ഉദയായുടെ സിനിമകളിലൂടെ പ്രശസ്തനായ ഛായാഗ്രാഹകൻ ആലപ്പുഴ പൂന്തോപ്പു വാർഡ് തൈപ്പറമ്പ് വീട്ടിൽ ടി.എൻ. കൃഷ്ണൻകുട്ടി (96) അന്തരിച്ചു. 1960 ൽ ഉദയ നിർമിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത 'ഉമ്മ' എന്ന സിനിമയ്ക്കു വേണ്ടിയാണ് ആദ്യമായി ക്യാമറ ചലിപ്പിച്ചത്. ഹരിഹരൻ ആദ്യമായി സംവിധാനം ചെയ്ത 'ലേഡീസ് ഹോസ്റ്റൽ' ഉൾപ്പടെ എഴുപതിൽപരം സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു.
1973 മുതൽ 1978 വരെയുള്ള കാലഘട്ടത്തിൽ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള ക്യാമറാമാനായിരുന്നു കൃഷ്ണൻകുട്ടി. പോലീസ് കോൺസ്റ്റബിളായിരുന്ന കല്ലേലിൽ നാരായണൻ പിള്ളയുടെ മകനാണ്. ആലപ്പുഴ എസ് ഡി വി സ്കൂളിൽ പഠിക്കുന്ന കാലത്ത് അടുത്ത കൂട്ടുകാരന്റെ ബോക്സ് ക്യാമറ കണ്ടാണ് ക്യാമറയോട് കമ്പം തോന്നുന്നത്. 1949-ൽ 'വെള്ളിനക്ഷത്രം' ആയിരുന്നു ആദ്യ സിനിമ. പ്രധാന ഛായാഗ്രാഹകൻ ശിവറാം സിങ്ങിന്റെ സഹായിയായി കൃഷ്ണൻകുട്ടി സിനിമയിൽ എത്തി. 'ഉമ്മ'യിലൂടെ കൃഷ്ണൻകുട്ടി സ്വതന്ത്ര ഛായാഗ്രാഹകനായി. സീത, നീലി സാലി, ഉണ്ണിയാർച്ച, കൃഷ്ണ കുചേല, പാലാട്ടു കോമൻ, ഭാര്യ, റബേക്ക, കടലമ്മ, പഴശ്ശിരാജ തുടങ്ങി ഉദയായുടെ മിക്ക ചിത്രങ്ങൾക്കും കൃഷ്ണൻകുട്ടിയായിരുന്നു ഛായാഗ്രാഹകൻ. ഉദയായുടെ 14 ചിത്രങ്ങളിൽ സഹകരിച്ചു.
മലയാളത്തിലെ ആദ്യത്തെ റോഡ് മൂവി എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമായ 'കണ്ണൂർ ഡീലക്സി'ന്റെ ഛായാഗ്രണം ഇദ്ദേഹമായിരുന്നു. പത്തോളം എ.ബി രാജ് ചിത്രങ്ങളിൽ കൃഷ്ണൻകുട്ടി ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. ഹരിഹരനൊപ്പം പതിനഞ്ചോളം ചിത്രങ്ങൾ ചെയ്തു. വിരുതൻ ശങ്കു, വിരുന്നുകാരി, ഡിറ്റക്ടീവ് 909 കേരളത്തിൽ, പഞ്ചവടി, ബാബുമോൻ, യാഗാശ്വം, പാദസരം, തെമ്മാടി വേലപ്പൻ, പുത്രകാമേഷ്ടി, കളിപ്പാവ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു. ഒടുവിൽ ഛായാഗ്രഹണം നിർവഹിച്ച 'വിഷുപ്പക്ഷി' പുറത്തിറങ്ങിയില്ല. അമ്പതോളം നസീർ ചിത്രങ്ങൾക്ക് അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചു. മമ്മൂട്ടി അഭിനയിച്ച കാലചക്രം എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും കൃഷ്ണൻകുട്ടി ആയിരുന്നു. തിക്കുറിശ്ശി സുകുമാരൻ നായർ, എം.എം. നേശൻ, പി.ജെ.ആന്റണി, ശശികുമാർ, വേണു, കെ.പി. പിള്ള, കെ.നാരായണൻ എന്നീ സംവിധായകരുടെ സിനിമകൾക്കു വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ലളിതമ്മ. മക്കൾ : ഹരികൃഷ്ണൻ, ജയകൃഷ്ണൻ, ജ്യോതികൃഷ്ണ. സംസ്‌കാരം തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് വീട്ടുവളപ്പിൽ നടക്കും.