'തുടക്കം'പോസ്റ്ററിൽ വിസ്മയ മോഹൻലാൽ കടപ്പാട്-ഫേസ്ബുക്ക്
Malayalam

വിസ്മയ മോഹന്‍ലാലിന് മികച്ച 'തുടക്കം'; ആവേശം നിറച്ച് ആശിഷും

പപ്പപ്പ റിപ്പോര്‍ട്ടര്‍

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയുടെയും അരങ്ങേറ്റ ചിത്രമായ 'തുടക്കം' തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ദിനം പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍, സോഷ്യല്‍ മീഡിയയിലുടനീളം ചിത്രത്തിനും താരങ്ങളുടെ പ്രകടനത്തിനും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആദ്യ സിനിമയില്‍ തന്നെ ആയോധനകലകളിലെ മികവ് കൊണ്ടും ആത്മവിശ്വാസം നിറഞ്ഞ പ്രകടനം കൊണ്ടും വിസ്മയ കാണികളെ കൈയിലെടുത്തു. കഥാപാത്രത്തിന് ആവശ്യമായ തീവ്രതയും ആക്ഷന്‍ രംഗങ്ങളിലെ വഴക്കവും കൃത്യമായി സ്‌ക്രീനിലെത്തിക്കാന്‍ വിസ്മയയ്ക്ക് സാധിച്ചുവെന്ന് പ്രേക്ഷകര്‍ കുറിക്കുന്നു. അച്ഛന്‍ മോഹന്‍ലാലിന് അഭിമാനം നല്‍കുന്ന പ്രകടനമാണ് വിസ്മയയുടേത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന അഭിപ്രായം.

ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയ ആശിഷ് ജോ ആന്റണിയുടെ പ്രകടനവും ശ്രദ്ധ നേടിയിട്ടുണ്ട്. നിശബ്ദവും എന്നാല്‍ അപകടം സൃഷ്ടിക്കുന്നതുമായ കഥാപാത്രത്തെ മികച്ച ഭാവമാറ്റങ്ങളിലൂടെയാണ് ആശിഷ് സ്‌ക്രീനിലെത്തിച്ചിരിക്കുന്നത്.

'തുടക്കം'പോസ്റ്ററിൽ വിസ്മയ മോഹൻലാലും ആശിഷ് ജോ ആന്റണിയും

ചിത്രത്തില്‍ മോഹന്‍ലാലിന്റെ അതിഥി വേഷവും തിയേറ്ററുകളില്‍ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. ക്ലൈമാക്‌സിനോടടുത്തുള്ള അദ്ദേഹത്തിന്റെ സാന്നിധ്യവും ആക്ഷന്‍ രംഗങ്ങളും ആരാധകരെ ഇളക്കിമറിച്ചു. സായ് കുമാര്‍, ചിപ്പി, മനോജ് കെ. ജയന്‍, ബോബി കുര്യന്‍, ഗണേഷ് കുമാര്‍ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.

'തുടക്കം'ട്രെയിലറിൽ മോഹൻലാൽ

ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ സഹോദരന്‍ പ്രണവ് മോഹന്‍ലാലിനൊപ്പം കൊച്ചിയിലെ തിയേറ്ററില്‍ സിനിമ കാണാന്‍ വിസ്മയ എത്തിയിരുന്നു. വിസ്മയയുടെ കൈപിടിച്ച് തിയേറ്ററിലേക്ക് എത്തുന്ന പ്രണവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

സിനിമയുടെ റിലീസിന് മുന്നോടിയായി മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ് തുടങ്ങിയ പ്രമുഖ ചലച്ചിത്ര താരങ്ങള്‍ വിസ്മയയ്ക്കും 'തുടക്കം' ടീമിനും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. ജൂഡ് ആന്തണി ജോസഫ്, ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രം ആക്ഷന്‍ ഡ്രാമയായാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.