ആശാ ഭോസ്ലെ ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Beats

ഇതിഹാസ ഗായിക ആശാ ഭോസ്ലെ വിടപറഞ്ഞു

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇതിഹാസ ഗായിക ആശാ ഭോസ്ലെ (92) അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങളെത്തുടര്‍ന്നു മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ചയായിരുന്നു അന്ത്യം. മകന്‍ ആനന്ദ് ഭോസ്ലെയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. നെഞ്ചില്‍ അണുബാധയെത്തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഐസിയുവില്‍ ചികിത്സയിലായിരുന്ന ആശയുടെ ആരോഗ്യനിലയെക്കുറിച്ച് കൊച്ചുമകള്‍ സനായി ഭോസ്ലെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി വിവരങ്ങള്‍ പങ്കുവച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം നാലിന് ശിവാജി പാര്‍ക്കിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍.

ഇന്ത്യന്‍ സംഗീതലോകത്തെ പ്രശസ്തമായ മങ്കേഷ്‌കര്‍ കുടുംബത്തില്‍നിന്നാണ് ആശാ ഭോസ്ലെ വരുന്നത്. അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കര്‍ സഹോദരിയാണ്. പിതാവ് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കര്‍ പ്രശസ്ത ക്ലാസിക്കല്‍ ഗായകനും നടനുമായിരുന്നു. ഏഴു പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തില്‍ പതിനായിരക്കണക്കിനു പാട്ടുകളാണ് അവര്‍ ആലപിച്ചത്.

ആശാ ഭോസ്ലെ

ചെറിയ ബജറ്റ് ചിത്രങ്ങളിലൂടെ സംഗീത ലോകത്തേക്കു കടന്നുവന്ന ആശയ്ക്ക് 1957-ല്‍ പുറത്തിറങ്ങിയ 'നയാ ദൗര്‍' എന്ന ചിത്രമാണ് കരിയറില്‍ വലിയ വഴിത്തിരിവായത്. മുഹമ്മദ് റഫിയുമൊത്തുള്ള 'മാംഗ് കേ സാത്ത് തുമാരാ', 'ഉഡേന്‍ ജബ് ജബ് സുല്‍ഫേം തേരി' തുടങ്ങിയ ഗാനങ്ങള്‍ വലിയ തരംഗമായി. പിന്നീട് തീസ്‌രി മന്‍സില്‍, ഡോണ്‍ തുടങ്ങിയ ചിത്രങ്ങളിലെ ഫാസ്റ്റ് നമ്പറുകളിലൂടെ അവര്‍ ഇന്ത്യന്‍ പോപ്പ് സംഗീതത്തിന്റെ കൂടി പ്രിയങ്കരിയായി മാറി. 'ദില്‍ ചീസ് ക്യാ ഹേ', 'മേരാ കുച്ച് സാമാന്‍', 'തന്‍ഹ തന്‍ഹ' തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ള ഗാനങ്ങളില്‍ ആശ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.