മോഹന്‍ലാലും പ്രഭാസും അതിഥിതാരങ്ങളായി എത്തിയ 'കണ്ണപ്പ' ആദ്യദിനംതന്നെ തിയറ്ററുകളെ ഉത്സവലഹരിയിലാക്കി. വിഷ്ണു മഞ്ചു ടൈറ്റില്‍ കഥാപാത്രമാകുന്ന ഈ ചിത്രം വന്‍ പ്രേക്ഷകപ്രീതിയാണു നേടിയത്. സമീപകാലത്തെ സിനിമകളിലെ ഏറ്റവും ശക്തവും വൈകാരികമായി സ്പര്‍ശിക്കുന്നതുമായ ക്ലൈമാക്‌സ് രംഗമാണ് 'കണ്ണപ്പ'യിലേതെന്ന് പ്രേക്ഷകര്‍ പറയുന്നു. ആദ്യദിവസം തന്നെ ചിത്രം ബോക്‌സ് ഓഫീസില്‍ 20 കോടിയിലേറെ നേടിയെന്നാണ് റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള കളക്ഷന്‍ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണിത്.
ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വളരെ കുറച്ചു സമയംമാത്രമാണ് മോഹന്‍ലാലും പ്രഭാസും പ്രത്യക്ഷപ്പെടുന്നത്. എങ്കിലും ആരാധകരെ ഇളക്കിമറിക്കുന്ന പ്രകടനമാണ് ഇരുവരും നടത്തിയത്. സിനിമയുടെ പകുതിയോളം ഇവര്‍ രണ്ടുപേരും ഉജ്വലമാക്കിയെന്ന് പ്രേക്ഷകര്‍ പറയുന്നു. ആന്ധ്രയിലും തെലങ്കാനയിലും പ്രത്യേക പ്രദര്‍ശനമാണു നടക്കുന്നത്. രാത്രി പ്രദര്‍ശനങ്ങള്‍ക്കു വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
പ്രീതി മുകുന്ദന്‍, കാജല്‍ അഗര്‍വാള്‍, മോഹന്‍ ബാബു, ശരത്കുമാര്‍, മധുബാല എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. നിര്‍മാണം മോഹന്‍ ബാബു. മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകന്‍ സ്റ്റീഫന്‍ ദേവസിക്കൊപ്പം മണി ശര്‍മയും ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു.