ഫ്ലാഷ്ബാക്കുകള്‍ എപ്പോഴും മനോഹരമാകണമെന്നില്ല. ചിലതു ചോരയുടെ മണമുള്ളതും, ഇരുളടഞ്ഞതുമായിരിക്കും. ജനപ്രിയ ഹാസ്യപരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടന്‍ സാജു കൊടിയന്റെ ജീവിതത്തിലുമുണ്ട് അങ്ങനെയൊരു കറുത്ത ഫ്ലാഷ്ബാക്ക്. മരണത്തിന്റെ കരിനിഴല്‍ വീണ ആ ഡിസംബര്‍ രാവും, അതിനുശേഷം ജീവിതം പഠിപ്പിച്ച കയ്‌പേറിയ യാഥാര്‍ഥ്യങ്ങളും സാജു കൊടിയന്‍ ഓര്‍ത്തെടുക്കുകയാണ്.
വേദികളില്‍നിന്നും വേദികളിലേക്ക് ചിരിയുടെ മാലപ്പടക്കങ്ങള്‍ക്ക് തിരികൊളുത്തി ഓടിനടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു സാജുവിന്. എന്നാല്‍, 2005 ഡിസംബര്‍ 28 ന് രാത്രിയില്‍ സാജു വലിയ വാഹനാപകടത്തിന് ഇരയായി. കലാഭവന്‍ മണിയുടെ വീടിനടുത്ത് നടന്ന പരിപാടിക്കുശേഷം അത്താഴം കഴിഞ്ഞ് സന്തോഷത്തോടെയാണ് താരം മടങ്ങിയത്. സഞ്ചരിച്ചിരുന്ന വണ്ടി ലോറിയുമായി കൂട്ടിയിടിച്ചു. സെക്കന്റുകള്‍ക്കുള്ളില്‍ എല്ലാം തകിടം മറിഞ്ഞു. വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നു. വലിയ പരിക്കുകളോടെ പതിനഞ്ചു ദിവസത്തോളമാണ് സാജു ഐസിയുവില്‍ മരണത്തോടു മല്ലിട്ടത്.
'ആ വണ്ടി കണ്ടാല്‍... അതിനകത്തുണ്ടായിരുന്ന ആരും രക്ഷപ്പെടുമെന്ന് പറയില്ലായിരുന്നു. വണ്ടി അക്ഷരാര്‍ഥത്തില്‍ പപ്പടം പോലെ പൊടിഞ്ഞുപോയി. നാട്ടിലൊക്കെ ആള്‍ക്കാര്‍ പന്തലിടാന്‍ വരെ ഒരുങ്ങിയിരുന്നു. പക്ഷേ, പ്രേക്ഷകരുടെ കഷ്ടകാലം കൊണ്ട് ഞാന്‍ ജീവനോടെ തിരിച്ചുവന്നു.'-പതിവു നര്‍മത്തില്‍ സാജു പറയുന്നു.
ആശുപത്രിയില്‍നിന്നു സാജു വീട്ടിലേക്കു മടങ്ങിയെത്തി. ആദ്യത്തെ ആഴ്ച വലിയൊരു സിനിമാ സെറ്റ് പോലെയായിരുന്നു വീട്. എംഎല്‍എമാരും എംപിമാരും പഞ്ചായത്ത് പ്രസിഡന്റും സിനിമാ പ്രവര്‍ത്തകരുമൊക്കെയായി വീടു നിറഞ്ഞുകവിഞ്ഞു. അടുത്ത ആഴ്ച നാട്ടുകാരും സുഹൃത്തുക്കളുമായി തിരക്കു തുടര്‍ന്നു. എന്നാല്‍, മൂന്നാമത്തെ ആഴ്ചയായപ്പോഴേക്കും സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞു, സൗഹൃദങ്ങള്‍ ഫോണ്‍ കോളുകളിലേക്കു മാത്രമായി ഒതുങ്ങി. യഥാര്‍ഥ ക്ലൈമാക്‌സ് റീല്‍ തുടങ്ങുന്നത് നാലാമത്തെ ആഴ്ചയിലാണ്.
ഷൂട്ടിങ് തിരക്കുകളുടെയും മറ്റും കാരണങ്ങള്‍ പറഞ്ഞ് സിനിമാസുഹൃത്തുക്കളുടെ ഫോണ്‍ കോളുകൾ പതിയെ നിലച്ചു. ആരും വരാനില്ലാത്ത, ആരും വിളിക്കാനില്ലാത്ത ദിവസങ്ങള്‍. അപ്പനും അമ്മയും ഭാര്യയും കുഞ്ഞുങ്ങളും മാത്രമാണു പിന്നീട് ജീവിതത്തിനു തുണയായത്. ആ തിരിച്ചറിവാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അവാര്‍ഡായി സാജു കൊടിയന്‍ കാണുന്നത്.
ചിരിപ്പിക്കുക മാത്രമല്ല, ചിന്തിപ്പിക്കുകയും ചെയ്യുന്ന വലിയ ജീവിതാനുഭവത്തിന്റെ നേര്‍ക്കാഴ്ചയായി സാജു കൊടിയന്റെ വാക്കുകള്‍ മാറുന്നു. സിനിമയിലെ ആര്‍പ്പുവിളികള്‍ ഒടുങ്ങുമ്പോള്‍, ഒടുവില്‍ അഭയം നല്‍കാന്‍ സ്വന്തം വീടിന്റെ ഉമ്മറപ്പടിയും പ്രിയപ്പെട്ടവരും മാത്രമേ ഉണ്ടാകൂ എന്ന വലിയ സത്യം അടിവരയിടുന്നതാണ് സാജുവിന്റെ വാക്കുകള്‍.