'ഓപ്പറേഷന്‍ ത്രാള്‍'എന്ന ചിത്രത്തിലെ 'ജയ് ​ഹോ' ലിറിക്കൽ വീഡിയോയിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Beats

'ധുരന്ധര്‍' ​ഗായകന്റെ ശബ്ദത്തിൽ 'ജയ് ഹോ'യുമായി ജയസൂര്യയുടെ 'ഓപ്പറേഷന്‍ ത്രാള്‍'

പപ്പപ്പ ഡസ്‌ക്‌

ജയസൂര്യയെ നായകനാക്കി രതീഷ് വേഗ സംവിധാനം ചെയ്യുന്ന മിലിട്ടറി ആക്ഷന്‍ ചിത്രം 'ഓപ്പറേഷന്‍ ത്രാളി'ലെ ആദ്യ ഗാനം പുറത്തിറങ്ങി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പുറത്തുവിട്ട 'ജയ് ഹോ' എന്ന് തുടങ്ങുന്ന ഹിന്ദി ഗാനം രാജ്യത്തിന്റെ അഭിമാനവും വീര്യവും വിളിച്ചോതുന്ന ശക്തമായ ദേശഭക്തി ഗാനമാണ്.

ചിത്രത്തിന്റെ സംവിധായകനായ രതീഷ് വേഗ തന്നെയാണ് ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. 'ധുരന്ധര്‍: ദ് റിവെഞ്ച്' എന്ന ചിത്രത്തിലെ 'ആരി ആരി' എന്ന ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയനായ സുധീര്‍ യദുവംശിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇര്‍ഷാദ് ദലാലിന്റേതാണ് വരികള്‍.

ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് 'ഓപ്പറേഷന്‍ ത്രാള്‍'. കാശ്മീരില്‍ തീവ്രവാദികള്‍ നടത്തുന്ന വിനാശകരമായ കോണ്‍വോയ് ആക്രമണവും തുടര്‍ന്നു നടക്കുന്ന ഇന്റലിജന്‍സ് ഓപ്പറേഷനുകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹര്‍ഷവര്‍ധന്‍ എന്ന എന്‍ഐഎ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ജയസൂര്യ ചിത്രത്തിലെത്തുന്നത്.

'ഓപ്പറേഷന്‍ ത്രാള്‍'എന്ന ചിത്രത്തിലെ 'ജയ് ​ഹോ' ലിറിക്കൽ വീഡിയോയിൽ നിന്ന്

റിതിക സിങ്, മുരളി ശര്‍മ, വിനയ് റായ്, സിദ്ദിഖ്, സായ് കുമാര്‍, നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, കാവ്യ ഷെട്ടി, ആന്‍സണ്‍ പോള്‍, സിറാജുദ്ദീന്‍ എന്നിവര്‍ക്ക് പുറമേ വിക്രം കൊച്ചാര്‍, യാഷ് പാല്‍ ഗേര, മിര്‍ സര്‍വാര്‍ തുടങ്ങിയ പ്രമുഖ ഹിന്ദി താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കേരളത്തിനു പുറമെ, തമിഴ്‌നാട്, ഡല്‍ഹി, കുളു-മണാലി, മസൂറി, ലാഡാക്ക് എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലായി ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.

'ഓപ്പറേഷന്‍ ത്രാള്‍'എന്ന ചിത്രത്തിലെ 'ജയ് ​ഹോ' ലിറിക്കൽ വീഡിയോയിൽ നിന്ന്

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മാണം സുനിമോള്‍ ജോബിയാണ്. രതീഷ് വേഗ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഗീതം, പശ്ചാത്തല സംഗീതം എന്നിവ നിര്‍വഹിക്കുന്നത്.