ഷാജി കൈലാസും മകൻ ജ​ഗനും  ഫോട്ടോ-അറേഞ്ച്ഡ്
Malayalam

ഹൈറേ‍ഞ്ചിനു മുകളിലും താഴെയുമായി ഒരേസമയം രണ്ടുസിനിമകൾ,സംവിധായകർ അച്ഛനും മകനും

പപ്പപ്പ റിപ്പോര്‍ട്ടര്‍

തൊടുപുഴയിൽ നിന്ന് മറയൂരിലേക്ക് ഏതാണ്ട് 122 കിലോമീറ്ററാണ് ദൂരം. രണ്ടിടങ്ങളിലായി രണ്ട് മലയാളസിനിമകളുടെ ഷൂട്ടിങ് നടക്കുന്നു. ഒന്നിൽ നായകൻ ജോജു ജോർജ്. മറ്റൊന്നിൽ ദിലീപ്. എന്നാൽ അവയുടെ സംവിധായകർ തമ്മിൽ ഒട്ടും ദൂരമില്ല. ഒരാൾ അച്ഛൻ,മറ്റേയാൾ മകൻ. ഹൈറേഞ്ചിന്റെ മുകളിലും താഴ്വാരത്തുമായി അപൂർവമായൊരു സിനിമാചിത്രീകരണവിശേഷത്തിന് സാക്ഷ്യം വഹിക്കുകയാണ് മലയാളസിനിമ. ജോജുവുമൊത്ത് മറയൂരിൽ ഷാജി കൈലാസ് 'വരവ്' ചിത്രീകരിക്കുമ്പോൾ താഴെ തൊടുപുഴയിൽ ദിലീപിന് നേരെ ക്യാമറവെച്ച് ആക്ഷൻ പറയുകയാണ് മകൻ ജ​ഗൻ ഷാജി കൈലാസ്.

അച്ഛനും മകനും സിനിമാസംവിധായകരാകുന്നത് മലയാളത്തിൽ ഇതാദ്യമല്ല. പക്ഷേ അച്ഛന്റെയും മകന്റെയും സിനിമകൾ ഒരേസമയം ഷൂട്ട് ചെയ്യുന്നത് ആദ്യമായിട്ടാകും. കൊച്ചി അമിറ്റി ​ഗ്ലോബൽ ബിസിനസ് സ്കൂളിൽ നിന്ന് മൂന്നാംറാങ്കോടെ ബിബിഎ ജയിച്ചതിന് ശേഷമാണ് ജ​ഗൻ സിനിമയിലേക്കെത്തിയത്. നിഥിൻ രൺജി പണിക്കർക്കൊപ്പം 'കസബ'യിലും 'കാവലി'ലും സഹസംവിധായകനായി പ്രവർത്തിച്ചു. അഹാനകൃഷ്ണകുമാറിനെ നായികയാക്കി 'കരി' എന്ന മ്യൂസിക്കൽ വീഡിയോയും സംവിധാനം ചെയ്തിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത 'എലോണി'ലും 'കടുവ'യിലും ജ​ഗൻ സംവിധാന സഹായിയായിരുന്നു. ഷാജി കൈലാസിന്റെ 'ആറാംതമ്പുരാനി'ലെ മോഹൻലാൽ കഥാപാത്രത്തിന്റെ പേരായിരുന്നു ജ​ഗൻ. ഈ ഓർമയ്ക്കാണ് ഷാജി മൂത്തമകന് ജ​ഗൻ എന്നുപേരിട്ടത്.

ജ​ഗൻ ഷാജി കൈലാസ് സഹസംവിധായകനായി 'കാവലി'ന്റെ സെറ്റിൽ

സിജു വിത്സണെ നായകനാക്കിയുള്ള ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായതിനുശേഷമാണ് ദിലീപ് സിനിമയുമായി ജ​ഗൻ എത്തുന്നത്. D 152 എന്നാണ് ചിത്രത്തിന് താല്കാലികമായി പേരിട്ടിരിക്കുന്നത്. ഉർവശി തീയേറ്റേഴ്സും കാക സ്റ്റോറീസും ചേർന്ന് നിർമിച്ച്‌ ഉർവശി തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന ഇതിന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞദിവസം വൈക്കം മഹാദേവക്ഷേത്രത്തിലായിരുന്നു. അന്നുതന്നെ തൊടുപുഴയിൽ ഷൂട്ടിങ് ആരംഭിക്കുകയും ചെയ്തു.

D 152 പൂജാ ചടങ്ങിൽ ദിലീപിനൊപ്പം ജ​ഗൻ ഷാജി കൈലാസ്(ഇടത്ത്)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' ഓൾ​ഗ പ്രൊഡക്ഷൻസിന്റ ബാനറിൽ നൈസി റെജിയാണ് നിർമിക്കുന്നത്. എ.കെ.സാജനാണ് തിരക്കഥ. മൂന്നാർ,മുണ്ടക്കയം,കോട്ടയം എന്നിവിടങ്ങളിൽ ചിത്രീകരിച്ച ഈ സിനിമയുടെ അവസാനഘട്ട ഷൂട്ടിങ്ങാണ് മറയൂരിലും തേനിയിലുമായി നടക്കുന്നത്.

'വരവി'ന്റെ സെറ്റിൽ ഷാജി കൈലാസ് ജോജുവിനൊപ്പം

ഷാജി കൈലാസിന്റെ മകൻ, നാരായണൻ എന്നുവിളിക്കുന്ന റുഷിൻ 'വരവി'ൽ സംവിധാന സഹായിയായിട്ട് പ്രവർത്തിക്കുന്നുണ്ട്. 'താക്കോൽ' എന്ന സിനിമയിൽ ഇന്ദ്രജിത്തിന്റെ ബാല്യകാലം അവതരിപ്പിച്ച് സിനിമയിലേക്കെത്തിയ റുഷിൻ ​'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്','ആഘോഷം' എന്നീ സിനിമകളിലും പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. ഷാജി കൈലാസിനും ഭാര്യ ആനിക്കും(ചിത്ര) മൂന്ന് ആൺമക്കളാണ്. മൂത്തമകനാണ് ജ​ഗൻ. രണ്ടാമത്തെ മകൻ ഷാരോൺ ഡൽഹി അമിറ്റി യൂണിവേഴ്സിറ്റിയിൽ എം.ബി.എയ്ക്ക് പഠിക്കുന്നു. മൂന്നാമത്തെയാളാണ് റുഷിൻ.