ദക്ഷിണ കൊറിയൻ സംഗീത വിസ്മയം ബിടിഎസ് മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം വമ്പൻ തിരിച്ചുവരവ് പ്രഖ്യാപിച്ചു. ഏപ്രിലിൽ ആരംഭിക്കുന്ന ലോക പര്യടനത്തിന്റെ ആവേശത്തിലാണ് ആർമി. കഠിനമായ സൈനിക സേവനത്തിനും നീണ്ട ഇടവേളയ്ക്കും ശേഷം സംഗീത ലോകത്തെ രാജാക്കന്മാർ വീണ്ടും മൈക്കിന് മുന്നിലെത്തുകയാണ്. പുതിയ ആൽബത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിടുന്നതിന് മുമ്പു തന്നെ, ആരാധകരെ ഞെട്ടിച്ചുകൊണ്ട് തങ്ങളുടെ ലോക പര്യടനത്തിന്റെ തീയതികൾ ബിടിഎസ് പുറത്തുവിട്ടു.
2026 ഏപ്രിൽ 9-ന് ദക്ഷിണ കൊറിയൻ നഗരമായ ഗോയാങ്ങിലാണ് സംഗീത മാമാങ്കത്തിന് തുടക്കമാകുന്നത്. ദക്ഷിണ കൊറിയ കൂടാതെ വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലായി 34 നഗരങ്ങളിൽ ബിടിഎസ് തരംഗം ആഞ്ഞടിക്കും. ടൂർ പ്രഖ്യാപനത്തിന് പിന്നാലെ ആരാധകർ ഉറ്റുനോക്കുന്നത് മാർച്ച് 20-ന് പുറത്തിറങ്ങുന്ന ഇവരുടെ പുതിയ ആൽബത്തിലേക്കാണ്. മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങുന്ന ഗ്രൂപ്പിന്റെ അഞ്ചാമത്തെ ആൽബമായിരിക്കും ഇത്. ആൽബത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ബിടിഎസ് എന്ന പേരിൽ തന്നെയായിരിക്കും ഈ ചരിത്രപരമായ തിരിച്ചുവരവ് എന്നാണ് ആരാധകർക്കിടയിലെ സംസാരം.
നിലവിൽ പുറത്തുവിട്ട പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല എന്നത് ഇന്ത്യൻ ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. മുമ്പ്, ബിടിഎസ് അംഗം വി ഇന്ത്യ സന്ദർശിക്കുന്നതിനെക്കുറിച്ച് സൂചനകൾ നൽകിയിരുന്നതിനാൽ വലിയ പ്രതീക്ഷയുണർന്നിരുന്നു. എന്നാൽ പ്രതീക്ഷകൾ പാടേ അവസാനിച്ചിട്ടില്ല. ടൂർ പോസ്റ്ററിൽ കൂടുതൽ നഗരങ്ങൾ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജപ്പാൻ, മിഡിൽ ഈസ്റ്റ് തുടങ്ങിയ സ്ഥലങ്ങൾക്കൊപ്പം ഇന്ത്യയിലെ ഏതെങ്കിലും നഗരവും വരും ദിവസങ്ങളിൽ പട്ടികയിൽ ഇടംപിടിച്ചേക്കാം എന്ന ശുഭപ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ. ലോകത്തെമ്പാടുമുള്ള സ്റ്റേഡിയങ്ങൾ ഇനി ബിടിഎസിന്റെ പർപ്പിൾ നിറത്തിൽ തിളങ്ങാൻ ആഴ്ചകൾ മാത്രം ബാക്കി. സംഗീത ലോകം കണ്ട ഏറ്റവും വലിയ തിരിച്ചുവരവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.