കൈതപ്രവും ഇളയരാജയും ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Beats

കൈതപ്രവും ഇളയരാജയും വീണ്ടും,കഥയുടെ പശ്ചാത്തലം മൂകാംബികാക്ഷേത്രം

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട ​ഗാനരചയിതാവ് കൈതപ്രവും ഇസൈജ്ഞാനി ഇളയരാജയവും വീണ്ടും ഒത്തുചേരുന്നു. അനിൽ നാ​ഗേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായാണ് പാട്ടുപ്രേമികളുടെ പ്രിയപ്പെട്ട കൂട്ടുകെട്ടിന്റെ ഒന്നിക്കൽ. ഇളയരാജയ്ക്ക് ജന്മദിനാശംസ നേർന്ന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ കൈതപ്രം തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്.

കൈതപ്രത്തിന്റെ കുറിപ്പിന്റെ പൂർണരൂപം:

രാജാസാർ സംഗീതത്തിന്റെ അഭൗമ ചൈതന്യമാണ്. അദ്ദേഹത്തിന്റെ കൂടെ ഇരുന്ന് എഴുതുക എന്നത് ഒരു ഊർജ്ജമാണ്. അദ്ദേഹം സംഗീതം ചെയ്ത ഒരുപാട് ഗാനങ്ങൾ എഴുതി. അതിൽ എന്തുകൊണ്ടോ കൂടുതലിഷ്ടം 'കടൽ കാറ്റിൻ നെഞ്ചിൽ, കടലായി വളർന്ന..' എന്ന ഗാനമാണ്. മൂകാംബിക ക്ഷേത്രസംബന്ധിയായ, അനിലിന്റെ (അനിൽ നാഗേന്ദ്രൻ) ചിത്രത്തിൽ വീണ്ടും ഞങ്ങൾ ഒത്തുചേരുകയാണ്. സത്യൻ അന്തിക്കാടിന്റെ 'പുതിയ തീരത്തിലെ' ഗാനവും എനിക്കിഷ്ടമാണ്. 'നാൻ കൊഞ്ചം രത്തം താൻ കൊടുത്തത്. അത്ക്ക് ലൈഫ് കൊടുത്തത് ഇവർ താൻ' എന്ന് എന്റെ നേരെ നോക്കി പറഞ്ഞത്, എന്നെ ആനന്ദിപ്പിച്ചു. ആരാണത് പറഞ്ഞത്. എന്റെ രാജാസാർ.

കൈതപ്രത്തിന്റെ വീട്ടിലെത്തിയപ്പോൾ മകൻ ദീപാങ്കുരനെ പാട്ടുപഠിപ്പിക്കുന്ന ഇളയരാജ

കോഴിക്കോട്ടെ എന്റെ വീട്ടിൽ അദ്ദേഹം അതിഥിയായി വന്നിട്ടുണ്ട്. ഒരു രാജാവ് എഴുന്നള്ളിയ പോലെ ഞങ്ങൾ സ്വീകരിച്ചു. എന്റെ മകൻ ദീപുവിന് 'സദാ സദാ' എന്ന അദ്ദേഹത്തിന്റെ സ്വന്തം കൃതി പഠിപ്പിച്ച് പാടിച്ചത് അവന് കിട്ടിയ ദൈവാനുഗ്രഹമായി ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ഞങ്ങൾ കുടുംബസമേതം ആ പാദങ്ങളിൽ നമസ്കരിക്കുന്നു.

'എന്റെ സൂര്യപുത്രിക്ക്', 'കളിയൂഞ്ഞാൽ', 'ഫ്രണ്ട്സ്', 'പുതിയ തീരങ്ങൾ' തുടങ്ങിയ ചിത്രങ്ങളിൽ കൈതപ്രവും ഇളയരാജയും ചേർന്നൊരുക്കിയ ഗാനങ്ങൾ ഏറെ ശ്രദ്ധേയമാണ്.