പ്രാദേശിക ഇന്ത്യൻ സംഗീതത്തിന്റെ മുന്നേറ്റം രേഖപ്പെടുത്തികൊണ്ട്, അക്സോമാനിയാക്കിന്റെ മലയാള ഗാനമായ ‘അംശം’ ഗ്ലോബൽ വൈറൽ ചാർട്ടിൽ #4-ാം സ്ഥാനത്തെത്തി. ഇംഗ്ലീഷല്ലാത്ത ഒരു ഇന്ത്യൻ ഭാഷ ഗാനം ലോകവേദിയിൽ ഇത്ര വലിയ മുന്നേറ്റം നേടുന്നത് അപൂർവവും ശ്രദ്ധേയവുമാണ്. ഈ ഗാനത്തിന്റെ വേഗത്തിലുള്ള ഉയർച്ച ആഗോള ശ്രവണരീതികളിൽ നടക്കുന്ന വലിയ മാറ്റത്തെ സൂചിപ്പിക്കുന്നു.
ആഗോള വിജയം കൂടാതെ, ‘അംശം’ ഇന്ത്യയിലും മറ്റ് പ്രധാന വിപണികളിലും ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. വൈറൽ സോങ്സ് ഇന്ത്യയിൽ #4, ടോപ്പ് സോങ്സ് ഇന്ത്യയിൽ #70, യുഎഇയിൽ ടോപ്പ് 10 ലിസ്റ്റിൽ #4 എന്നിങ്ങനെ മികച്ച സ്ഥാനങ്ങളാണ് ഗാനത്തിന് ലഭിച്ചത്.
ഗാനത്തിന്റെ ഔദ്യോഗിക മ്യൂസിക് വീഡിയോ പുറത്തിറങ്ങി വെറും മൂന്ന് ആഴ്ചയ്ക്കുള്ളിൽ തന്നെ 4.1 മില്യൺ വ്യൂസ് കടന്നു. ഇത് പ്രേക്ഷകശ്രദ്ധ മാത്രം അല്ല, ലോകമെമ്പാടുമുള്ള ശ്രോതാക്കൾ ഗാനം ആവർത്തിച്ച് കേൾക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ്. ഡെഫ് ജാം റെക്കോർഡിങ്സ് ഇന്ത്യയും റിയൽ തിങ് റെക്കോർഡ്സ് (ആർടിആർ)ഉം ചേർന്ന് പുറത്തിറക്കിയ ‘അംശം’, പ്രാദേശിക സാംസ്കാരിക പശ്ചാത്തലവും ഗ്ലോബൽ ആക്‌സസിബിൾ ശബ്ദവും കൂടിചേർന്നുള്ളതാണ്.
മൻമഥന്റെ പുരാണകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടും കൾട്ട് മലയാള ചിത്രമായ ‘ഞാൻ ഗന്ധർവ’ ന്റെ സ്വാധീനത്തോടെയും ഈ ഗാനം പ്രണയം, ആകാംക്ഷ, നശ്വരത തുടങ്ങിയ വിഷയങ്ങളെ അവതരിപ്പിക്കുന്നു. ആർ ആന്റ് ബി, ഹിപ്പ് ഹോപ്പ്, ക്ലാസിക്കൽ ഘടകങ്ങൾ എന്നിവയുടെ മിശ്രണത്തിലൂടെയാണ് ഇത് നിർമിച്ചിരിക്കുന്നത്.
ആഗോള പ്രതികരണത്തെക്കുറിച്ച് അക്സോമാനിയാക്കിന്റെ വാക്കുകൾ: 'അംശം പോലെ രണ്ട് വ്യത്യസ്ത ഭാഗങ്ങളുള്ള ഒരു പാട്ട് ഇത്ര ദൂരം മുന്നോട്ട് പോകും എന്ന് ഞാൻ കരുതിയില്ല. എന്റെ പങ്കാളിയോട് ഒരു തമാശയായി തുടങ്ങിയ ഈ ഗാനം ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തിൽ ഒരു സ്ഥാനം കണ്ടെത്തി. ഇത് എന്റെ ജോലിയിലും എനിക്കൊപ്പം പ്രവർത്തിക്കുന്നവരിലുമുള്ള വിശ്വാസം കൂടുതൽ ശക്തമാക്കി.'
ഭൂമി: 'എന്റെ വളരെ ശാന്തവും സ്വകാര്യവുമായ ഒരു ഇടത്തിൽ നിന്നാണ് 'അംശം' രൂപപെട്ടത്. തമിഴിലും മലയാളത്തിലും വേരൂന്നി സ്വാഭാവികമായാണ് ഇത് പിറന്നത്. അതൊരു ആസൂത്രിത ശ്രമമല്ലായിരുന്നു. ആ സത്യസന്ധത തന്നെയാണ് ഇതിനെ ആളുകളുമായി ബന്ധിപ്പിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.'
എം.എച്ച്.ആർ: 'ചാർട്ടുകളെക്കാൾ വലിയ ഒരു നിമിഷമാണിത്. പ്രാദേശിക ഇന്ത്യൻ സംഗീതം വലിയ രീതിയിൽ ആഗോള വേദികളിലേക്ക് കടക്കുകയാണ്, ‘അംശം’ ആ മാറ്റത്തിന്റെ ഭാഗമാണ്.'
ഭൂമി, എം.എച്ച്.ആർ, സർകിൾ ടോൺ എന്നിവർ ചേർന്ന് നിർമ്മിച്ച ‘അംശം’, ഭാഷാ അതിരുകൾ മറികടന്ന് പ്രാദേശിക ഇന്ത്യൻ സംഗീതം ആഗോള പോപ്പ് സംസ്കാരത്തിലേക്ക് പ്രവേശിക്കുന്നതിന് ഒരു മികച്ച ഉദാഹരണമായി വിലയിരുത്തപ്പെടുന്നു.