സുഷിന്‍ ശ്യാം ഫോട്ടോ-അറേഞ്ച്ഡ്
Beats

അനിരുദ്ധിനും സായ് അഭ്യങ്കറിനും വെല്ലുവിളിയാകുമോ?തമിഴകം പിടിക്കാന്‍ സുഷിന്‍ ശ്യാം

പപ്പപ്പ ഡസ്‌ക്‌

മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം ഇനി കോളിവുഡിലേക്ക്. 'രോമാഞ്ച'ത്തിനും 'ആവേശ'ത്തിനും ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം 'സൂര്യ 47'-ലൂടെയാണ് സുഷിന്റെ തമിഴ് അരങ്ങേറ്റം. പ്രഖ്യാപനം മുതല്‍ക്കേ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ഹൈപ്പ് സൃഷ്ടിച്ച പ്രോജക്റ്റാണിത്. എന്നാല്‍, ഈ തമിഴ് എന്‍ട്രി തനിക്ക് വലിയൊരു വെല്ലുവിളിയാണെന്നാണ് സുഷിന്‍ വ്യക്തമാക്കുന്നത്.

ചിദംബരം സംവിധാനം ചെയ്ത 'ബാലന്‍' എന്ന ചിത്രത്തിനു ശേഷം സുഷിന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രമാണ് സൂര്യ 47. മുന്‍ ചിത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ശൈലിയിലായിരിക്കും ഇതെന്നാണ് സുഷിന്‍ നല്‍കുന്ന സൂചന. പൂര്‍ണമായും മാസ് കൊമേര്‍ഷ്യല്‍ എന്റര്‍ടൈനര്‍ മൂഡിലുള്ള പാട്ടുകളായിരിക്കും ചിത്രത്തിലുണ്ടാവുക.

'സൂര്യ 47' പൂജാ ചടങ്ങിൽ സൂര്യ,ജിത്തു മാധവൻ,ന​സ്‌​ലി​ൻ,നസ്രിയ ജിത്തുമാധവന്റെ ഭാര്യയും സംവിധായികയുമായ ഷിഫ്ന ബബിൻ പാക്കർഎന്നിവർക്കൊപ്പം സുഷിൻ ശ്യാം

തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ 'ആവേശം' സിനിമയുടെ അതേ എനര്‍ജി ലെവല്‍ ഈ ചിത്രത്തിലും പ്രതീക്ഷിക്കാം. എന്നാല്‍ ആവേശം ആവര്‍ത്തിക്കാതെ, തമിഴ് പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞ് തികച്ചും പുതുമയുള്ള ഈണങ്ങള്‍ ഒരുക്കുക എന്നത് തനിക്ക് മുന്നിലുള്ള വലിയൊരു ടാസ്‌ക് ആണെന്ന് സുഷിന്‍ തുറന്നുപറഞ്ഞു.

'സൂര്യ 47' പോസ്റ്റർ

സൂര്യയുടെ കരിയറിലെ 47-ാമത് ചിത്രമായ ഇത് ഒരു പക്കാ ആക്ഷന്‍ കോമഡി എന്റര്‍ടെയ്നറാണ്. ചിത്രത്തില്‍ സൂര്യ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരിക്കും എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നസ്രിയ നസീം, ന​സ്‌​ലി​ൻ എന്നിവരും പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്ന ചിത്രം സൂര്യയുടെയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ കമ്പനിയാണ് നിര്‍മിക്കുന്നത്.