'പേട്രിയറ്റ്' പോസ്റ്റർ അറേഞ്ച്ഡ്
Malayalam

വെറുപ്പിന് മുകളിൽ പറന്നുയരാൻ 'പേട്രിയറ്റ്'; ചർച്ചയായി 'വിമതന്റെ' വ്ലോ​ഗ് രം​ഗവും

പപ്പപ്പ റിപ്പോര്‍ട്ടര്‍

പ്രേക്ഷകരുടെയും നിരൂപകരുടെയും അഭിനന്ദനം നേടി പ്രദർശനം തുടരുന്ന മമ്മൂട്ടി- മോഹൻലാൽ ചിത്രം പേട്രിയറ്റിന്റെ അണിയറ പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച വാക്കുകൾ ശ്രദ്ധ നേടുകയും അതിനൊപ്പം ചർച്ചയാവുകയും ചെയ്യുന്നു. ചിത്രത്തിനെതിരായ ഓൺലൈൻ ആക്രമണങ്ങൾക്കും തരംതാഴ്ത്തലുകൾക്കുമുള്ള മറുപടിയാണ് അണിയറ പ്രവർത്തകരുടെ വാക്കുകൾ.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കുറിച്ച വാക്കുകൾ ഇങ്ങനെ: 'കല രക്ഷപ്പെടാനുള്ള വഴിയാകരുത്; അത് ചിന്തയെ പ്രകോപിപ്പിക്കുന്നതാവണം. ചില വിമർശകർ കഠിനമായ യാഥാർത്ഥ്യത്തെ സാങ്കേതിക പിഴവായി തെറ്റിദ്ധരിക്കുമ്പോഴും, പേട്രിയറ്റ് ഒരു ബോധപൂർവ്വമായ തിരഞ്ഞെടുപ്പാണ്. ഭംഗിയേക്കാൾ യാഥാർത്ഥ്യത്തെ മുൻനിർത്താനുള്ള തീരുമാനം. ഹീറോയിക് എൻട്രികൾ ഉപേക്ഷിച്ച്, സത്യസന്ധമായ കഥപറച്ചിലിനാണ് ഞങ്ങൾ മുൻഗണന നൽകിയത്. നമ്മുടെ ലെജൻഡുകളുടെ സാന്നിധ്യം, കേൾക്കപ്പെടേണ്ട സത്യത്തെ കൂടുതൽ ശക്തമായി എത്തിക്കാൻ ഉപയോഗിച്ചു. ഒരു സിനിമ പതിവ് മാതൃകകൾ പിന്തുടരാതിരിക്കുമ്പോൾ, നെഗറ്റീവ് പ്രചാരണങ്ങൾ ഉയരുന്നത് സാധാരണമാണ്. എന്നിരുന്നാലും, ഞങ്ങൾ ഈ തിരക്കഥയിൽ ഉറച്ചുനിൽക്കുന്നു. നമ്മുടെ താരങ്ങളെ വെറും ഐക്കണുകളായി അല്ല, കഥാപാത്രങ്ങളായി കാണാൻ പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നു. സാഹസികമായ ശ്രമങ്ങൾ ചെയ്യുന്ന സിനിമയെ പിന്തുണയ്ക്കുക. ബോക്സ് ഓഫീസ് എന്ന ഒരു മാനദണ്ഡത്തിന് അതീതമായി ചിന്തിച്ച്, സിനിമയുടെ ആത്മാവിനായി നിങ്ങളുടെ പിന്തുണ രേഖപ്പെടുത്തൂ. #RISE ABOVE THE HATE'.

'പേട്രിയറ്റ്' പോസ്റ്റർ

ഇതിനൊപ്പം തന്നെ ചിത്രത്തിലെ വളരെ പ്രസക്തമായ ഒരു രംഗവും അവർ പുറത്തു വിട്ടിട്ടുണ്ട്. വിമതന്റെ ശബ്ദം എന്ന നിലയിൽ, ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ഡാനിയൽ ജെയിംസ് മൊബൈൽ ഫോൺ എങ്ങനെ, നമ്മുടെ സ്വകാര്യതയെ നമ്മൾ പോലുമറിയാതെ ഹനിക്കുന്ന വില്ലനാവുന്നു എന്നു വിശദീകരിക്കുന്ന രംഗമാണ് റിലീസ് ചെയ്തിരിക്കുന്നത് മഹേഷ് നാരായണൻ ഒരുക്കിയ ചിത്രം ഒരു താരാഘോഷ ചിത്രമല്ലെന്നും, അതീവ പ്രാധാന്യമുള്ള ഗൗരവമേറിയ ഒരു വിഷയത്തെ ആഴത്തിൽ പര്യവേക്ഷണം ചെയ്തു കൊണ്ട്, പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണെന്നതും ഈ രംഗം ഓർമിപ്പിക്കുന്നു.

'പേട്രിയറ്റ്' പോസ്റ്ററിൽ മമ്മൂട്ടിയും മോഹൻലാലും

മമ്മൂട്ടി, മോഹൻലാൽ എന്നീ മലയാളത്തിന്റെ മഹാനടന്മാരുടെ ഗംഭീര പ്രകടനങ്ങളോടൊപ്പം, വളരെ കാലിക പ്രസക്തമായ രീതിയിൽ അവതരിപ്പിച്ച ചിത്രത്തിൻ്റെ കഥയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് മികച്ച സിനിമകളെ സ്നേഹിക്കുന്ന പ്രേക്ഷകരും നിരൂപകരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തങ്ങളുടെ താരസ്വരൂപങ്ങളെ മറന്ന് നടന്മാരെന്ന നിലയിൽ, ഇപ്പോൾ നിലനിൽക്കുന്ന പല പരമ്പരാഗത രീതികളും പൊളിച്ചെഴുതി കൊണ്ടുള്ള പ്രകടനം ഇവർ കാഴ്ചവെക്കുന്നതാണ് ഈ ചിത്രത്തിന്റെ ആകർഷണമായി മാറുന്നത്. ഒപ്പം, വമ്പൻ ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരവും അതിനൊപ്പം നൽകുന്ന തീയേറ്റർ അനുഭവവുമാണ് ചിത്രത്തെ വേറിട്ട് നിർത്തുന്നത്.

കലാമൂല്യമുള്ള ഒരു സിനിമയായി നിലനിൽക്കുമ്പോഴും, ഒരു കൊമേർഷ്യൽ സിനിമ നൽകുന്ന ആവേശകരമായ അനുഭവവും പേട്രിയറ്റ് നൽകുന്നുണ്ട് എന്നതാണ് ഈ മഹേഷ് നാരായണൻ ചിത്രത്തെ ഗംഭീരമാക്കുന്നത്. വെറുമൊരു ആഘോഷ ചിത്രമായി മാത്രമല്ലാതെ, പ്രേക്ഷകർ അറിയേണ്ട സത്യത്തെ ഏറ്റവും മനോഹരമായ രീതിയിൽ അവർക്ക് മുന്നിലെത്തിച്ച മാധ്യമം എന്ന നിലയിലും പേട്രിയറ്റ് വേറിട്ട് നിൽക്കുന്നു. അതിന് വേണ്ടി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നടത്തിയ ആത്മാർത്ഥമായ ശ്രമവും പേട്രിയറ്റിലെ ഓരോ ഫ്രയിമിലും കാണാൻ സാധിക്കും.

'പേട്രിയറ്റ്' പോസ്റ്റർ

ഡോ.ഡാനിയൽ ജെയിംസ്, കേണൽ റഹിം നായിക് എന്നീ കഥാപാത്രങ്ങളായി 'ബിഗ് എം'സ് ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്ന ആവേശവും ആഘോഷവുമാണ് ചിത്രത്തെ സൂപ്പർ വിജയമാക്കി മാറ്റുന്നത്. ഇവർക്കൊപ്പം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും തങ്ങളിലെ നടന്മാരുടെ വേറിട്ട മുഖത്തിന് ഈ ചിത്രത്തിലൂടെ പൂർണത നൽകുന്നുണ്ട്. നയൻതാര, രാജീവ് മേനോൻ, രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നു. ബോക്സ് ഓഫീസിലും ആഗോള തലത്തിൽ 70 കോടിയിലേക്കാണ് ചിത്രം കുതിക്കുന്നത്.

'പേട്രിയറ്റ്' പോസ്റ്റർ

125 കോടിയോളം ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സി.ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമാണം. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രം ഗൾഫിൽ വിതരണം ചെയ്തത്.

ഛായാഗ്രഹണം - മനുഷ് നന്ദൻ, സംഗീതം - സുഷിൻ ശ്യാം, എഡിറ്റിങ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനർമാർ: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസർമാർ - സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്സ് - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റ്യൂം ഡിസൈൻ - ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർ ഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ്, ഫാൻ്റം വിഎഫ്എക്സ്, പിക്ടോറിയൽ വിഎഫ്എക്സ്, ബൈനറി സർക്കസ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പിആർ: വിഷ്ണു സുഗതൻ, പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ ആണ് പ്രദർശനത്തിന് എത്തിച്ചത്.