ദേവ ഫോട്ടോകടപ്പാട്-വിക്കിപ്പീഡിയ
Beats

സംഗീതസംവിധായകന്‍ ദേവ അന്തരിച്ചു

പപ്പപ്പ റിപ്പോര്‍ട്ടര്‍

'തേനിസൈ തെന്‍ട്രല്‍' എന്ന് അറിയപ്പെട്ടിരുന്ന സുപ്രസിദ്ധ സംഗീതസംവിധായകന്‍ ദേവ (75) അന്തരിച്ചു. ഇന്നു രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. രാവിലെ എട്ടരയോടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈയിലെ സൂര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

1950 നവംബര്‍ 20-ന് ആണ് ദേവാനേശന്‍ ചോക്കലിംഗം എന്ന ദേവ ജനിച്ചത്. മൂന്നു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയറില്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നൂറുകണക്കിന് ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.

തമിഴ് സിനിമയില്‍ നാടന്‍ പാട്ടുകളുടെയും നാടോടി സംഗീതത്തിന്റെയും വേരുകളുള്ള ഗാനങ്ങളും മുഖ്യധാര സിനിമയിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു. ഒരേസമയം ജനപ്രിയ ഗാനങ്ങളും ഹൃദ്യമായ പ്രണയഗാനങ്ങളും ഒരുക്കിക്കൊണ്ട് തന്റെ ബഹുമുഖ പ്രതിഭ തെളിയിച്ചു.

അണ്ണാമലൈ, ബാഷ, ആസൈ, കാതല്‍ കോട്ടൈ, ഖുഷി തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. 1990-കളിലെ തമിഴ് സിനിമാ സംഗീത ലോകത്തെ നിര്‍ണായക സാന്നിധ്യമായിരുന്നു ദേവ.

ദേവ

തമിഴ്‌നാട് സര്‍ക്കാരിന്റെ 'കലൈമാമണി' പുരസ്‌കാരവും, 'ആസൈ' എന്ന ചിത്രത്തിലെ സംഗീതത്തിന് മികച്ച സംഗീതസംവിധായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.