മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നാണ് 1998-ല്‍ റിലീസ് ചെയ്ത 'സമ്മര്‍ ഇന്‍ ബത്‌ലഹേം'. മോഹന്‍ലാല്‍-സുരേഷ് ഗോപി-ജയറാം-മഞ്ജു വാര്യര്‍-സിബി മലയില്‍ ടീം ഒരുക്കിയ ഫാമിലി ഡ്രാമ റിലീസ് ചെയ്ത് 28 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ചിത്രത്തില്‍നിന്ന് ഒഴിവാക്കിയ നിര്‍ണായക ക്ലൈമാക്‌സ് രംഗങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് നിർമാണക്കമ്പനി.
നിര്‍മാതാവ് സിയാദ് കോക്കറുടെ 'കോക്കേഴ്സ് എന്റര്‍ടൈന്‍മെന്റ്സ്' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഒന്‍പത് മിനിറ്റ് ദൈര്‍ഘ്യമുള്ള, സീനുകള്‍ പുറത്തുവിട്ടത്. മോഹന്‍ലാല്‍ അവതരിപ്പിച്ച നിരഞ്ജന്‍ എന്ന കഥാപാത്രവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ആമിയും ഡെന്നിസും (മഞ്ജു വാര്യരും സുരേഷ് ഗോപിയും) വീട്ടിലേക്ക് തിരിച്ചെത്തുന്നതും അതിനുശേഷമുള്ളതുമായ വൈകാരികമായ രംഗങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ നിരഞ്ജന്റെ നിര്‍ബന്ധപ്രകാരം ഡെന്നിസ് ആമിയെ താലികെട്ടുന്നുണ്ട്. എന്നാല്‍, ഒരാളെ അഗാധമായി പ്രണയിച്ച പെണ്‍കുട്ടി നിമിഷങ്ങള്‍ക്കുള്ളില്‍ മറ്റൊരാളെ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കയാണ് ഇത്തരമൊരു രംഗം ചിത്രീകരിക്കാന്‍ സംവിധായകന്‍ സിബി മലയിലിനെ പ്രേരിപ്പിച്ചത്.
ജയിലില്‍നിന്നു മടങ്ങിയെത്തിയ ശേഷം ആമി ഈ വിവാഹബന്ധം അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതും, തുടര്‍ന്ന് ജയറാമിന്റെ കഥാപാത്രമായ രവിശങ്കറും ഡെന്നിസും കുടുംബാംഗങ്ങളും ചേര്‍ന്ന് ആമിയെ അനുനയിപ്പിക്കുന്നതുമാണ് രംഗത്തിലുള്ളത്. കൂടാതെ, ഒരു സ്വപ്നത്തിലെന്നപോലെ നിരഞ്ജന്‍ വീണ്ടും പ്രത്യക്ഷപ്പെട്ട് ഡെന്നിസിനൊപ്പം ജീവിക്കാന്‍ ആമിയോട് ആവശ്യപ്പെടുന്ന ഭാഗവും ഇതിലുണ്ട്.
സിനിമയുടെ ദൈര്‍ഘ്യം കുറയ്ക്കാനാണ് പ്രധാനമായും ഈ രംഗങ്ങള്‍ കട്ട് ചെയ്തതെന്ന് അണിയറക്കാര്‍ പറയുന്നു. എന്നാല്‍ ഇതിനു പിന്നില്‍ മറ്റൊരു കാരണവുമുണ്ടെന്ന് സിബി മലയില്‍ വെളിപ്പെടുത്തി. ആദ്യദിനം തിയറ്ററില്‍ സിനിമ കണ്ട നിര്‍മാതാവ് സിയാദ് കോക്കറാണ് ഈ സീനുകള്‍ ആവശ്യമില്ലെന്ന് നിര്‍ദേശിച്ചത്.
നിരഞ്ജന്‍ മരിച്ചു എന്ന് പ്രേക്ഷകര്‍ തിരിച്ചറിയുന്നതോടെ അവര്‍ വൈകാരികമായി തളരുമെന്നും, അതിനുശേഷം ഇത്രയും ദൈര്‍ഘ്യമുള്ള അനുനയരംഗങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്നും സിയാദ് കോക്കര്‍ വിലയിരുത്തി. ഒരു 'ജമ്പ് കട്ട്' ഫീല്‍ ചെയ്യുമെന്ന് കരുതിയെങ്കിലും സിനിമയുടെ ഒഴുക്കിനെ അത് ബാധിച്ചില്ലെന്ന് പിന്നീടു വ്യക്തമായി.
വര്‍ഷങ്ങള്‍ക്കുശേഷം ബത്‌ലഹേം റീമാസ്റ്റർ ചെയ്ത് റീ റിലീസ് ചെയ്തപ്പോൾ ഒഴിവാക്കിയ ഈ രംഗം കൂടി ഉൾപ്പെടുത്താൻ ആലോചിച്ചിരുന്നു. പക്ഷേ കാലപ്പഴക്കത്താൽ എഡിറ്റ്ചെയ്ത് ഒഴിവാക്കിയ ഭാഗത്തിന്റെ പ്രിന്റിന്റെ ഗുണനിലവാരം നഷ്ടപ്പെട്ടിരുന്നു. അതോടെ ശ്രമം ഉപേക്ഷിച്ചു. പുറത്തുവന്ന രംഗങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
നിരഞ്ജന്‍ എന്ന കഥാപാത്രത്തിനു കൂടുതല്‍ വ്യക്തത നല്‍കാന്‍ ഈ സീനുകള്‍ സഹായിക്കുന്നുണ്ടെന്ന് ഒരു വിഭാഗം പ്രേക്ഷകര്‍ അഭിപ്രായപ്പെടുമ്പോള്‍, ആ രംഗങ്ങളിലെ നാടകീയത ഒഴിവാക്കിയത് നന്നായി എന്നും അത് സിനിമയുടെ മൂഡിന് ചേരില്ലെന്നുമാണ് മറ്റൊരു വിഭാഗത്തിന്റെ പക്ഷം. എഡിറ്റർക്ക് സിനിമയിലുള്ള സ്ഥാനം വ്യക്തമാക്കുന്നതാണ് ഒഴിവാക്കപ്പട്ട സീൻ എന്നാണ് ഏറെപ്പേരും അഭിപ്രായപ്പടുന്നത്. എന്തായാലും, മലയാളികള്‍ നെഞ്ചേറ്റിയ ഒരു ക്ലാസിക് ചിത്രത്തിൽ നിന്ന് മുറിച്ചുനീക്കപ്പട്ട വൈകാരിക മുഹൂർത്തങ്ങൾ കാണാന്‍ സാധിച്ചതിന്റെ ആവേശത്തിലാണു ചലച്ചിത്രാസ്വാദകര്‍.