'ട്വന്റി-20'യിലും 'രാവണപ്രഭു'വിലും മോഹൻലാൽ ഫോട്ടോ-അറേ‍ഞ്ച്ഡ്
Malayalam

'രാവണപ്രഭു'വിനും മുമ്പേവരും ദേവരാജപ്രതാപവർമ; ഇക്കൊല്ലം മുഴുവൻ റീ-റിലീസിന്റെ ലാലോളം

പപ്പപ്പ റിപ്പോര്‍ട്ടര്‍

നായകപ്രതാപത്തിന്റെ പത്തുതലയുള്ള രൂപമായി നിറഞ്ഞ 'രാവണപ്രഭു'വിലെ മം​ഗലശ്ശേരി കാർത്തികേയനു മുന്നേ തീയറ്ററുകളെ വീണ്ടും ത്രസിപ്പിക്കാൻ ട്വന്റി-20യിലെ ദേവരാജപ്രതാപവർമയെത്തും. ഇതിനൊപ്പം 'തേന്മാവിൻകൊമ്പത്തും','കാലാപാനി'യും കൂടിയാകുന്നതോടെ ലാൽഹിറ്റുകളുടെ തുടരെയുള്ള റീ-റിലീസാകും വരുംമാസങ്ങളിൽ.

'ഹൃദയപൂർവ്വം' ഓണത്തിന് റിലീസ് ചെയ്യുന്നതുകൊണ്ടാണ് 'രാവണപ്രഭു'വിന്റെ രണ്ടാംവരവ് അതിനുശേഷമാക്കിയത്. പക്ഷേ ഓ​ഗസ്റ്റിൽ തന്നെ 'ട്വന്റി-20' തീയറ്ററുകളിലെത്തും. ചിത്രം ഈ മാസം റിലീസ് ചെയ്യേണ്ടതായിരുന്നു. നിർമാതാവായ ദിലീപ് സൗണ്ട് എഫക്ടുകൾ കൂടുതൽ മികവുറ്റതാക്കണമെന്ന് നിർദേശിച്ചതോടെ അതിന്റെ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഫൈനൽമിക്സിങ്ങും കഴിഞ്ഞ് അടുത്തമാസം ചിത്രം പ്രേക്ഷകർക്കുമുന്നിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റീമാസ്റ്ററിങ് ജോലികൾക്ക് നേതൃത്വം നല്കുന്ന മാറ്റിനി നൗവിന്റ മാനേജിങ് പാർട്ണർമാരായ സോമൻപിള്ളയും അജിത് രാജനും പറഞ്ഞു.

സോമൻപിള്ളയും അജിത് രാജനും

തീയറ്ററുടമകളുടെ സംഘടനയായ ഫിയോക് ആണ് 'ട്വന്റി-20' റീ-റിലീസ് ചെയ്യുന്നത്. ഇതിലെ മോഹൻലാലിന്റെ ഇൻട്രോ സമൂഹമാധ്യമങ്ങളിൽ തരം​ഗമായി ഇപ്പോഴും നിറയുകയാണ്. അതുകൊണ്ടുതന്നെ 'ദേവദൂതനും' 'ഛോട്ടാമുംബൈ'യും പോലെ ആരാധകർ 'ട്വന്റി-20'യും ആഘോഷമാക്കുമെന്നാണ് കരുതപ്പെടുന്നത്.

ഓ​ഗസ്റ്റ് അവസാനവാരമാണ് 'ഹൃദയപൂർവം' റിലീസ്. അതിനു പിന്നാലെ മോഹൻലാൽ മം​ഗലശ്ശേരി നീലകണ്ഠനും കാർത്തികേയനുമായി ജ്വലിച്ച 'രാവണപ്രഭു'വിന്റെ 24വർഷത്തിനുശേഷമുള്ള തിരിച്ചുവരവ്. മാറ്റിനി നൗവാണ് ചിത്രത്തിന്റെ വിതരണം. നൂറോളം തീയറ്ററുകളിൽ വീണ്ടും റിലീസുണ്ടാകും. തുടർന്ന് ഒക്ടോബർ,നവംബർമാസങ്ങളിലായി 'കാലാപാനി'യും 'തേന്മാവിൻകൊമ്പത്തും' ഒരിക്കൽക്കൂടി സ്ക്രീനിൽ നിറയും. ഇതോടെ ഈ വർഷം‍ ഓ​ഗസ്റ്റ് മുതൽ ഡിസംബർവരെ എല്ലാമാസവും ഓരോ മോ​ഹൻലാൽ ചിത്രമെങ്കിലും തീയറ്ററുകളിലുണ്ടാകും.

'തേന്മാവിൻ കൊമ്പത്തി'ന്റെയും 'കാലാപാനി'യുടെയും പോസ്റ്റർ

ക്രിസ്മസിന് മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ '​ഗോഡ്ഫാദറും' റീ-റിലീസ് ചെയ്യുന്നുണ്ട്. അടുത്തവർഷവും ലാൽസിനിമകളുടെ റീ-റിലീസിന് മുടക്കമുണ്ടാകില്ല. 'ഹലോ' ആണ് 2026-ൽ വീണ്ടും റിലീസ് ചെയ്യാനൊരുങ്ങുന്ന സിനിമ. ചിത്രം പുറത്തിറങ്ങിയിട്ട് 2027-ൽ 20വർഷം തികയും. അതിന്റെ ആഘോഷത്തിന്റെ ഭാ​ഗമായിട്ടായിരിക്കും റീ-റിലീസ്.