'ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍' പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Malayalam

രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദിന്റെ മാന്ത്രികനെ മലയാളത്തിന് പരിചയപ്പെടുത്തും

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഫഹദ് ഫാസില്‍ നായകനാകുന്ന പുതിയ തെലുങ്ക് ഫന്റസി എന്റര്‍ടെയ്നര്‍ 'ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍' സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കായി പ്രശസ്ത സംവിധായകന്‍ എസ്. എസ്. രാജമൗലി കേരളത്തില്‍. ഇന്നു വൈകുന്നേരം ആറിന് കൊച്ചി ലുലു മാളില്‍ നടക്കുന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങില്‍ മുഖ്യാതിഥിയായാണ് അദ്ദേഹം പങ്കെടുക്കുന്നത്.

ഇന്ത്യന്‍ സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ രാജമൗലിയാണ് ചിത്രം അവതരിപ്പിക്കുന്നത്. നവാഗതനായ ശശാങ്ക് യെലേതി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ രണ്ടിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. ഫഹദ് ഫാസില്‍ തെലുങ്കില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

ഒരു കൊച്ചുപെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുന്ന സൂരി എന്ന മജീഷ്യന്റെ വേഷത്തിലാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. പെണ്‍കുട്ടിയായി സാറ പലേക്കറാണ് എത്തുന്നത്. സൗരഭ് സച്‌ദേവയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അര്‍ക്ക മീഡിയ വര്‍ക്‌സ്, ഷോയിങ് ബിസിനസ് എന്നീ ബാനറുകളില്‍ എസ്. എസ്. കാര്‍ത്തികേയ, ശോഭു യാര്‍ലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

'ഡോണ്ട് ട്രബിള്‍ ദ് ട്രബിള്‍' ടീസറിൽ നിന്ന്

കാല ഭൈരവ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ബ്രാഡ് ഫ്രാന്‍സിസ് ഛായാഗ്രഹണവും പ്രവീണ്‍ ആന്റണി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. തെലുങ്കിന് പുറമെ മലയാളം, തമിഴ് പതിപ്പുകളിലും ചിത്രം റിലീസ് ചെയ്യും. കേരളത്തില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവരുടെ ഭാവന സ്റ്റുഡിയോസിന്റെ വിതരണ ശൃംഖലയായ ഭാവന റിലീസ് ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

അതേസമയം, മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വാരാണസി'യുടെ തിരക്കുകളിലാണ് രാജമൗലി. ആക്ഷന്‍-അഡ്വഞ്ചര്‍ ചിത്രം 2027 ഏപ്രില്‍ 7-ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം.