ചലച്ചിത്ര സംഗീത സംവിധായകന്‍ ഇളയരാജയുടെ ഉടമസ്ഥതയിലുള്ള ഇളയരാജ മ്യൂസിക് ആന്‍ഡ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും സോണി എന്റര്‍ടെയ്ൻമെന്റ്‌സും തമ്മിലുള്ള പകര്‍പ്പവകാശ തര്‍ക്കത്തില്‍ നിര്‍ണായക തീരുമാനവുമായി സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതിയില്‍ നിലവിലുണ്ടായിരുന്ന കേസ് ഇനി മുംബൈ ഹൈക്കോടതിയില്‍ വാദം കേള്‍ക്കും. സോണി കമ്പനി നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
വിഷയത്തില്‍ നേരത്തെതന്നെ മുംബൈ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്ന സോണിയുടെ വാദം ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് വിനോദ് കെ. ചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ച് അംഗീകരിക്കുകയായിരുന്നു. സോണിക്കു വേണ്ടി അഭിഷേക് മനു സിംഗ്‌വി ഹാജരായപ്പോള്‍, ഇളയരാജയ്ക്ക് വേണ്ടി കപില്‍ സിബലാണ് വാദിച്ചത്. എന്നാല്‍, മുംബൈയില്‍ നിലനില്‍ക്കുന്ന കേസിനെതിരെ നേരത്തെ ഇളയരാജയുടെ ഭാഗത്തുനിന്ന് എതിര്‍പ്പുകള്‍ ഉണ്ടാകാത്തത് കോടതി ചൂണ്ടിക്കാട്ടി.
ഏകദേശം 536 ഗാനങ്ങളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ടാണു നിയമപോരാട്ടം. ഓറിയന്റല്‍ റെക്കോര്‍ഡ്സ്, എക്കോ റെക്കോര്‍ഡിങ് എന്നീ കമ്പനികളില്‍നിന്ന് നിയമാനുസൃതമായാണ് തങ്ങള്‍ ഗാനങ്ങളുടെ അവകാശം വാങ്ങിയതെന്ന് സോണി അവകാശപ്പെടുന്നു. എന്നാല്‍ തന്റെ ഗാനങ്ങളുടെ പൂര്‍ണമായ അവകാശം തനിക്കാണെന്ന നിലപാടിലാണ് ഇളയരാജ. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ ആയിരത്തിലധികം സിനിമകള്‍ക്കായി ഏഴായിരത്തോളം ഗാനങ്ങളാണ് ഇളയരാജ ഒരുക്കിയിട്ടുള്ളത്.
നേരത്തെ ഈ കേസ് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന ഇളയരാജയുടെ ആവശ്യം കോടതി തള്ളിയിരുന്നു. മുന്‍പ് മുംബൈയില്‍ തുടങ്ങിയ കേസ് നടപടികള്‍ അവിടെത്തന്നെ തുടരുന്നതാണ് ഉചിതമെന്ന് കോടതി നിരീക്ഷിച്ചു. സംഗീതലോകം ഉറ്റുനോക്കുന്ന കേസില്‍ വരും ദിവസങ്ങളില്‍ മുംബൈ ഹൈക്കോടതിയില്‍ നടക്കുന്ന വാദങ്ങള്‍ ഏറെ നിര്‍ണായകമാകും.