വെള്ളിത്തിരയിൽ മോഹൻലാൽ എന്ന നടനവൈഭവം തീർത്ത മാസ്മരികതയുടെ തണലിൽ വളർന്നൊരാൾ ക്യാമറയ്ക്ക് മുന്നിലേക്ക് നടന്നെത്തുമ്പോൾ പ്രതീക്ഷകളുടെ ഭാരം ഒട്ടും ചെറുതല്ല. എന്നാൽ ആ ഭാരത്തെയെല്ലാം തച്ചുടച്ച്, ആദ്യ ദിനം തന്നെ തിയേറ്ററുകളെ ആവേശക്കടലാക്കിയിരിക്കുകയാണ് വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’. ‘2018’ എന്ന ചരിത്ര വിജയത്തിനു ശേഷം ജൂഡ് ആന്തണി ജോസഫ് വീണ്ടുമൊരു ദൃശ്യവിരുന്ന് ഒരുക്കുമ്പോൾ, ബോക്സ് ഓഫീസിലും ആ തരംഗം ആവർത്തിക്കുകയാണ്.
റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ഏകദേശം 2.40 കോടിയോളം രൂപയുടെ കളക്ഷൻ നേടി ഇന്ത്യയിലൊട്ടാകെ ഗംഭീര ഓപ്പണിങ്ങാണ് ചിത്രം കുറിച്ചത്. വിദേശ മാർക്കറ്റുകളിലും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദ്യ ദിനത്തിലെ ആഗോള കളക്ഷൻ മൂന്നു കോടിയോളം വരുമെന്നാണ് റിപ്പോർട്ട്. പ്രഖ്യാപന വേള മുതൽ സിനിമാലോകം കൗതുകത്തോടെ കാത്തിരുന്ന ആ വലിയ ‘തുടക്കം’ വെറുതെയായില്ലെന്ന് കളക്ഷൻ കണക്കുകളും പ്രേക്ഷകരുടെ പ്രതികരണങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
വെറുമൊരു താരപുത്രിയുടെ അരങ്ങേറ്റത്തിനപ്പുറം, ആക്ഷനും വൈകാരികതയ്ക്കും പ്രാധാന്യമുള്ള കഥാപാത്രത്തെ അതിശയിപ്പിക്കുന്ന മിടുക്കോടെയാണ് വിസ്മയ സ്ക്രീനിൽ പകർത്തിയിരിക്കുന്നത്. വില്ലൻ വേഷത്തിലൂടെ തിളങ്ങിയ നവാഗതൻ ആശിഷ് ജോ ആന്റണിയുടെ പ്രകടനവും പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്. അതിനെല്ലാമപ്പുറം, ഒരു വലിയ സർപ്രൈസായി സ്ക്രീനിലെത്തുന്ന മോഹൻലാലിന്റെ അതിഥി വേഷം തിയേറ്ററുകളിൽ വൻ ആവേശമാണ് സൃഷ്ടിക്കുന്നത്. വരും ദിനങ്ങളിലും കുടുംബപ്രേക്ഷകരുടെയും യുവാക്കളുടെയും വൻ ഒഴുക്കോടെ ചിത്രം വലിയ വിജയത്തിലേക്ക് കുതിക്കുമെന്ന ഉറപ്പിലാണ് അണിയറപ്രവർത്തകർ.