വേറിട്ട ആലാപന ശൈലി കൊണ്ടും ശക്തമായ തീമുകളിലുള്ള പാട്ടുകള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ട ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി. കലേഷ് ഗോവിന്ദനാണ് വരന്‍. വിവാഹിതയായ വിവരം ഗൗരി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. വിവാഹചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ സിനിമാ-സംഗീത മേഖലയിലെ പ്രമുഖരും ആരാധകരും ഉള്‍പ്പെടെ നിരവധി പേരാണു ആശംസകളുമായി രംഗത്തെത്തുന്നത്.
സ്വതന്ത്ര സംഗീതത്തിലും സിനിമയിലും തിളങ്ങിയ പ്രതിഭ കേവലം പതിമൂന്നാം വയസില്‍ കാസനോവ എന്ന സിനിമയിലാണ് ആദ്യം പ്രവര്‍ത്തിച്ചത്. പിന്നീട് ഗോദ എന്ന ചിത്രത്തിലെ 'ആരോ നെഞ്ചില്‍..' എന്നു തുടങ്ങുന്ന മനോഹരഗാനം ഗൗരിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റി. സിനിമകള്‍ക്ക് പുറമെ ഗൗരിയുടെ സ്വതന്ത്ര സംഗീത ആല്‍ബങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ആസ്വാദകര്‍ക്കിടയില്‍ ലഭിക്കാറുള്ളത്.
ചുരുങ്ങിയ കാലം കൊണ്ടു നിരവധി ലൈവ് സ്റ്റേജ് ഷോകളിലൂടെയും ഗൗരി ശ്രദ്ധേയയായി. സോഷ്യല്‍ മീഡിയയിലും ഗൗരിയുടെ പാട്ടുകള്‍ തരംഗമാണ്. 2024ല്‍ പുറത്തിറങ്ങിയ 'എന്റെ പേര് പെണ്ണ്..' എന്ന് തുടങ്ങുന്ന ഗാനം വലിയ ചര്‍ച്ചകള്‍ക്കും സാമൂഹിക പ്രാധാന്യമുള്ള സംവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇത് കൂടാതെ ഗൗരിയുടെ വേറിട്ട ആലാപനത്തില്‍ പുറത്തുവന്ന 'കാളി', 'ഹരിവരാസനം' എന്നിവയുടെ കവര്‍ വേര്‍ഷനുകളും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളവയാണ്.