'ഉയിർ' പോസ്റ്ററിൽ നിന്ന് അറേഞ്ച്ഡ്
Malayalam

റോഷന്‍ മാത്യുവിന്റെ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ 'ഉയിര്‍' ജൂണ്‍ 26-ന് റിലീസ്

പപ്പപ്പ ഡസ്‌ക്‌

മലയാള സിനിമയില്‍ റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ചിത്രങ്ങള്‍ക്കു പുതിയൊരു ഭാവം നല്‍കിയ സംവിധായകന്‍ എം. പത്മകുമാറിന്റെ 'ഉയിര്‍' തിയേറ്ററുകളിലേക്ക്. ജൂണ്‍ 26-ന് ആണ് റിലീസ്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ റോഷന്‍ മാത്യുവാണ് 'ഉയിരി'ലെ നായകന്‍. വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിര്‍മിക്കുന്നത്.

'ഇലവീഴാപൂഞ്ചിറ', 'പാതിരാത്രി' എന്നീ ചിത്രങ്ങളുടെ രചയിതാവ് ഷാജി മാറാടും ഗായകന്‍ നിഖില്‍ കെ. മേനോനും ചേര്‍ന്നാണു ചിത്രത്തിനു തിരക്കഥയൊരുക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തില്‍ സംഭവിച്ച യഥാര്‍ഥ ഏടുകളെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. കണ്ണൂര്‍ ജില്ലയിലെ ധര്‍മടം പോലീസ് സ്റ്റേഷനില്‍ പ്രൊബേഷന്‍ കാലയളവിലുള്ള സബ് ഇന്‍സ്‌പെക്ടര്‍ അജീബ് എന്ന കഥാപാത്രമായാണ് റോഷന്‍ മാത്യു ചിത്രത്തിലെത്തുന്നത്. റോഷന്റെ കരിയറിലെ തികച്ചും വ്യത്യസ്തമായൊരു പോലീസ് വേഷമായിരിക്കും ഇത്.

'ഉയിർ' പോസ്റ്റർ

മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ബോളിവുഡ് അഭിനേതാക്കളും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ്. ബോളിവുഡ് താരങ്ങളായ സയാമി ഖേര്‍, മഹേഷ് ഷെട്ടി എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം ബൈജു സന്തോഷ്, വിനീത് തട്ടില്‍, ദിവ്യ എം. നായര്‍, സന്തോഷ് ത്രിവിക്രമന്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, വിനോദ് സാഗര്‍, അതുല്യ ചന്ദ്ര, ശ്രുതി മേനോന്‍ എന്നിവരും അണിനിരക്കുന്നു.

കുടക്, തലശേരി, പാലക്കാട്, കൊച്ചി, മുംബൈ തുടങ്ങിയ ലൊക്കേഷനുകളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് രഞ്ജന്‍ എബ്രഹാമും സംഗീതം മണികണ്ഠന്‍ അയ്യപ്പയുമാണ് നിര്‍വഹിക്കുന്നത്.