അമ്പത്തൊന്നാമത് ടൊറോന്‍റോ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട നൂറ്റിനാല്പതോളം ചിത്രങ്ങളുടെ പേരുകള്‍ പുറത്തുവന്നു. ഇയന്‍ ബാവയുടെ 'സ്ട്രോങ് സൺ', ഡോ. റോഷന്‍ സേത്തിയുടെ 'ദ് സര്‍ജന്‍' കാര്‍ത്തിക് സുബ്ബരാജിന്‍റെ 'ഡോറൊത്തി' സംജാദ് സംവിധാനം ചെയ്ത 'ഹാഫും' എന്നിവ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലോകോത്തര ആക്ഷന്‍ ത്രില്ലറുകളുടെ വിഭാഗമായ മിഡ്‌നൈറ്റ് മാഡ്‌നെസ്സിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ മലയാള ചലച്ചിത്രലോകത്തിനു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണ് 'ഹാഫ്'.
ക്ലാസ്സിക് സിനിമകളുടെ വിഭാഗത്തില്‍ അന്തരിച്ച വിഖ്യാത ചലച്ചിത്രകാരനായ ജോണ്‍ എബ്രഹാമിന്‍റെ അവസാന ചിത്രമായ 'അമ്മ അറിയാന്‍റെ' 4 K യില്‍ വീണ്ടെടുത്ത ഒരു പതിപ്പ് പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ ലോകസിനിമാചരിത്രത്തില്‍ മലയാളത്തിന്‍റെ പങ്ക് വീണ്ടും അംഗീകരിക്കപ്പെടുകയാണ്. ഇക്കഴിഞ്ഞ കാന്‍ ചലച്ചിത്രമേളയിലും 'അമ്മ അറിയാന്‍' അതിലെ പ്രധാന നടനായ ജോയ് മാത്യുവിന്‍റെയും ചിത്രസംയോജകയായ ബീന പോളിന്‍റേയും സാന്നിദ്ധ്യത്തില്‍ ആഘോഷിക്കപ്പെട്ടിരുന്നു.
കാനഡയുടെ മാനിറ്റോബയിലെ വിനിപെഗില്‍ താമസിക്കുന്ന ഇന്ത്യന്‍ വേരുകളുള്ള സംവിധായകനാണ് ഇയന്‍ ബാവ. മുമ്പ് ഹ്രസ്വചിത്രങ്ങളും വാര്‍ത്താസീരീസുകളും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്‍റെ 2020 ലെ 'സ്ട്രോങ് സണ്‍' എന്ന ഹ്രസ്വചിത്രത്തിന്‍റെ വികസിതപതിപ്പാണ് ഇപ്പോള്‍ ഇതേ പേരില്‍ത്തന്നെ മേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
പിതാവിന്‍റെ വാര്‍ദ്ധക്യവിഷമതകള്‍ കണ്ട്, എല്ലാം ഉപേക്ഷിച്ച്, അദ്ദേഹത്തിന്‍റെ സഹായിയായി വീട്ടിലേയ്ക്ക് ഒതുങ്ങുന്ന ഒരു ബോഡി ബില്‍ഡറായ മകന്‍റെ വേഷത്തില്‍ ചിത്രത്തില്‍ വരുന്നത് മന്‍ദീപ് സോധിയാണ്. അമൃത് പര്‍ഭാകര്‍ പിതാവായി വേഷമിടുന്ന ചിത്രത്തില്‍ മിഖൈല കുരിംസ്‌കി, സുസാന്‍ പ്രിന്‍ഗിള്‍, യുവ്‌രാജ് സിങ് ദേശി, എറിക് അതാവലെ, ഒനാലി ആമെസ്, ക്രിസ്റ്റ്യന്‍ ജോര്‍ഡന്‍ എന്നിവരും അഭിനയിക്കുന്നു.
'ഞാൻ ഇതുവരെ ഏറ്റെടുത്തിട്ടുള്ളതിൽ ഏറ്റവും വ്യക്തിപരമായ ചിത്രമാണിത്. എന്റെ അച്ഛനും കുടുംബത്തിനും ഈ ചിത്രത്തിലൂടെ ആദരമർപ്പിക്കാൻ കഴിയുന്നത് എനിക്ക് അതിയായ സന്തോഷവും വലിയ ഉത്തരവാദിത്വവുമാണ്'-സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്ന് പകര്‍ത്തിയ പുതിയ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ തന്നെ പറയുന്നത് അങ്ങനെയാണ്. കാനഡയിലെ മറ്റു നഗരങ്ങളെയപേക്ഷിച്ച് ഇന്ത്യക്കാര്‍ കുറവായ വിനിപെഗിലെ ചെറുപ്പകാലത്തെക്കുറിച്ച് ഇയന്‍ ബാവ പറയുന്നതിങ്ങനെ:
'ചുറ്റുവട്ടത്തിലും സ്കൂളിലുമൊക്കെയായി ഇന്ത്യക്കാര്‍ വളരെ കുറവായിരുന്നതിനാലും കൂട്ടുകാരുടെ പരിഹാസങ്ങള്‍ക്കിരയായിരുന്നതിനാലും പഠനകാലത്ത് ഞാന്‍ എന്‍റെ ഇന്ത്യന്‍ സ്വത്വം അങ്ങേയറ്റം മറച്ചുപിടിക്കാന്‍ ശ്രമിച്ചിരുന്നു. കാലം ചെല്ലുന്നതോടെ, അത് തെറ്റായിരുന്നെന്നും ഇന്ത്യന്‍ സംസ്ക്കാരം ഉയര്‍ത്തിപ്പിടിക്കേണ്ട ഒന്നാണെന്നും എനിക്ക് മനസ്സിലായി'.
ഇയന്‍ ബാവയുടെ ഇരുപതാം വയസ്സിലാണ് അമ്മ മരിക്കുന്നത്. ജീവിതത്തില്‍ വളരെ കണിശക്കാരനായിരുന്ന പിതാവ് അതോടെ മാനസികമായി തകരുന്നതും രോഗാതുരനാകുന്നതും കണ്ടതിനാല്‍ എല്ലാ ഭിന്നതകളും മാറ്റിവച്ച് അവര്‍ പരസ്പരസഹായത്തോടെ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. 'മാതാപിതാക്കളില്‍ ഒരാള്‍ പോകുമ്പോള്‍ കുടുംബത്തിന്‍റെ അടിത്തറയില്‍ വിള്ളലുകള്‍ ഉണ്ടാകുന്നു. മറ്റേയാള്‍ കൂടി പോകുമ്പോള്‍ നാം അനാഥരാകുകയാണ്. 'എന്റെ അച്ഛൻ എന്റെ നിഴലും, എന്റെ പ്രചോദനവും, എന്റെ ഏറ്റവും നല്ല സുഹൃത്തുമായിരുന്നു. ഇപ്പോൾ അദ്ദേഹത്തെ ഞാൻ ഒരുപാട് മിസ് ചെയ്യുന്നു.'- ഇയന്‍ ബാവ പറയുന്നു.
ചിത്രത്തിന്‍റെ നിര്‍മ്മാണവേളയില്‍ കൂട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും ലഭിച്ച സഹായങ്ങള്‍ എണ്ണിപ്പറഞ്ഞ്, ചിത്രത്തിന്‍റെ ആഗോള പ്രദര്‍ശനോദ്ഘാടനത്തിനായി പ്രേക്ഷകരോടൊപ്പം സംവിധായകനും ആകാംക്ഷയോടൊപ്പം കാത്തിരിക്കുകയാണ്.
മുമ്പ് 'വേള്‍ഡ്‌സ് ബെസ്റ്റ്', 'എ നൈസ് ഇന്‍ഡ്യന്‍ ബോയ്' എന്നീ ചിത്രങ്ങള്‍ ചെയ്തിട്ടുള്ള റോഷന്‍ സേത്തി ബോസ്റ്റണില്‍ റേഡിയേഷന്‍ ഒങ്കോളജിസ്റ്റ് ആയിരുന്നു. അദ്ദേഹം തന്നെ തിരക്കഥയെഴുതിയ ഈ മെഡിക്കല്‍ ഡ്രാമയില്‍ ഓസ്ക്കര്‍ പുരസ്ക്കാരജേതാവായ മിഷേല്‍ യോ ആണ് പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്.
കീര്‍ത്തി സുരേഷ് നായികയായി വരുന്ന 'ഡോറൊത്തി' കാര്‍ത്തിക് സുബ്ബരാജിന്‍റെ പത്താമത്തെ സിനിമയാണ്. സംഗീതചക്രവര്‍ത്തിയായ ഇളയരാജയുടെ സംഗീതം ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. സനന്ത്, റിഷികാന്ത് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ ഈ ചിത്രത്തില്‍ വരുന്നത്.
സംജാദിന്‍റെ സംവിധാനത്തില്‍ അമല പോള്‍, അബ്ബാസ്, രഞ്‌ജിത്ത് സജീവ്, ശ്രീകാന്ത് മുരളി, ഐശ്വര്യ രാജ് തുടങ്ങിയവര്‍ അഭിനയിക്കുന്ന 'ഹാഫ്', ഏറ്റവും മികച്ച ആക്ഷന്‍ ഡ്രാമകളടങ്ങുന്ന മിഡ്‌നൈറ്റ് മാഡ്നെസ്സ് വിഭാഗത്തില്‍ ഇദംപ്രഥമമായി ഇടം പിടിക്കുന്ന മലയാളചിത്രമാണ്. ഹോളിവുഡ് സിനിമകളെ വെല്ലുവിളിക്കുന്ന രീതിയിലുള്ള ചിത്രനിര്‍മ്മാണമാണ് ഇതിന്‍റേത്. പി.കെ.സജീവ്, ആന്‍ സജീവ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ചിട്ടുള്ള ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകനും പ്രവീണ്‍ വിശ്വനാഥുമാണ്. മഹേഷ് ഭുവനേന്ദ് ചിത്രസംയോജനവും മിഥുന്‍ മുകുന്ദന്‍ സംഗീതസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ശബ്ദസംവിധാനം വിഷ്‌ണു ഗോവിന്ദ്.
ഇനിയും 240 ല്‍ അധികം ചിത്രങ്ങളുടെ പേരുകള്‍ അടുത്ത ഒരാഴ്ചയ്‌ക്കുള്ളില്‍ പുറത്തുവരുന്നുണ്ട്. 2026 സെപ്റ്റംബര്‍ 10 മുതല്‍ 20 വരെ 27 വേദികളിലായി നടക്കുന്ന ടൊറോന്‍റോ രാജ്യാന്തര ചലച്ചിത്രമേളയില്‍ അയ്യായിരത്തോളം ചലച്ചിത്രപ്രവര്‍ത്തകരും ആയിരത്തിഅഞ്ഞൂറോളം മാധ്യമപ്രവര്‍ത്തകരുമുള്‍പ്പടെ അഞ്ചു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.