'ഐ നോബഡി' പോസ്റ്റർ അറേഞ്ച്ഡ്
Malayalam

ഈയാഴ്ച റിലീസുകളുടെ പെരുമഴ; 'ഐ, നോബഡി' മുതല്‍ 'ധമാല്‍' വരെ

പപ്പപ്പ ഡസ്‌ക്‌

ഈ വാരം തമിഴ്, മലയാളം, ഹോളിവുഡ്, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളാണ് സിനിമാപ്രേമികളെ തേടി തിയേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിനൊരുങ്ങുന്ന പ്രധാന സിനിമകളും അവയുടെ വിശേഷങ്ങളും.

ഐ, നോബഡി (മലയാളം)

പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐ, നോബഡി'. ദശലക്ഷക്കണക്കിന് ആളുകള്‍ ജീവിക്കുന്ന ഒരു നഗരത്തില്‍, ഭാര്യയും രണ്ട് കുട്ടികളുമായി സാധാരണ ജീവിതം നയിക്കുന്ന രാജീവന്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കഥയാണിത്.

തികച്ചും സാധാരണക്കാരനായ അദ്ദേഹം ഒരു ദിവസം കാണാന്‍ പാടില്ലാത്ത ഒരു കാഴ്ച കാണുന്നതോടെയാണ് കഥ മാറിമറിയുന്നത്. ആ ഒരു ഞെട്ടല്‍ അദ്ദേഹത്തിന്റെ ജീവിതത്തെയും ചുറ്റുപാടുകളെയും എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് ഈ ചിത്രം ദൃശ്യവത്കരിക്കുന്നത്. വിജയാരാഘവനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വ്യാഴാഴ്ച തിയേറ്ററുകളിലെത്തി.

'ഇദയം മുരളി'യിൽ നിന്ന്

ഇദയം മുരളി (തമിഴ്)

ആകാശ് ഭാസ്‌കരന്‍ സംവിധാനം ചെയ്യുന്ന ഒരു റൊമാന്റിക് ഡ്രാമ ചിത്രമാണ് 'ഇദയം മുരളി'. ഒരു ഏകപക്ഷീയ പ്രണയത്തിന്റെ സങ്കീര്‍ണതകളിലൂടെ കടന്നുപോകുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. കാലം കടന്നുപോകുകയും ജീവിതം അപ്രതീക്ഷിതമായ മാറുമ്പോഴും ചില വികാരങ്ങള്‍ ഹൃദയത്തില്‍ എത്രത്തോളം ആഴത്തില്‍ നിലനില്‍ക്കുന്നു എന്ന് ചിത്രം കാണിച്ചുതരുന്നു. അഥര്‍വ, കയാദു ലോഹര്‍, പ്രീതി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

'മോവാന'യിൽ നിന്ന്

മോവാന (ഇംഗ്ലീഷ്)

ആനിമേഷന്‍ ചിത്രങ്ങളിലെ ജനപ്രിയ കഥാപാത്രമായ മോവാനയുടെ ലൈവ്-ആക്ഷന്‍ പതിപ്പാണിത്. ദ്വീപ് ദേവതയായ ടെ ഫിറ്റിയുടെ ഹൃദയം തിരികെ നല്‍കാനായി ഒരു പ്രാദേശിക ഗോത്രത്തലവന്റെ മകളായ മോവാന നടത്തുന്ന സാഹസിക യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിനായി അവള്‍ മൗയി എന്ന ഡെമി-ഗോഡിന്റെ സഹായം തേടുന്നു. തോമസ് കൈല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാതറിന്‍ ലാഗിയ മൊവാനയായും, ഡ്വെയ്ന്‍ ജോണ്‍സണ്‍ മൗയിയായും വേഷമിടുന്നു.

'ലവ് ഒ ലവി'ൽ നിന്ന്

ലവ് ഓ ലവ് (തമിഴ്)

മഹേഷ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പവിഷ്, നാഗ ദുര്‍ഗ, സെല്‍വരാഘവന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. കാമുകി അവന്തികയുടെ അമിത ധൂര്‍ത്ത് കാരണം ജോലി നഷ്ടപ്പെടുകയും കടക്കെണിയിലാവുകയും ചെയ്യുന്ന രഘുവരന്‍ എന്ന യുവാവിന്റെ കഥയാണിത്. ബന്ധം അവസാനിപ്പിക്കാന്‍ അവന്‍ ഒരുങ്ങുമെങ്കിലും അവന്തിക അതിന് സമ്മതിക്കുന്നില്ല. തുടര്‍ന്ന്, താന്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദം മനസിലാക്കാന്‍ വേണ്ടി നാല് മാസത്തേക്ക് ഒരു 'പുരുഷന്റെ' റോള്‍ ഏറ്റെടുക്കാന്‍ രഘുവരന്‍ അവന്തികയെ വെല്ലുവിളിക്കുന്നു. ഈ വെല്ലുവിളി അവര്‍ക്കിടയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം.

'ലക്ഷ്മികാന്തന്‍ കൊലൈ വഴക്കി'ൽ നിന്ന്

ലക്ഷ്മികാന്തന്‍ കൊലൈ വഴക്ക് (തമിഴ്)

ദയാല്‍ പത്മനാഭന്‍ സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണിത്. ഒരു കൊലപാതകക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി വധശിക്ഷ കാത്തുനില്‍ക്കുന്ന ഒരു യുവാവിന്റെ കേസിനെ മുന്‍നിര്‍ത്തിയാണ് കഥ വികസിക്കുന്നത്. വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളില്‍ ജഡ്ജി, പ്രായമായ ആരാച്ചാര്‍, ജയില്‍ ഉദ്യോഗസ്ഥന്‍ എന്നിവര്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങളും നീതിയുടെയും മനുഷ്യത്വത്തിന്റെയും വശങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. വെട്രി, രംഗരാജ് പാണ്ഡേ, ബ്രിജിഡ സാഗ എന്നിവരാണ് പ്രധാന വേഷങ്ങളില്‍.

'ദ് ഇൻവൈറ്റി'ൽ നിന്ന്

ദ് ഇന്‍വൈറ്റ് (ഇംഗ്ലീഷ്)

ഒലീവിയ വൈല്‍ഡ് സംവിധാനം ചെയ്യുന്ന ഒരു ഹോളിവുഡ് ചിത്രമാണിത്. ജോ, ആഞ്ചല ദമ്പതികളുടെ തകര്‍ച്ചയുടെ വക്കിലെത്തിയ ദാമ്പത്യ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. തങ്ങളുടെ മുകളിലത്തെ നിലയില്‍ താമസിക്കുന്ന നിഗൂഢരായ അയല്‍ക്കാര്‍ക്കായി ഇവര്‍ ഒരു ഡിന്നര്‍ പാര്‍ട്ടി ഒരുക്കുന്നതും തുടര്‍ന്നുള്ള രാത്രിയില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒലീവിയ വൈല്‍ഡ്, പെനലോപ് ക്രൂസ്, സെത് റോഗന്‍, എഡ്വേര്‍ഡ് നോര്‍ട്ടന്‍ തുടങ്ങിയ വന്‍ താരനിര ചിത്രത്തിലുണ്ട്.

'ഈവിൾ ഡെഡ് ബേണി'ൽ നിന്ന്

ഈവിള്‍ ഡെഡ് ബേണ്‍ (ഇംഗ്ലീഷ്)

ഹൊറര്‍ സിനിമാ പ്രേമികള്‍ക്കായി സെബാസ്റ്റ്യന്‍ വാനിസെക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഭര്‍ത്താവ് നഷ്ടപ്പെട്ട ആലീസ് എന്ന സ്ത്രീ വന്‍ വാഹനാപകടത്തിനുശേഷം ആശ്വാസം തേടി മണ്‍മറഞ്ഞ ഭര്‍ത്താവിന്റെ ബന്ധുക്കളുടെ വീട്ടിലേക്ക് എത്തുന്നതാണ് കഥ. മഞ്ഞുമൂടിയ ഒറ്റപ്പെട്ട പ്രദേശത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ അവിടെയെത്തുന്നതോടെ കുടുംബാംഗങ്ങള്‍ ഓരോരുത്തരായി ദുഷ്ടശക്തികളുടെ പിടിയിലാവുകയും അതൊരു ഭയാനകമായ രാത്രിയായി മാറുകയും ചെയ്യുന്നു. ലൂസിയാന്‍ ബുക്കാനന്‍, ഹണ്ടര്‍ ഡൂഹന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍.

'ധമാലി'ൽ നിന്ന്

ധമാല്‍ 4 (ഹിന്ദി)

ബോളിവുഡിലെ പ്രശസ്തമായ കോമഡി ഫ്രാഞ്ചൈസിയുടെ നാലാം ഭാഗമാണിത്. ഇന്ദ്ര കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, റിതേഷ് ദേശ്മുഖ്, അര്‍ഷാദ് വാര്‍സി എന്നിവര്‍ വീണ്ടും ഒന്നിക്കുന്നു. 'ലൈഫ് ട്രഷര്‍' എന്ന നിധി തേടി ധമാല്‍ ബോയ്‌സ് നടത്തുന്ന പുതിയ യാത്രയും അതിനിടയില്‍ ഉണ്ടാകുന്ന രസകരമായ പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.