ജയറാമും പാർവതിയും.പഴയകാല ചിത്രം കടപ്പാട്-ജയറാം ഫേസ്ബുക്ക് പേജ്
Malayalam

'അഭിനയം നിർത്താൻ ജയറാമിനോട് പറഞ്ഞത് പാർവതിയാണ്': ഉർവശി വെളിപ്പെടുത്തുന്ന 'രഹസ്യം'

പപ്പപ്പ ഡസ്‌ക്‌

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട പ്രണയജോഡികളായ ജയറാമിന്റെയും പാര്‍വതിയുടെയും പ്രണയകാലവിശേഷങ്ങള്‍ ഇപ്പോഴും ആരാധകര്‍ക്കു പ്രിയപ്പെട്ടതാണ്. കരിയറിന്റെ സുവര്‍ണകാലത്ത് നില്‍ക്കുമ്പോഴായിരുന്നു പാര്‍വതി സിനിമയോടു വിടപറഞ്ഞ് ജയറാമിന്റെ ജീവിതസഖിയാകാന്‍ തീരുമാനിച്ചത്.

ആ തീരുമാനത്തിനു പിന്നിലെ യഥാര്‍ഥ കാരണങ്ങളും, ജയറാമിനെപ്പോലും സിനിമയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ പാര്‍വതി ആഗ്രഹിച്ചിരുന്നു എന്ന ഞെട്ടിക്കുന്ന വിവരവും ഇപ്പോള്‍ പങ്കുവയ്ക്കുകയാണ് പ്രിയനടി ഉര്‍വശി. ഇരുവരുടെയും പുതിയ ചിത്രമായ 'പരിമള ആന്‍ഡ് കോ'യുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് തെന്നിന്ത്യയുടെ പ്രിയതാരം പഴയകാല രഹസ്യങ്ങള്‍ പരസ്യമാക്കിയത്.

ജയറാമും പാർവതിയും.പഴയകാല ചിത്രം

വിവാഹശേഷമാണ് പാര്‍വതി അഭിനയം നിര്‍ത്തിയതെന്ന പൊതുധാരണ തെറ്റാണെന്നാണ് ഉര്‍വശി വ്യക്തമാക്കുന്നത്. വിവാഹത്തിനു മുന്‍പുതന്നെ സിനിമയോടു വിടപറയാന്‍ പാര്‍വതി മാനസികമായി തയാറെടുത്തിരുന്നു. 'സിനിമയില്‍ ചെറുതും വലുതുമായ നിരവധി മികച്ച കഥാപാത്രങ്ങള്‍ ചുരുങ്ങിയ കാലംകൊണ്ടുതന്നെ അവള്‍ക്കു ചെയ്യാനായി. എനിക്ക് വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ഇനിയും ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും, പാര്‍വതിയുടെ ചിന്തകള്‍ മറ്റൊന്നായിരുന്നു. സിനിമയിലെ തിരക്കുകളില്‍ നിന്നും ഗ്ലാമര്‍ ലോകത്തുനിന്നും മാറി സാധാരണ കുടുംബജീവിതം നയിക്കാനായിരുന്നു കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും പാര്‍വതി ആഗ്രഹിച്ചത്-ഉർവശി പറഞ്ഞു

ജയറാമും പാർവതിയും

സിനിമയെ പൂര്‍ണമായും ഉപേക്ഷിച്ച് ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാനായിരുന്നു പാര്‍വതിക്ക് താത്പര്യം. ജയറാം ഒരിക്കലും പാര്‍വതിയോട് അഭിനയം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നില്ല; നേരെ മറിച്ച്, ജയറാമിനോട് സിനിമ നിര്‍ത്താന്‍ ആവശ്യപ്പെട്ടത് പാര്‍വതിയായിരുന്നു-

'നമ്മള്‍ രണ്ടുപേരും ഇനി സിനിമ ചെയ്യേണ്ട, പകരം നമുക്കൊന്നിച്ച് മറ്റെന്തെങ്കിലും ബിസിനസ് ചെയ്ത് ജീവിക്കാം' എന്നായിരുന്നു പാര്‍വതിയുടെ നിലപാട്. എന്ത് ബിസിനസ് തുടങ്ങണം എന്നതിനെക്കുറിച്ച് കൃത്യമായ പ്ലാനുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും, വെള്ളിത്തിരയുടെ ലോകത്തുനിന്നു മാറിനില്‍ക്കാന്‍ പാര്‍വതി ഉറപ്പിച്ചിരുന്നുവെന്ന് ഉര്‍വശി പറഞ്ഞു.

ജയറാമും പാർവതിയും

വര്‍ഷങ്ങള്‍ക്കുശേഷം ജയറാമും ഉര്‍വശിയും ഒന്നിക്കുകയാണ് 'പരിമള ആന്‍ഡ് കോ' എന്ന തമിഴ് ചിത്രത്തിലൂടെ. പ്രശസ്ത സംവിധായകന്‍ പാണ്ടിരാജ് ഒരുക്കുന്ന ഈ ക്രൈം കോമഡി ചിത്രത്തില്‍ മിഷ്‌കിന്‍, യോഗി ബാബു, സാന്‍ഡി തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നുണ്ട്.

'പരിമള ആന്‍ഡ് കോ'പോസ്റ്റർ

ലൈക്ക പ്രൊഡക്ഷന്‍സും പസംഗ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിലൂടെ പഴയകാല ഹിറ്റ് ജോഡികളായ ജയറാമും ഉര്‍വശിയും തമിഴകത്ത് വീണ്ടും വിസ്മയം തീര്‍ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.