പാകിസ്ഥാനി നടി ഹാനിയ ആമിറിന്റെ കന്നി സംഗീത ആൽബത്തിൽ സർപ്രൈസ് വോയിസ് കാമിയോയുമായി ബോളിവുഡ് താരം രാഖി സാവന്ത്. 'പാബ്ലോ' എന്ന് പേരിട്ടിരിക്കുന്ന റാപ്പ് ഗാനത്തിന്റെ അവസാനഭാഗത്താണ് രാഖി സാവന്തിന്റെ വോയിസ് മെസേജ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ അപ്രതീക്ഷിത കൂട്ടുകെട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിക്കഴിഞ്ഞു.
ഹാനിയ ആമിർ തന്നെ വരികളെഴുതി ഈണം പകർന്ന് ആലപിച്ച ആദ്യത്തെ റാപ്പ് ട്രാക്കാണ് 'പാബ്ലോ'. തനിക്കെതിരെ സോഷ്യൽ മീഡിയയിലും മറ്റും ഉയരുന്ന വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കുമുള്ള മറുപടിയായാണ് ഹാനിയ ഈ ഗാനം ഒരുക്കിയിരിക്കുന്നത്. വിമർശകർ അതിരുകടക്കരുതെന്നും, താൻ തന്റേതായ വഴിയിലൂടെത്തന്നെ മുന്നോട്ടുപോകുമെന്നും പാട്ടിലൂടെ നടി വ്യക്തമാക്കുന്നു.
ഗാനത്തിന്റെ ഒടുവിലാണ് ഹാനിയക്ക് പിന്തുണയുമായി രാഖി സാവന്തിന്റ ശബ്ദരേഖ എത്തുന്നത്. "ഹാനിയാ, മേരീ ജാൻ.. നീ ഒട്ടും ടെൻഷൻ അടിക്കരുത്. നീ സുന്ദരിയാണ്, നിന്റെ സൗന്ദര്യത്തിൽ അസൂയ പൂണ്ടവരാണ് ഇതൊക്കെ പറയുന്നത്...' എന്നാണ് രാഖി പാട്ടിൽ പറയുന്നത്.
ഗാനം പുറത്തുവന്നതോടെ നിരവധി ആരാധകരാണ് ഈ വേറിട്ട കൂട്ടുകെട്ടിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായ ഈ സംഗീത വീഡിയോ വലിയ ശ്രദ്ധയാണ് നേടുന്നത്.