വിസ്മയ മോഹൻലാലിനെ നായികയാക്കി എസ് ക്യൂബ് ഫിലിംസ് നിർമിക്കുന്ന സിനിമയുടെ അനൗൺസ്മെന്റ് പോസ്റ്റർ അറേഞ്ച്ഡ്
Malayalam

വിസ്മയ മോഹൻലാൽ വീണ്ടും; മൂന്നാം ചിത്രവുമായി എസ് ക്യൂബ് ഫിലിംസ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

‘ഉയരെ’, ‘ജാനകി ജാനേ’ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്ന് നിർമിക്കുന്ന മൂന്നാമത്തെ ചിത്രം അണിയറയിലൊരുങ്ങുന്നു. ‘തുടക്കം’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച വിസ്മയ മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘ലൂക്ക’യിലൂടെ ശ്രദ്ധ നേടിയ അരുൺ ബോസാണ്. ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസാണ് ചിത്രം അവതരിപ്പിക്കുന്നത്.

രത്തീന, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ‘പുഴു‘, ‘പാതിരാത്രി‘ എന്നീ ചിത്രങ്ങളുടെ സംവിധായികയാണ് രത്തീന. ‘വരത്തൻ’, ‘വൈറസ്’, ‘റൈഫിൾ ക്ലബ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ എഴുത്തുകാരാണ് സുഹാസും ഷറഫുവും. വ്യത്യസ്തമായ പ്രമേയവും പുതുമയാർന്ന അവതരണവും ചേർന്ന ഒരു സിനിമാനുഭവമായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

വിസ്മയ മോഹൻലാലിനെ നായികയാക്കി എസ് ക്യൂബ് ഫിലിംസ് നിർമിക്കുന്ന സിനിമയുടെ അനൗൺസ്മെന്റ് പോസ്റ്റർ

സാമുവൽ ഹെൻറി ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് ചിത്രസംയോജനവും നിർവഹിക്കുന്നു. ഹിഷാം അബ്ദുൾ വഹാബാണ് സംഗീതം. പ്രൊഡക്ഷൻ ഡിസൈനർ: ആഷിഖ് എസ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രീനാഥ് പി.എസ്, പ്രൊഡക്ഷൻ കൺട്രോളർ: സജി സി. ജോസഫ്, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, മാർക്കറ്റിങ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി,പിആർഒ: അപർണ ഗിരീഷ്.

എസ് ക്യൂബ് ഫിലിംസിന്റെ സാരഥികളായ ഷെ​ഗ്ന,ഷെർ​ഗ,ഷെനൂ​ഗ എന്നിവർ

പ്രമുഖ താരങ്ങളും മലയാള സിനിമയിലെ ശ്രദ്ധേയരായ സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂജയോടെ ഉടൻ ആരംഭിക്കും. ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിലൂടെ മലയാളത്തിന് ഒട്ടേറെ ഹിറ്റുകളും കലാമൂല്യമുള്ള സിനിമകളും സംഭാവന ചെയ്ത പി.വി.​ഗം​ഗാധരന്റെ മക്കളാണ് ഷെനുഗയും ഷെഗ്നയും ഷെർഗയും.