അനാര്‍ക്കലി മരിക്കാര്‍ ഫോട്ടോ-അനാർക്കലി ഒഫിഷ്യൽഫേസ് ബുക്ക് പേജിൽ പങ്കുവെച്ചത്
Beats

അനാര്‍ക്കലി നീ എവിടെയായിരുന്നു... 'മുത്തമഴൈ' ഏറ്റെടുത്ത് ആരാധകര്‍

പപ്പപ്പ ഡസ്‌ക്‌

പാട്ടിലും അഭിനയത്തിലും ഒരേപോലെ തിളങ്ങുന്ന അനാര്‍ക്കലി മരിക്കാര്‍ പാടിയ ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായി. മണിരത്‌നം സംവിധാനം ചെയ്ത് ഉലകനായകന്‍ കമല്‍ഹാസന്‍ കേന്ദ്രകഥാപാത്രമായ 'തഗ് ലൈഫ്' സിനിമയിലെ 'മുത്തമഴൈ' എന്ന ഗാനമാണ് അനാര്‍ക്കലി പാടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 'ഈ പാട്ട് പാടുന്നതില്‍നിന്ന് എന്നെ തടയാന്‍ എനിക്കു കഴിയാത്തത് കൊണ്ട്...' എന്ന അടിക്കുറിപ്പോടെയാണ് അനാര്‍ക്കലി ആലാപനദൃശ്യങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. അനാര്‍ക്കലിയുടെ ഗാനം ആരാധകര്‍ മാത്രമല്ല, ചലച്ചിത്രരംഗത്തുള്ളവരും ഏറ്റെടുത്തു.

എ.ആര്‍. റഹ്‌മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച 'മുത്തമഴൈ'യുടെ തമിഴ് വേര്‍ഷന്‍ ആലപിച്ചിരിക്കുന്നത് ദീ എന്ന ദീക്ഷിതയാണ്. തെലുങ്ക്, ഹിന്ദി വേര്‍ഷനുകള്‍ പാടിയത് ചിന്മയി ശ്രീപാദയാണ്. 'തഗ് ലൈഫി'ന്റെ മെഗാ ഓഡിയോ ലോഞ്ചില്‍ 'മുത്തമഴൈ'യുടെ തമിഴ് വേര്‍ഷന്‍ ചിന്മയി പാടിയത് ഒറിജിനലിനേക്കാള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്തു. ഇതും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

അനാര്‍ക്കലിയുടെ പോസ്റ്റിന് സ്വാസിക, അശ്വതി ശ്രീകാന്ത് തുടങ്ങിയ താരങ്ങളും പ്രതികരണം അറിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍നിന്നു കുറച്ചുനാള്‍ വിട്ടുനിന്നതിന്റെ പിന്നിലെ കാരണവും താരം ആരാധകരുമായി പങ്കുവച്ചു- 'എവിടെയായിരുന്നു എന്ന് എല്ലാവരും ചോദിക്കുന്നു. ഞാന്‍ ഇവിടെ ഉണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി, അല്ല മാസങ്ങളായി മടിപിടിച്ച് ഇരിക്കുകയായിരുന്നു...'

2016ല്‍ പുറത്തിറങ്ങിയ 'ആനന്ദം' എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി ചലച്ചിത്രലോകത്ത് എത്തുന്നത്. ചുരുങ്ങിയ കാലംകൊണ്ട് ആരാധകരുടെ മനസുകീഴടക്കിയ താരവുമാണ് അനാര്‍ക്കലി.