സിനിമയ്ക്കുള്ളിലെ സിനിമയും അവിടുത്തെ കൊച്ചു കൊച്ചു വിശേഷങ്ങളും എപ്പോഴും കൗതുകകരമാണ്. മമ്മൂട്ടി തന്റെ സുഹൃത്തുക്കൾക്കായി പങ്കുവച്ച കുറിപ്പ് ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ്. ഒരു സിനിമാക്കഥ പോലെ രസകരമായ കുറിപ്പാണ് മെഗാസ്റ്റാർ വാട്സ് ആപ്പിൽ സുഹൃത്തുക്കൾക്കായി പങ്കുവച്ചത്. വനത്തിനുള്ളിലെ ഷൂട്ടിങ് ലൊക്കേഷനിലെ ഒരു 'പ്രണയ'ത്തെക്കുറിച്ചും. നഷ്ടബോധത്തോടെ നില്കുന്ന ഒരു 'നായകനെ'ക്കുറിച്ചുമാണ് മമ്മൂക്കയുടെ കഥ. നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമനാണ് മമ്മൂട്ടിയുടെ കഥ ആരാധകർക്കായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'പദയാത്ര'യിലാണ്. ഇതിന്റെ ഷൂട്ടിങ് കോതമംഗലത്തെ വനമേഖലയിൽ പുരോഗമിക്കുകയാണ്. മമ്മൂട്ടികമ്പനിയാണ് നിർമാണം. അതിന്റെ ലൊക്കേഷനിൽ നിന്നുള്ള കഥയായിട്ടാണ് മമ്മൂട്ടി ഇത് കുറിച്ചത്.
കഥ വായിക്കാം:
വനത്തിലെ ആദിവാസി ഊരിലാണ് ഷൂട്ടിങ്. അഭിനയിക്കാനായി പരിശീലനം സിദ്ധിച്ച മൂന്നു പിടക്കോഴികളെയും ഒരു പൂവൻ കോഴിയേയും കൊണ്ടുവന്നിട്ടുണ്ട്. ഷൂട്ടിങ് ഇടവേളയിൽ സുന്ദരിയായ ഒരു പിടക്കോഴിയും പൂവൻ കോഴിയും പരസ്പരം കലഹിക്കുന്ന രീതിയിലുള്ള ചില ചേഷ്ടകൾ കാണിക്കുന്നത് ഞാൻ ശ്രദ്ധിച്ചതാണ്.
അങ്ങനെ ഇന്നലത്തെ ഷൂട്ടിങ് കഴിഞ്ഞു. ഇന്നു രാവിലെ ലൊക്കേഷനിൽ എത്തിയപ്പോൾ, ഇന്നലത്തെ പിടക്കോഴിയെ കാണാനില്ലന്നുള്ള വാർത്തയാണ് എന്നെ എതിരേറ്റത്. ചിത്രത്തിന്റെ നിർമാതാവെന്ന നിലക്ക് കോഴിയെ തിരിച്ചേല്പിക്കേണ്ട ഉത്തരവാദിത്തം എനിക്കാണ്. എത്രയും പെട്ടെന്ന് മേൽപ്പറഞ്ഞ കോഴിയെ കണ്ടു പിടിക്കണമെന്ന് നിർമാണ കാര്യദർശിയോട് ഞാൻ നിർദ്ദേശിച്ചു.
സുന്ദരിയായ ഈ കോഴിക്കുട്ടിയെ പൂവൻകോഴി പീഡിപ്പിച്ചു കാണുമോ എന്നായിരുന്നു എന്റെ ഭയം. എന്നാൽ തികച്ചും നിസംഗനായി തീറ്റ കൊത്തിത്തിന്നുന്ന പൂവൻകോഴിയെയാണ് ഞാൻ അവിടെ കണ്ടത്. സുന്ദരിക്കോഴിക്ക് എന്തുപറ്റിയെന്ന ആശങ്കയായിരുന്നു എനിക്ക്!
അവളുടെ തൂവലുകളുടെ ചന്തവും കോഴിനടയും, കൊക്കുമെല്ലാം എന്റെ മനസിലൂടെ കടന്നുപോയി. ഷൂട്ടിങ്ങിനു കൊണ്ടുവന്ന ഒരു കറുത്തപട്ടിയെ എനിക്ക് സംശയമുണ്ടായിരുന്നു. അവനെങ്ങാനും ഇരുട്ടിന്റെ മറവിൽ തട്ടിയതായിരിക്കുമോ? അങ്ങനെ പലതും ചിന്തിച്ച് കുറേ നേരം ഞാനങ്ങനെയിരുന്നു.
ഒരു മണിക്കൂറിനു ശേഷം നിർമാണ കാര്യദർശി വന്നു പറഞ്ഞപ്പോൾ ഞാൻ അദ്ഭുതപ്പെട്ടു പോയി. എന്റെ സുന്ദരിക്കോഴി സുന്ദരനും മല്ലനുമായ ഒരു കാട്ടുകോഴിയുമായി ഒളിച്ചോടിയത്രെ.ഞാൻ പൂവൻകോഴിയെ നോക്കി. അവന്റെ നിസ്സംഗതയുടെ അർഥം നഷ്ടബോധമാണെന്ന് എനിക്ക് മനസ്സിലായി.
'ഷോട്ട് റെഡി' സഹസംവിധായകൻ വന്ന് വിളിച്ചു .
പൂവൻകോഴിയുടെ വിരഹ ദു:ഖവും പേറി ഞാൻ ഷോട്ടിലേക്ക്.
ഇത്രയും പകർത്തിയതിനുശേഷം ശ്രീരാമൻ പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:
(നടേ കുറിച്ച കഥ-ശരിക്കും ഉണ്ടായ കെട്ടുകഥ- ഇന്നലെ മമ്മൂട്ടി തന്റെ സുഹൃത്തുക്കളുടെ വാട്സാപ് ഗ്രൂപ്പിൽ കുറിച്ചതാണ്. അതിവിടെ പങ്കുവെക്കുന്നു.)