'പഞ്ചാബി ഹൗസി'ലെ കഥാപാത്രങ്ങളാക്കി സൃഷ്ടിച്ച എഐ വീഡിയോയിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Malayalam

'ഗംഗാധരന്‍ മുതലാളി ഫയര്‍ ആണെങ്കില്‍ രമണന്‍ വൈല്‍ഡ് ഫയര്‍ ആണ്'

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാളസിനിമയിലെ എക്കാലത്തെയും വലിയ ചിരി വിരുന്നുകളിലൊന്നായ 'പഞ്ചാബി ഹൗസ്' വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. എന്നാല്‍ ഇത്തവണ ചിരിപ്പിച്ചുകൊണ്ടല്ല, മറിച്ച് പ്രേക്ഷകരെ ഞെട്ടിക്കുന്ന 'മാസ്' ലുക്കിലാണ് രമണനും ഗംഗാധരന്‍ മുതലാളിയും എത്തിയത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയാറാക്കിയ വീഡിയോ ഇന്റര്‍നെറ്റില്‍ തീപ്പൊരിയായി മാറിക്കഴിഞ്ഞു.

അനിരുദ്ധ് രവിചന്ദറിന്റെ തകര്‍പ്പന്‍ ബിജിഎമ്മിന്റെ അകമ്പടിയോടെ, കലിപ്പ് ലുക്കിലാണ് രമണനും ഗംഗാധരന്‍ മുതലാളിയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളായ രജനീകാന്തും കമല്‍ഹാസനും ഒന്നിക്കുന്ന 'KH X RK' പ്രൊമോയ്ക്ക് സമാനമായ രീതിയിലാണ് വീഡിയോ. 'ഗംഗാധരന്‍ മുതലാളി ഫയര്‍ ആണെങ്കില്‍ രമണന്‍ വൈല്‍ഡ് ഫയര്‍ ആണ്' എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകര്‍ ആവേശത്തോടെ തങ്ങളുടെ അഭിപ്രായം പങ്കുവച്ചത്.

'പഞ്ചാബി ഹൗസി'ലെ കഥാപാത്രങ്ങളാക്കി സൃഷ്ടിച്ച എഐ വീഡിയോയിൽ നിന്ന്

'wild.spell_studio' ഒരുക്കിയ വീഡിയോ ഇതിനോടകം 1.4 മില്യണിലധികം കാഴ്ചക്കാരുമായി കുതിക്കുകയാണ്. കൊച്ചിന്‍ ഹനീഫയുടെയും ഹരിശ്രീ അശോകന്റെയും അനശ്വരമായ കഥാപാത്രങ്ങളെ ഇത്തരമൊരു ലുക്കില്‍ കാണാന്‍ സാധിക്കുമെന്ന് മലയാളക്കര സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല.

1998-ല്‍ റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'പഞ്ചാബി ഹൗസ്' ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കോമഡി സിനിമയാണ്. ദിലീപ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, തിലകന്‍, ജനാര്‍ദനന്‍, ലാല്‍, മോഹിനി, ജോമോള്‍, തുടങ്ങിയ വന്‍ താരനിര അണിനിരന്ന ചിത്രം കാലമെത്ര കഴിഞ്ഞാലും മലയാളികളുടെ സിനിമാസ്മരണകളില്‍ എന്നുമുണ്ടാകും.