മലയാളത്തിന്റെ മഹാനടൻ മോഹൻലാലും പ്രശസ്ത അമേരിക്കൻ ഡിജെ സംഗീതജ്ഞരായ 'ചെയിൻസ്മോക്കേഴ്സും' ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുന്നു. അമേരിക്കയിൽ പര്യടനം നടത്തുന്ന മോഹൻലാൽ, ചെയിൻസ്മോക്കേഴ്സിന്റെ ലൈവ് ഷോ കാണാൻ എത്തിയതായിരുന്നു. ലോകപ്രശസ്തരായ ഈ സംഗീത പ്രതിഭകളുമായുള്ള ലാലിന്റെ കൂടിക്കാഴ്ച അദ്ദേഹം എപ്പോഴും ഉപയോഗിക്കുന്ന വാക്കുപോലെ വിസ്മയമായി.
'ഒരു പുതിയ കൂട്ടുകാരനെ ലഭിച്ചു' എന്ന അടിക്കുറിപ്പോടെയാണ് അലക്സ് പാലും ഡ്രൂ ടാഗാർട്ടും മോഹൻലാലിനൊപ്പമുള്ള ചിത്രം തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചത്. ഷോയ്ക്ക് മുന്നോടിയായി നടന്ന കൂടിക്കാഴ്ചയിൽ താരങ്ങൾ തമ്മിൽ ഏറെനേരം സംസാരിക്കുകയും ചെയ്തു. ചെയിൻസ്മോക്കേഴ്സിനൊപ്പമുള്ള ചിത്രം 'സിനിമ സംഗീതത്തെ കണ്ടുമുട്ടിയ മനോഹരനിമിഷം' എന്ന അടിക്കുറിപ്പോടെ മോഹൻലാലും സോഷ്യൽമീഡിയയിൽ പങ്കുവച്ചു. ലാലിന്റെ ഭാര്യ സുചിത്രയും ഫോട്ടോയിലുണ്ട്.
അലക്സാണ്ടർ 'അലക്സ്' പാൽ, ആൻഡ്രൂ 'ഡ്രൂ' ടാഗാർട്ട് എന്നിവരടങ്ങുന്ന അമേരിക്കൻ ഡിജെ, പ്രൊഡക്ഷൻ സംഘമാണ് 'ദ് ചെയിൻസ്മോക്കേഴ്സ്'. ഇൻഡി ആർട്ടിസ്റ്റുകളുടെ പാട്ടുകളുടെ റീമിക്സുകൾ പുറത്തിറക്കിയാണ് അവർ തുടക്കമിട്ടത്. ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് (ഇഡിഎം) രംഗത്തെ മുൻനിരക്കാരായ ചെയിൻസ്മോക്കേഴ്സിനൊപ്പം പ്രിയതാരത്തെ കണ്ടത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു. 'ലൂസിഫർ' സിനിമയിലെ സ്റ്റീഫൻ നെടുമ്പള്ളിയെ ഓർമിപ്പിച്ചുകൊണ്ട്, 'സ്റ്റീഫൻ എനിക്ക് നിങ്ങളെ മനസിലാകുന്നില്ല 'തുടങ്ങിയ രസകരമായ കമന്റുകളുമായി ആരാധകർ ഒത്തുചേരൽ ആഘോഷമാക്കി.
2014-ൽ പുറത്തിറങ്ങിയ 'സെൽഫി’ എന്ന ഗാനത്തിലൂടെയാണ് ചെയിൻസ്മോക്കേഴ്സ് ആഗോളതലത്തിൽ ശ്രദ്ധ നേടിയത്. തുടർന്ന് ‘ക്ലോസർ’, ‘ഡോണ്ട് ലെറ്റ് മീ ഡൗൺ’, ‘സംതിങ് ലൈക്ക് ദിസ്’ തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങൾ ഇവർ പുറത്തിറക്കി. നേരത്തെ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ സംഗീതനിശ നടത്തിയിട്ടുള്ള ഗ്രൂപ്പിന് വലിയൊരു ആരാധകവൃന്ദം ഇന്ത്യയിലുണ്ട്.