിൽ ഇതിനെ ഇങ്ങനെ വ്യക്തമാക്കുന്നു-

'പലനാളലഞ്ഞ മരുയാത്രയിൽ

ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ,

മിഴികൾക്കുമുമ്പിൽ ഇതളാർന്നു നീ

പിരിയാനൊരുങ്ങി നിൽക്കയോ?'

സുരേഷ് ​ഗോപി 'ഒരു രാത്രി കൂടി വിടവാങ്ങവേ' എന്ന ​ഗാനരം​ഗത്തിൽ

പൊരിവെയിലിൽ അലയുന്ന ഒരു സഞ്ചാരിയുടെ ചിത്രം ഈ വരികളിൽ തെളിയുന്നു. അയാൾ ഒരു തുള്ളി സ്നേഹജലത്തിനുവേണ്ടി പിടയുന്നു. അകലെ മിന്നിത്തിളങ്ങുന്ന മരീചികയെ വിശ്വസിച്ചുകൊണ്ട് മുന്നോട്ടുനടക്കുന്നു. അടുത്തെത്തുമ്പോൾ യാതൊന്നുമില്ല. ഈ പ്രതീകം എനിക്കും പ്രിയപ്പെട്ടതാണ്. ജീവിതയാത്രയിൽ ഒരു തുള്ളി വെള്ളത്തിനായി, ഒരു ആർദ്ര സ്പർശത്തിനായി ഞാനും അനന്തമായി കാത്തുനിന്നിട്ടുള്ളവനാണല്ലോ. ചിലപ്പോൾ തോന്നും സ്വപ്നം സഫലമായിരിക്കുന്നു. പിന്നെ തിരിച്ചറിയും, വെറും വിഭ്രമമായിരുന്നു. എം.ടി. എഴുതിയിട്ടുണ്ട്, 'ഇതാ കൈക്കുമ്പിളിൽ ഇരിക്കുന്നു എന്ന ദൃഢ വിശ്വാസത്തിൽപോലും വേർപാടിന്റെ വിത്തുകൾ ഒളിഞ്ഞിരിക്കുന്നു.' ഇതുതന്നെയാണ് ജീവിതത്തിന്റെ ക്രൂരസംഗീതം. ഓരോ സന്തോഷത്തിലും ദുരന്തം തുന്നിവച്ചിരിക്കുന്നു. ഓരോ മഴത്തുള്ളിയിലും വരൾച്ച പതുങ്ങിയിരിക്കുന്നു. ഓരോ പ്രഭാതത്തിലും സന്ധ്യ മറഞ്ഞിരിക്കുന്നു. ഓരോ പൂവിലും കൊഴിഞ്ഞുവീഴേണ്ട സമയം രേഖപ്പെടുത്തിയിരിക്കുന്നു. അതല്ലേ പ്രണയത്തിന്റെ സൗന്ദര്യവും! ഒരു പകൽനേരത്തേക്കു മാത്രമായി നിലനിന്നാൽപോലും അതിൽനിന്നു ലഭിക്കുന്ന വെളിച്ചം ഇരുണ്ട മരുഭൂമിയിലൂടെ ഭയപ്പാടില്ലാതെ നടക്കാൻ ധൈര്യം നൽകുന്നു. പനിനീർ പുഷ്പം വാടിപ്പോയാലും, സുഗന്ധത്തിന്റെ ഓർമ മനസ്സിൽ ശാശ്വതമായി നിലനിൽക്കുമെന്ന് പേർസ്യൻ കവി ഹഫീസ് ഷീറാസും പ്രണയം ഒരു പക്ഷിയുടെ ചിറകടിപോലെയാണെങ്കിൽ അതു നൽകുന്ന ആഹ്ളാദം ആ പക്ഷി പറക്കുന്ന ആകാശംപോലെയാണെന്ന് പാബ്ലോ നെരൂദയും എഴുതിയതിനെ ഇവിടെ ഞാൻ ഓർത്തുകൊള്ളട്ടെ.

മഞ്ജു വാരിയർ 'ഒരു രാത്രി കൂടി വിടവാങ്ങവേ' എന്ന ​ഗാനരം​ഗത്തിൽ

'മലർമഞ്ഞു വീണ വനവീഥിയിൽ

ഇടയന്റെ പാട്ട് കാതോർക്കവേ

ഒരു പാഴ്കിനാവിലുരുകുന്നൊരെൻ

മനസിന്റെ പാട്ട് കേട്ടുവോ?'

ഈ വരികൾ ഹൃദയത്തിൽ നിറയുമ്പോൾ മരങ്ങളിൽനിന്ന് വെളുത്ത പൂക്കൾപോലെ ഹിമകണങ്ങൾ കൊഴിഞ്ഞുവീഴുന്ന അതീവ ശാന്തമായ ഒരു വനപാത മുന്നിൽ തെളിയുന്നു. ദൂരെയെങ്ങോ ഒരു ഇടയൻ പാടുന്ന പാട്ട് കാറ്റിൽ ഒഴുകിയെത്തുന്നു. അതിൽനിന്നു പ്രചോദനംകൊള്ളുന്ന കവിയുടെ ഹൃദയത്തിൽ മറ്റൊരു മധുരഗാനം പിറവിയെടുക്കുന്നു. പ്രകൃതിയും മനുഷ്യജീവിതവും തമ്മിലുള്ള വൈകാരികബന്ധം ഇഴചേർന്ന പാട്ടിൽ ആനന്ദത്തിനും യാഥാർഥ്യത്തിനും ഇടയിലുള്ള അകലം നേർത്തുപോകുന്നു. പാഴാകുന്ന സ്വപ്നങ്ങൾ, നിറവേറാത്ത ആഗ്രഹങ്ങൾ, മങ്ങിപ്പോയ പ്രതീക്ഷകൾ എന്നിവയുടെ സമന്വയത്തിലൂടെ ജനിക്കുന്ന സംഗീതം പുറംലോകവും ഉള്ളിലെ ലോകവും തമ്മിലുള്ള വ്യത്യാസത്തെ സൂചിപ്പിക്കുന്നു. അതിൽ നഷ്ടബോധവും നിശ്ശബ്ദ വേദനയും വിങ്ങുന്നുണ്ട്.

പ്രൊഫ. മധു വാസുദേവൻ

പാട്ടിൽ തുറന്നുവച്ചിട്ടുള്ള പ്രകൃതിദൃശ്യങ്ങൾ ചില ശാശ്വത സത്യങ്ങൾ ഓർമിപ്പിക്കുന്നു- പൂക്കൾ വിടരുന്നത് കൊഴിയാനാണ്. ഈണങ്ങൾ മാഞ്ഞുപോകാനുള്ളതാണ്. ഒരാൾ ജീവിതത്തിലേക്കു കടന്നുവരുന്നത് ഒരിക്കൽ വിട പറയാനാണ്. ഈ ലോകത്തു കാണുന്ന ഒന്നും പൂർണമായും നമ്മുടെ ഉടമസ്ഥതയിലല്ല. ഇതിനെ ഞാൻ നിരാശയായി കാണുന്നില്ല. ഓരോ നിമിഷത്തെയും കൂടുതൽ ആഴത്തിൽ സ്നേഹിക്കാനുള്ള പ്രചോദനം ഇതിൽനിന്നു ലഭിക്കുന്നുണ്ട്. വീണപൂക്കൾ നിറഞ്ഞ വഴിയിലൂടെ നടക്കുമ്പോൾ ഓരോ ചുവടും ഓർമകളിലേക്കു തിരികെ കൊണ്ടുപോകുന്നു. വനവീഥിയിൽ കേൾക്കുന്ന ഇടയഗാനം അതിരുകളെ മായിച്ചുകളയുന്നു. നഷ്ടപ്പെട്ട സ്വപ്നങ്ങളും അനുഭവങ്ങളും അഗാധതയിൽ മുഴങ്ങുന്ന ഒരു ഗാനമായി മാറുന്നു. എന്നാൽ ആ വിഷാദഗീതം ആരും ഇതുവരെ കേട്ടിട്ടുള്ളതല്ല. അതുകൊണ്ടാണ് വൈലോപ്പിള്ളി ചോദിച്ചതുപോലെ, 'എന്നുടെയൊച്ച കേട്ടുവോ വേറിട്ട്' എന്നു ചോദിക്കേണ്ടിവരുന്നത്.

'ഒരു രാത്രി കൂടി വിടവാങ്ങവേ' ​ഗാനരം​ഗത്തിൽ മഞ്ജു വാരിയർ

തുടർന്നുള്ള വരികളിൽ ജീവിതത്തിൻ്റെ ഇരുൾ നിറഞ്ഞ ഇടനാഴികളിൽ തെളിയുന്ന പ്രതീക്ഷയുടെ വിളക്കിനെക്കുറിച്ചു പറയുന്നു. അതിൽനിന്ന് കരുണ നിറഞ്ഞ പ്രകാശം പ്രസരിക്കുന്നു. അതീവ ദുർബലമായ തിരിനാളം ഒരു ചെറിയ കാറ്റിൽപോലും അണഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. അപ്പോഴും പ്രതീക്ഷയുടെ രൂപകമായ ദീപം കെടാതെ സൂക്ഷിക്കാനുള്ള തീവ്രമായ ആഗ്രഹം പാട്ടിൽ തെളിഞ്ഞുനിൽക്കുന്നു.

'നിഴൽ വീഴുമെൻ്റെ ഇടനാഴിയിൽ

കനിവോടെ പൂത്ത മണിദീപമേ,

ഒരു കുഞ്ഞുക്കാറ്റിലണയാതെ നിൻ

തിരിനാളമെന്നും കാത്തിടാം.'

മഞ്ജു വാരിയർ ഒരു രാത്രി കൂടി വിടവാങ്ങവേ എന്ന ​ഗാനരം​ഗത്തിൽ

അന്ധകാരത്തിൽ പെട്ടുപോകാതെ നമ്മുടെ ഹൃദയബന്ധങ്ങളെയും സ്വപ്നങ്ങളെയും വഴിനടത്തുവാൻ ഈ മണിവിളക്കിനു സാധിക്കുമെന്ന വിശ്വാസം ഇതിൽ അടങ്ങിയിരിക്കുന്നു. ഇരുളിനെ വെല്ലുവിളിച്ചു നിൽക്കുന്ന ആ ചെറിയ ദീപത്തെ കാത്തുസൂക്ഷിക്കുന്നതിലാണ് ജീവിതത്തിൻ്റെ യഥാർഥ സൗന്ദര്യവും സത്യവുമിരിക്കുന്നത്. നേർത്ത കാറ്റിൽപോലും അണഞ്ഞുപോയേക്കാവുന്ന വെളിച്ചം, എത്ര നനുത്തതാണെങ്കിൽപ്പോലും, വിഷാദത്തെ അതിജീവിക്കാൻ നമ്മളെ സഹായിക്കുന്നു. അതുകൊണ്ട്, ആ ചെറിയ തിരിനാളത്തെ കാത്തുസൂക്ഷിക്കുന്നത് കേവലം ഒരു കടമയല്ല, ജീവിതത്തിലെ ഓരോ നിമിഷത്തിനും അഴകും അർഥവും നൽകുന്ന ഒരു പ്രവൃത്തിയാണ്. ഈ വരികൾ അതുകൊണ്ടുതന്നെ സ്വയം ഒരു പ്രാർഥനയായി മാറുന്നു. പ്രതിസന്ധികളിലും നഷ്ടങ്ങളിലും പ്രതീക്ഷയുടെ വെളിച്ചം നിലനിർത്താനുള്ള ഒരു വാഗ്ദാനമായും അതിനെ ഞാൻ കേൾക്കുന്നു. അതിനെ കരുതലോടെ കൊണ്ടുനടക്കാനുള്ള ശ്രമമാണ് ജീവിതത്തെ സുന്ദരമാക്കുന്നതെന്ന പാഠം ഈ ഗാനം പകർന്നുതരുന്നു. സ്പാനിഷ് കവി ലോർക്ക പറഞ്ഞതുപോലെ, 'ഇരുട്ടിൽ ആരെങ്കിലും പാടിക്കൊണ്ടിരുന്നാൽ, സ്നേഹത്തിൻ്റെ വെളിച്ചം ഒരിക്കലും മായുകയില്ല.'

മഞ്ജു വാരിയർ ഒരു രാത്രി കൂടി വിടവാങ്ങവേ എന്ന ​ഗാനരം​ഗത്തിൽ

'ഒരു രാത്രികൂടി വിടവാങ്ങവേ' എന്ന മനോഹരഗാനം ഒരാളുടെ മാത്രം അനുഭവമല്ല, മനുഷ്യരുടെ പൊതുവായ സത്യമാണ്. ഈ ഗാനം കേൾക്കുമ്പോൾ നഷ്ടപ്പെട്ട സൗഹൃദങ്ങളും പാതിവഴിയിൽ നിലച്ചുപോയ ബന്ധങ്ങളും മരണത്തിലൂടെ വേർപിരിഞ്ഞ പ്രിയപ്പെട്ടവരും നമ്മുടെ ഒരു നൊമ്പരമായി മനസ്സിലേക്കു മടങ്ങിയെത്തുന്നു. ഓരോ ഏകാന്ത രാത്രിയുടെയും ഭാരം നമ്മളിൽ പതിയെ ഇറക്കിവയ്ക്കുന്നു. വേദനയെ ഒട്ടും മറച്ചുവെക്കാൻ ശ്രമിക്കാത്ത ഈ ഗാനം ഏറ്റവും വലിയ ജീവിതയാഥാർഥ്യം വെളിപ്പെടുത്തുന്നു- ജീവിക്കുക എന്നതിനർഥം നഷ്ടങ്ങളെയും ഉൾക്കൊള്ളുക എന്നതാണ്. അതുകൊണ്ടാണ് 'ഒരു രാത്രികൂടി വിടവാങ്ങവേ' കേൾക്കുമ്പോഴെല്ലാം ദു:ഖംപോലും ഒരു സാന്ത്വനമായി മാറുന്നത്.

മഞ്ജു വാരിയർ 'ഒരു രാത്രി കൂടി വിടവാങ്ങവേ' എന്ന ​ഗാനരം​ഗത്തിൽ

അഞ്ചു മിനിറ്റിൽ അവസാനിക്കുന്ന 'ഒരു രാത്രികൂടി വിടവാങ്ങവേ' ജീവിതത്തെക്കുറിച്ച് ഇങ്ങനെ ചില നല്ല പാഠങ്ങൾ തരുന്നുണ്ട്- ക്ഷണികതതന്നെയാണ് ജീവിതത്തിൻ്റെ സൗന്ദര്യം. ഓരോ വിടവാങ്ങലിലൂടെയും നമ്മൾ അതിൻ്റെ മൂല്യം തിരിച്ചറിയുന്നു. ഓരോ നഷ്ടത്തിലൂടെയും സ്നേഹത്തിൻ്റെ സാന്ദ്രത മനസ്സിലാക്കുന്നു. ഓരോ വേദനയും നമ്മളെ കൂടുതൽ വിശുദ്ധരാക്കുന്നു. ഈ ഗാനത്തിനു നൽകിയിട്ടുള്ള സംഗീതം ഒരു നല്ല സുഹൃത്തിനെപ്പോലെയാണ്. അതൊരിക്കലും ദുഃഖം മായിച്ചുകളയാൻ ശ്രമിക്കുന്നില്ല, പകരം ഏതു ദുഃഖത്തിലും കൈകളിൽ മുറുകെ പിടിച്ച് മുന്നോട്ടു നടക്കാൻ ധൈര്യം നൽകുന്നു. ശൂന്യതയിൽപോലും തനിച്ചല്ലെന്ന് ഓർമിപ്പിക്കുന്നു. കാരണം, വിടവാങ്ങൽ ഒരിക്കലും ഒരവസാനമാകുന്നില്ല, അതെപ്പോഴും ഒരു തുടക്കമാണ് - തിരിച്ചറിവിൻ്റെയും പുതിയ കാഴ്ചപ്പാടുകളുടെയും. സ്നേഹവും ബന്ധങ്ങളും സ്വന്തമാണെന്നു കരുതുന്ന നിമിഷംതന്നെ മാഞ്ഞുപോയേക്കാം. ജീവിതംപോലും ഒരു പാഴ്ക്കിനാവായി അനുഭവപ്പെട്ടേക്കാം. എന്നാൽ അതിനുള്ളിൽ വേദനയുടെ ഹൃദ്യസംഗീതമുണ്ട്. ആ മായാസംഗീതം നമ്മളെ പരസ്പരം ബന്ധിപ്പിക്കുന്നു, ഹൃദയവിശുദ്ധിയുള്ള മനുഷ്യരാക്കി മാറ്റിയെടുക്കുന്നു.