മലയാള സിനിമയുടെ ചിരിയും ചിന്തയുമായിരുന്ന നടൻ സലിംകുമാറിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കനത്ത മഴയെപ്പോലും അവഗണിച്ച് പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പറവൂരിലെ 'ലാഫിങ് വില്ല' എന്ന വസതിയിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. എന്നാൽ, ഈ വിലാപയാത്രയ്ക്കിടയിൽ ചില ദൃശ്യമാധ്യമങ്ങൾ കാട്ടിയ ഔചിത്യമില്ലായ്മയും മൊബൈൽ ക്യാമറയും തുറന്നുപിടിച്ചുനിന്നവരുടെ തിക്കും തിരക്കും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.
പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തിൽ തകർന്നിരിക്കുന്ന കുടുംബത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറകളും മൈക്കുകളുമായി ഇരച്ചുകയറിയ മാധ്യമങ്ങളുടെ ഈ നിലപാടിനെതിരെ കടുത്ത ഭാഷയിലാണ് മുൻ മാധ്യമപ്രവർത്തകയും നിർമാതാവും നടൻ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോൻ പ്രതികരിച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സുപ്രിയ മാധ്യമങ്ങളുടെ ഈ അനിയന്ത്രിതമായ കടന്നുകയറ്റത്തെ രൂക്ഷമായി വിമർശിച്ചത്.
'പ്രിയപ്പെട്ട ഒരാളോട് വിടപറയേണ്ടിവരുന്ന, ഹൃദയം തകരുന്ന വേദനയിലൂടെ കടന്നുപോകുന്ന ഒരു കുടുംബം. എന്നാൽ അവിടെയും, അവസാനയാത്രയുടെ ക്ലോസ് അപ്പ് ദൃശ്യങ്ങൾക്കായി ഇരയെ കാത്തിരിക്കുന്ന കഴുകന്മാരെപ്പോലെ ക്യാമറകളും മൈക്കുകളുമായി തടിച്ചുകൂടുന്നവർ. നിൽക്കുവാൻ പോലും സ്ഥലമില്ലാതെ മകൻ നിലവിളിക്കുന്നു. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.'-സുപ്രിയ കുറിച്ചു.
മറ്റുള്ളവരുടെ സ്വകാര്യനിമിഷങ്ങൾ തത്സമയം കാണാൻ ആഗ്രഹിക്കുന്ന സമൂഹത്തിന്റെ വികലമായ ചിന്താഗതിയെയും സുപ്രിയ ചോദ്യം ചെയ്തു. മാന്യതയും അച്ചടക്കവും മറന്നുള്ള ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും, മനുഷ്യരുടെ സ്വകാര്യതയെ മാനിക്കാൻ മാധ്യമങ്ങൾ തയാറാകണമെന്നും അവർ കൂട്ടിച്ചേർത്തു. 'ഇത് മാധ്യമപ്രവർത്തനമല്ല, വോയറിസമാണ്! അറപ്പുളവാക്കുന്നതും അശ്ലീലവുമാണ്.' എന്ന കടുത്ത വാക്കുകളോടെയാണ് സുപ്രിയ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. മുൻ മാധ്യമപ്രവർത്തകയായ സുപ്രിയയുടെ ഈ പ്രതികരണം അതുകൊണ്ടുതന്നെ വലിയ രീതിയിൽ ചർച്ചയായിക്കഴിഞ്ഞു.
അന്ത്യകർമങ്ങൾ നടക്കുന്നതിനിടയിൽ മൊബൈലും ക്യാമറകളുമായി തിങ്ങിനിറഞ്ഞവർ സൃഷ്ടിച്ച അനിയന്ത്രിതമായ തിരക്ക് സലിംകുമാറിന്റെ കുടുംബത്തിന് വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയത്. സലിംകുമാറിന്റെ മകനും നടനുമായ ചന്തുവിന് പിതാവിന്റെ ഭൗതികശരീരത്തിനടുത്തേക്കു പോലും എത്താൻ കഴിയാത്ത വിധം ക്യാമറകൾ ചുറ്റും തടിച്ചുകൂടി.
ഒടുവിൽ നിയന്ത്രണം വിട്ട ചന്തു വികാരാധീനനായി 'നിങ്ങൾക്ക് എന്താണ് വേണ്ടത്? മാറി നിൽക്കൂ...' എന്നു പൊട്ടിത്തെറിക്കുന്ന വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ഒടുവിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നേരിട്ടിറങ്ങിയ അവസ്ഥവരെയുണ്ടായി. കാഴ്ചക്കാരെയും ടിആർപിയും കൂട്ടാനുള്ള തിരക്കിൽ മനുഷ്യത്വം നഷ്ടമായെന്ന് നടി രജിഷ വിജയനും സോഷ്യൽ മീഡിയയിൽ കുറിച്ചു.
മരണവീടുകളിലെ ഇത്തരം മാധ്യമവേട്ടകൾക്കെതിരെ സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും വലിയ രീതിയിലുള്ള അമർഷമാണ് ഉയരുന്നത്. റേറ്റിങ്ങിനും വ്യൂസിനും വേണ്ടി ഒരു കുടുംബത്തിന്റെ കണ്ണീരിനെ വില്പനയ്ക്ക് വയ്ക്കുന്ന ഇത്തരം മാധ്യമസംസ്കാരം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നാണ് സുപ്രിയയുടെ പോസ്റ്റിനെ പിന്തുണച്ചുകൊണ്ട് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.