പൃഥ്വിരാജും ജേക്സ് ബിജോയ് യും ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Beats

പൃഥ്വിരാജ് - ജേക്സ് ബിജോയ് കോംബോ വീണ്ടും; എട്ട് ഗാനങ്ങളുമായി 'ഐ നോബഡി'

പപ്പപ്പ റിപ്പോര്‍ട്ടര്‍

'റോഷാക്ക്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പുതിയ പൃഥ്വിരാജ് ചിത്രം 'ഐ നോബഡി' ജൂലായില്‍ ആഗോളവ്യാപകമായി തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. ഇ4 എക്‌സ്‌പെരിമെന്റസിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, മുകേഷ് ആര്‍. മേത്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മലയാള സിനിമയില്‍ എന്നും ട്രെന്‍ഡ് സെറ്ററുകള്‍ സമ്മാനിച്ചിട്ടുള്ള പൃഥ്വിരാജ് - ജേക്സ് ബിജോയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

എട്ട് ഗാനങ്ങളാണ് ചിത്രത്തിനായി ജേക്സ് ബിജോയ് ഒരുക്കിയിരിക്കുന്നത്. ഓഡിയോ ലോഞ്ച് ഉടന്‍ തന്നെ ദുബായില്‍ ഗംഭീരമായി നടക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ബോളിവുഡിലെ വന്‍ ഹിറ്റായ 'ധുരന്ധര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുധീര്‍ യദുവംശി ആലപിച്ച ഒരു ഗാനവും ചിത്രത്തിലുണ്ട് എന്നത് സംഗീതപ്രേമികള്‍ക്ക് വലിയൊരു സര്‍പ്രൈസ് ആയിരിക്കും.

പൃഥ്വിരാജും ജേക്സ് ബിജോയ് യും

'രണം' എന്ന ചിത്രത്തിലൂടെ ആരംഭിച്ച് 'അയ്യപ്പനും കോശിയും', 'ജന ഗണ മന', 'കടുവ', 'കാപ്പ', 'വിലായത്ത് ബുദ്ധ' തുടങ്ങിയ ചിത്രങ്ങളിലൂടെ പൃഥ്വിരാജ് സിനിമകളുടെ ആത്മാവായി മാറിയ സംഗീത സംവിധായകനാണ് ജേക്സ് ബിജോയ്. പശ്ചാത്തല സംഗീതത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ജേക്സ് - പൃഥ്വിരാജ് കോംബോ ഇത്തവണയും തിയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കുമെന്ന ഉറപ്പിലാണ് ആരാധകര്‍.