ശ്രീനിവാസൻ തിരക്കഥയെഴുതി എം.മോഹനൻ സംവിധാനം ചെയ്ത സിനിമയാണ് കഥ പറയുമ്പോൾ. ശ്രീനിയുടെ ഭാര്യ വിമലയുടെ സഹോദരനാണ് മോഹനൻ. അശോക് രാജ് എന്ന സൂപ്പർതാരവും ബാലൻ എന്നുപേരുള്ള ബാർബറും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് കഥപറയുമ്പോൾ. അതിൽ നടനാകും മുമ്പ് തന്റെ കാതിലെ കടുക്കൻ തന്ന ബാലനെക്കുറിച്ച് ആ സിനിമയുടെ ക്ലൈമാക്സിൽ അശോക് രാജ് ഓർക്കുന്നുണ്ട്. അതുപോലൊരു കടപ്പാടിന്റെ ഓർമ ശ്രീനിവാസനും മമ്മൂട്ടിക്കും ഇടയിലുമുണ്ട്. ശ്രീനി വിമലയെ കല്യാണം കഴിച്ച കഥയുടെ ക്ലൈമാക്സിലും മമ്മൂട്ടി കടന്നുവരുന്നു. അത് ശ്രീനിവാസന്റെ തന്നെ വാക്കുകളിലൂടെ:
കല്ല്യാണം രജിസ്ട്രാർ ഓഫീസിൽ വച്ചു നടത്താനാണ് പ്ലാനിട്ടത്. കല്യാണത്തിനു തലേന്നാണു നാട്ടിലെത്തിയത്. കാര്യങ്ങൾ ഏർപ്പാടാക്കിയ സുഹൃത്ത് പറഞ്ഞു, '12-ാം തീയതി കല്യാണം നടക്കില്ല. അന്നു വസ്തു രജിസ്ട്രേഷന്റെ ബഹളമാണെ'ന്ന്. അങ്ങനെ, 13-ാം തീയതി കല്യാണം എന്നു തീരുമാനിച്ചു. ഇക്കാര്യം വിമലയെ എങ്ങനെ അറിയിക്കണമെന്ന് ആലോചിക്കുമ്പോഴാണു വീട്ടിലേക്ക് വിമല കയറിവരുന്നത്.
വിമല എന്നോട് ഒരാഗ്രഹം പറഞ്ഞു. വിമലയുടെ വീട്ടുകാർക്കു കല്യാണത്തിൽ എതിർപ്പുണ്ടാകാൻ സാധ്യതയില്ല. ആരെയെങ്കിലും കല്യാണം കഴിച്ചാൽ മതി എന്ന ചിന്തയായിരുന്നു വീട്ടുകാർക്ക്. അതുകൊണ്ടു നേരിട്ടു വീട്ടിൽ പോയി കാര്യങ്ങൾ അവതരിപ്പിക്കണം. ആർഭാടരഹിതമായ കല്യാണം അതാണെന്റെ ആഗ്രഹമെന്നു ഞാനും അറിയിച്ചു. വിമലയുടെ വീട്ടിൽ പോയി കാര്യങ്ങൾ പറഞ്ഞാൽ അവർ നല്ല രീതിയിൽ കല്യാണം നടത്താൻ തുനിഞ്ഞിറങ്ങും. അതോടെ ചെലവുകൾ വർധിക്കും. കൈയിൽ നാനൂറു രൂപയോളം മാത്രം. അതുകൊണ്ടു ബുദ്ധിപൂർവം മുന്നോട്ടുനീങ്ങി. പക്ഷേ, അമ്മയുടെ മുന്നിൽ കുടുങ്ങി. അന്നത്തെ അവസ്ഥയിൽ പൊതുവെ ദു:ഖിതയായ അമ്മ, കല്യാണം എവിടെവച്ചായാലും താലി വേണം എന്ന ഉപാധി മുന്നോട്ടുവച്ചു. താലികെട്ടിയേ മതിയാവൂ. അമ്മയുടെ സങ്കല്പത്തിൽ സ്വർണത്തിന്റെ താലി തന്നെയാണുള്ളത്. ആകെ പുലിവാലായി.
അച്ഛനോ മക്കളോ എന്നുള്ളതല്ല കാര്യം. ഒരിക്കൽ, സുഹൃത്തിനോടു പറഞ്ഞിരുന്നു, മക്കൾ എൻജിനിയറോ, ഡോക്ടറോ ആയില്ലെങ്കിലും അവർക്കല്പം കോമണ്സെൻസ് ഉണ്ടാവണം, കുറച്ച് ഹ്യൂമർസെൻസും. വിനീതും ധ്യാനും അവരുടെ ഇഷ്ടത്തിനു വളരണമെന്നാണ് ആഗ്രഹിച്ചത്. അച്ഛനെന്ന നിലയിൽ അവർക്കു മികച്ച വിദ്യാഭ്യാസം നൽകണമെന്ന് ആഗ്രഹിച്ചു. എന്റെ ഇഷ്ടങ്ങൾ അവരുടെ മേൽ കെട്ടിവയ്ക്കാൻ ആഗ്രഹിച്ചിട്ടില്ല. സിനിമയിൽ അത്യാവശ്യം കോമണ്സെൻസും അധ്വാനിക്കാനുള്ള മനസും ഉണ്ടെങ്കിൽ വിജയം ഉറപ്പാണ്. പിന്നെ, പരാജയങ്ങളും സംഭവിക്കാറുണ്ട്. അതൊക്കെ വിധി.ശ്രീനിവാസൻ
കണ്ണൂരിൽ അതിരാത്രം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. മമ്മൂട്ടി അതിൽ അഭിനയിക്കുന്നുണ്ട്. അവസാനം മമ്മൂട്ടിയെ സഹായത്തിനായി കാണാൻ തീരുമാനിച്ചു. കാര്യങ്ങളെല്ലാം മമ്മൂട്ടിയോടു പറഞ്ഞു. രണ്ടായിരം രൂപയും വാങ്ങിച്ചു. തീർച്ചയായും കല്യാണത്തിനു വരുമെന്ന് മമ്മൂട്ടി ശഠിച്ചു. വീണ്ടും പുലിവാലായി. കാരണം, മമ്മൂട്ടി അന്ന് സ്റ്റാറാണ്. അദ്ദേഹം വന്നാൽ ആരെയും ക്ഷണിക്കാതെ നടത്തുന്ന കല്യാണം ബഹളമയമാവും. കാര്യങ്ങൾ മമ്മൂട്ടിയെ ബോധ്യപ്പെടുത്തി. മമ്മൂട്ടി കല്യാണത്തിനു വന്നില്ല. അങ്ങനെ അമ്മയുടെ താലിയെന്ന സങ്കൽപ്പം യാഥാർത്ഥ്യമായി. വിമലയുടെ ന്യായമായ മറ്റൊരാഗ്രഹവും ആ പണം കൊണ്ടു നിറവേറി. കല്യാണസമയത്തെ സാരിയും ബ്ലൗസുമടക്കമുള്ള വസ്ത്രങ്ങളെല്ലാം ഞാൻ വാങ്ങിനല്കണമെന്നതായിരുന്നു അത്. അങ്ങനെ ജനുവരി 13-ന് കതിരൂർ രജിസ്ട്രാർ ഓഫീസിൽ വച്ച് ഞങ്ങളുടെ കല്യാണം നടന്നു.