മലയാള സിനിമയിലെ ആദ്യ അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് (47) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് മലയാള ഗാനങ്ങളെ നെഞ്ചിലേറ്റിയ അമേരിക്കന്‍ പൗരന്‍, പാട്ടുപ്രേമികള്‍ക്ക് എന്നും ഒരു വിസ്മയമായിരുന്നു.
മലയാളിയായ സുജയെ ജീവിതസഖിയാക്കിയതോടെയാണ് ഗ്രേഡിയുടെ ജീവിതത്തിലേക്ക് മലയാളം കടന്നുവരുന്നത്. 'ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍' എന്ന നിത്യഹരിത ഗാനം സംഗീത സംവിധായകന്‍ ജെറി അമല്‍ദേവിനെ മുന്നിലിരുത്തി ഗ്രേഡി ആലപിച്ചപ്പോള്‍ അത് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി. ആലാപനത്തിലെ വ്യക്തതയും മനോഹാരിതയും ജെറി അമല്‍ദേവിനെപ്പോലും അദ്ഭുതപ്പെടുത്തിയിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ അടുത്ത സൗഹൃദവും ഉടലെടുത്തു.
കേരളത്തോടുള്ള ഇഷ്ടം കാരണം അമേരിക്കയിലെ വീട് വിറ്റ് സുജയ്‌ക്കൊപ്പം കേരളത്തിലേക്കെത്തിയിരുന്നു ഗ്രേഡി. കേരളത്തിലെത്തിയശേഷമാണു സംവിധായകന്‍ ആന്റണി സോണി വഴി സംഗീത സംവിധായകന്‍ മെജോ ജോസഫിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് 'വാരിക്കുഴിയിലെ കൊലപാതകം' എന്ന ചിത്രത്തിലെ തീം സോങ് പാടാന്‍ മെജോ അവസരം നല്‍കി. ഇതോടെ മലയാള സിനിമയില്‍ പിന്നണി ഗായകനാകുന്ന ആദ്യ അമേരിക്കന്‍ സ്വദേശിയെന്ന ചരിത്ര നേട്ടവും ഗ്രേഡിയെ തേടിയെത്തി.
ഫ്ലവേഴ്‌സ് കോമഡി ഉത്സവം അടക്കമുള്ള ജനപ്രിയ ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികളുടെ സ്വീകരണമുറികളിലെ സുപരിചിത മുഖമായി അദ്ദേഹം മാറി. ഹരിപ്പാട് സ്വദേശിനിയായ സുജയ്ക്കൊപ്പം കേരളത്തിലെ പൊതുവേദികളിലും ഗ്രേഡി സജീവമായിരുന്നു.