'വലതുവശത്തെ കള്ളൻ'പോസ്റ്റർ അറേഞ്ച്ഡ്
Malayalam

ഹൃദയങ്ങൾ കീഴടക്കി രണ്ട് അച്ഛന്മാർ;പ്രേക്ഷകപ്രശംസ നേടി 'വലതുവശത്തെ കള്ളൻ'

പപ്പപ്പ ഡസ്‌ക്‌

രണ്ട് അച്ഛന്മാരാണ് ഇപ്പോൾ സിനിമാപ്രേക്ഷകർക്കിടയിലെ ചർച്ചാവിഷയം. അവർ തങ്ങളുടെ കുടുംബത്തിനായി ഏതറ്റം വരെ പോകും? ജീത്തു ജോസഫിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'വലതുവശത്തെ കള്ളൻ' ആ കഥ പറയുന്നു. ഇമോഷണൽ ക്രൈം ഡ്രാമ ജോണറിൽ മലയാളത്തിലെ തന്നെ എണ്ണം പറഞ്ഞ സിനിമാനുഭവമായിരിക്കുകയാണ് ചിത്രം.

ബിജു മേനോനേയും ജോജു ജോര്‍ജിനെയും കേന്ദ്രകഥാപാത്രങ്ങ​ളാക്കി ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്ന ചിത്രം മനുഷ്യ മനസ്സിന്‍റെ സങ്കീർണ്ണമായ വശങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. കാലടി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറായ ആന്‍റണി സേവ്യറിലൂടെയാണ് സിനിമയുടെ തുടക്കം. നീതി ഉറപ്പാക്കാൻ ബാധ്യസ്ഥനായ പോലീസുകാരൻ പക്ഷേ തനിക്ക് മുന്നിലെത്തുന്ന മനുഷ്യർക്ക് നീതി ഉറപ്പാക്കുന്നതിൽ തികഞ്ഞ പരാജയമാണ്. ഒരു ദിവസം ആന്‍റണി സേവ്യറിന് മുന്നിലെത്തുന്ന ഒരു മിസ്സിങ് കേസ് അയാളുടെ ജീവിതം തന്നെ മാറ്റി മറയ്ക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

'വലതുവശത്തെ കള്ളൻ'ട്രെയിലറിൽ നിന്ന്

സാമുവൽ ജോസഫ് എന്ന അച്ഛൻ കഥാപാത്രമായി കരിയറിലെ തന്നെ വേറിട്ട വേഷത്തിലാണ് ജോജു ജോര്‍ജ് ചിത്രത്തിലുള്ളത്.പല അടരുകളുള്ള സാമുവൽ എന്ന കഥാപാത്രത്തെ സമാനതകളില്ലാത്ത വിധം ജോജു സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. ആന്‍റണി സേവ്യറായി ഉജ്വലമായ പ്രകടനമാണ് ബിജു മേനോൻ കാഴ്ചവെച്ചിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിനപ്പുറം വ്യവസ്ഥിതിയുടെ പരാജയം വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഗൗരവമായി അവതരിപ്പിക്കുന്നുണ്ട്. 'ടോക്സിക് പാരന്‍റിങ്' എന്ന വിഷയത്തേയും പക്വതയോടെ ചിത്രത്തിൽ കൊണ്ടുവന്നിട്ടുണ്ട്. ഡിനു തോമസ് ഈലന്‍റെ തിരക്കഥ മികച്ച രീതിയിൽ ജീത്തു ജോസഫ് സ്ക്രീനിൽ എത്തിച്ചിരിക്കുന്നു.

ബിജു മേനോന്റെയും ജോജു ജോർജിന്റെയും ജന്മദിനത്തിൽ 'വലതുവശത്തെ കള്ളൻ'ടീം പുറത്തിറക്കിയ പോസ്റ്ററുകൾ

ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. സതീഷ് കുറുപ്പിന്‍റെ ഛായാ​ഗ്രഹണം സിനിമയുടെ ടോട്ടൽ മൂഡിനോട് ചേർന്ന് നീങ്ങുന്നതാണ്. വിനായകിന്‍റെ എഡിറ്റിങ്ങും വിഷ്ണു ശ്യാമിന്‍റെ സംഗീതവും എടുത്തുപറയേണ്ടതാണ്.ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമിച്ച സിനിമയുടെ ഡിസ്ട്രിബ്യൂഷൻ ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ്.