ഷാജി കൈലാസ് ജോജു ജോർജിനെ നായകനാക്കി ഒരുക്കുന്ന 'വരവ്' എന്ന സിനിമയുടെ ഓവർസീസ് വിതരണാവകാശം ഫാർസ് ഫിലിംസ് സ്വന്തമാക്കി. വൻതുകയ്ക്കാണ് ഓവർസീസ് ഡീൽ എന്നാണ് വിവരം. ചിത്രീകരണം പൂർത്തിയായ വരവിന്റെ ഡബ്ബിങ് പുരോഗമിക്കുകയാണ്. തേനിയിലായിരുന്നു അവസാന ഘട്ട ചിത്രീകരണം. സെപ്റ്റംബർ ഒമ്പതിന് മൂന്നാറിലാണ് വരവിന്റെ ചിത്രീകരണം തുടങ്ങിയത്. തുടർന്ന് മുണ്ടക്കയം,കോട്ടയം,മറയൂർ എന്നിവിടങ്ങളിലെ ഷൂട്ടിങ്ങിനുശേഷമായിരുന്നു തേനിയിൽ അവസാനഘട്ട ചിത്രീകരണം.
ഷാജി കൈലാസ് ആദ്യമായി ജോജുവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വരവ്'. 'ചിന്താമണി കൊലക്കേസ്', 'റെഡ് ചില്ലീസ്','ദ്രോണ' എന്നീ ഹിറ്റുകൾക്ക് ശേഷം ഷാജി കൈലാസിനായി എ.കെ.സാജൻ തിരക്കഥയൊരുക്കുന്ന ചിത്രമാണ് 'വരവ്'. വൻതാരനിര അണിനിരക്കുന്ന ചിത്രം ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റജി നിർമിക്കുന്നു.
മുരളി ഗോപി, അർജുൻ അശോകൻ,ദീപക് പറമ്പോൽ, ബാബുരാജ്, ബൈജു സന്തോഷ്,അസീസ് നെടുമങ്ങാട്,ബോബി കുര്യൻ,ശ്രീജിത്ത് രവി,അഭിമന്യു ഷമ്മി തിലകൻ, അശ്വിൻ കുമാർ, ബിജു പപ്പൻ, കോട്ടയം രമേശ്, ബാലാജി ശർമ്മ, ചാലി പാല, സുകന്യ,വാണി വിശ്വനാഥ്, വിൻസി അലോഷ്യസ്, സാനിയ അയ്യപ്പൻ തുടങ്ങി അഭിനേതാക്കളുടെ വമ്പൻനിരയാണ് ചിത്രത്തിൽ. വർഷങ്ങൾക്ക് ശേഷം സുകന്യ മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്ന എന്ന പ്രത്യകതയും 'വരവി'നുണ്ട്.
തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ എസ്.ശരവണനാണ് ക്യാമറ. സാം സി.എസ് ആണ് സംഗീതം. ഷമീർ മുഹമ്മദ് എഡിറ്റിങ് നിർവഹിക്കുന്നു. അര ഡസനോളം വരുന്ന 'വരവി'ലെ ആക്ഷൻ രംഗങ്ങൾ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ആക്ഷൻ കോറിയോഗ്രാഫർമാരായ കലൈ കിങ്സ്റ്റൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് സെൽവ, കനൽക്കണ്ണൻ തുടങ്ങിയവരാണ് ഒരുക്കിയത്.
ജോജുവിന്റെ കണ്ണുകളിലെരിയുന്ന കനലുമായി വന്ന 'വരവ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഷാജി കൈലാസ് ശൈലി മുഴുവൻ നിറയുന്നതാകും ചിത്രമെന്ന സൂചന തരുന്നതായിരുന്നു പോസ്റ്റർ. 'ഗെയിം ഓഫ് സർവൈവൽ' എന്നാണ് വരവിന്റെ ടാഗ് ലൈൻ.