'അഞ്ചക്കള്ളക്കോക്കാന്‍' എന്ന ചിത്രത്തിനുശേഷം ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഡിസ്‌കോ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പ്രശസ്ത നടനും സംവിധായകന്റെ സഹോദരനുമായ ചെമ്പന്‍ വിനോദ് ജോസാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ചെമ്പോസ്കി മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ചെമ്പൻ വിനോദും, ഫാർസ് ഫിലിംസിന്റെ അഹമ്മദ് ഗോൾച്ചനും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്.
ആന്റണി വര്‍ഗീസ് പെപെ, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ലുക്മാന്‍, ദേവ് മോഹന്‍, ഫെമിന ജോര്‍ജ് എന്നിവർ കൈയില്‍ തോക്കുകളേന്തി നില്‍ക്കുന്ന മാസ് ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രം നവംബര്‍ ആറിനു തിയേറ്ററുകളില്‍ എത്തുമെന്നും നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു.
'അങ്കമാലി ഡയറീസ്' എന്ന വന്‍ വിജയത്തിനുശേഷം ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയില്‍ ആന്റണി വര്‍ഗീസ് പെപെ വീണ്ടും പ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സ്‌റ്റൈലിഷ് മാസ് ആക്ഷന്‍ എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ സാഗര്‍ സൂര്യ, കല്ല്യാണി അനില്‍, മീര വാസുദേവന്‍, ഗായത്രി സുരേഷ്, സെന്തില്‍ കൃഷ്ണ, മണികണ്ഠന്‍ ആചാരി, പദ്മരാജ് രതീഷ്, അപ്പാനി ശരത്, സിനോജ് വര്‍ഗീസ്, വിനീത് തട്ടില്‍ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.
‘അഞ്ചക്കള്ളകോക്കാൻ’ അതിൻ്റെ ലോക്കൽ റോ ഫിലിം മെയ്ക്കിങ് കൊണ്ടാണ് ശ്രദ്ധ നേടിയതെങ്കിൽ ഡിസ്കോ പൂർണ്ണമായും സ്റ്റൈലിഷ് ഇൻ്റർനേഷണൽ ലുക്കിലുള്ള കഥാപാത്രങ്ങളുടെ ലുക്ക് കൊണ്ടാണ് ഞെട്ടിക്കുന്നത്. പോസ്റ്ററിൽ ഫെമിന ജോർജ് ഒഴികെ ബാക്കിയെല്ലാവരും കറുപ്പണിഞ്ഞ് കൈയിൽ തോക്കുമായി ഹോളിവുഡ് നടൻമാരെ അനുസ്‌മരിപ്പിക്കുന്ന ലുക്കിലാണ് ഉള്ളത്. ഡിസ്കോയുടെ ടൈറ്റിലിൽ പോലും ഒരു തോക്കിനെ പ്രതീകാത്മമായി കാണിച്ചിട്ടുണ്ട്. ‘ഡിസ്‌കോ’യിൽ ഗൺഫൈറ്റുകൾക്കും ആക്ഷനും പ്രാധാന്യം ഉണ്ടെന്ന സൂചനയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ നൽകുന്നത്.
'അഞ്ചക്കള്ളക്കോക്കാന്‍' എന്ന ആദ്യ ചിത്രത്തില്‍ ഒപ്പം പ്രവര്‍ത്തിച്ച അതേ സാങ്കേതിക പ്രവര്‍ത്തകരെ തന്നെയാണ് ഉല്ലാസ് ചെമ്പന്‍ ഈ ചിത്രത്തിലും കൂടെക്കൂട്ടിയിരിക്കുന്നത്. ഛായാഗ്രഹണം: അർമോ, സംഗീതം: മണികണ്ഠൻ അയ്യപ്പ, ചിത്രസംയോജനം: രോഹിത് വി.എസ് വാരിയത്ത്, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: കലൈ കിങ്സൺ, കോസ്റ്റ്യൂം: മെൽവി ജെ, കളറിസ്റ്റ്: അശ്വത് സ്വാമിനാഥൻ, സൗണ്ട് ഡിസൈനർ: ആർ കണ്ണദാസൻ, സൗണ്ട് മിക്സ്: കണ്ണൻ ഗണപത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രീജിത്ത് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ്: മനീഷ് ഭാർഗവൻ, വിഎഫ്എക്സ്: ഐഡൻ്റ് ലാബ്സ്, സ്റ്റിൽസ്: ബൊയാക്, വിതരണം: ഐക്കൺ സിനിമാസ്, ഡിസൈൻസ്: കൃഷ്ണപ്രസാദ്, മാർക്കറ്റിങ്: സ്‌നേക്ക്പ്ലാൻ്റ് എൽ.എൽ.പി, പിആർഒ: ഹെയ്ൻസ്.