മലയാള സിനിമ കാത്തിരിക്കുന്ന മഹേഷ് നാരായണന്‍ ചിത്രം 'പേട്രിയറ്റ്' തിയറ്ററുകളിലെത്താന്‍ ഇനി അഞ്ചു ദിവസങ്ങള്‍ മാത്രം. റിലീസ് അടുത്തിരിക്കെ, ചിത്രത്തിലെ വമ്പന്‍ താരനിരക്കൊപ്പം അഭിനയിച്ചതിന്റെ ആവേശം പങ്കുവച്ചിരിക്കുകയാണ് യുവനടി ദര്‍ശന രാജേന്ദ്രന്‍. മലയാളത്തിലെ ഇതിഹാസ താരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞത് ഒരു 'ഫാന്‍ ഗേള്‍' നിമിഷമായാണ് താരം വിശേഷിപ്പിക്കുന്നത്.
'ഇതിഹാസ തുല്യരായ താരങ്ങളില്‍ ഒരാള്‍ക്കൊപ്പം ഒരു സിനിമയെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ ഞാന്‍ ആവേശഭരിതയാകുമായിരുന്നു. എന്നാല്‍ ഇവരെല്ലാവരും അണിനിരക്കുന്ന പേട്രിയറ്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതു വലിയ ഭാഗ്യമാണ്. ഉള്ളിലെന്നും ഞാനൊരു ആരാധികയാണ്, ഇപ്പോള്‍ കുറച്ചുകൂടി അടുത്ത സീറ്റിലിരുന്ന് അവരെ ആരാധിക്കുന്നു എന്നു മാത്രം..' ദര്‍ശന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, രേവതി എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര തുടങ്ങി വന്‍ താരനിരയാണു ചിത്രത്തിലുള്ളത്. ഒരു കോര്‍പ്പറേറ്റ് കമ്പനിയുടെ സോഫ്റ്റ് വെയർ സാധാരണക്കാരെ ദോഷകരമായി ബാധിക്കുമ്പോള്‍, ആ സ്ഥാപനത്തിനെതിരെ പോരാടുന്ന ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്.
കുഞ്ചാക്കോ ബോബന്റെ പങ്കാളിയായാണ് ദര്‍ശന ചിത്രത്തില്‍ വേഷമിടുന്നത്. ഇരുവരും ഒന്നിച്ചെത്തിയ 'കാറ്റു തൊട്ടപ്പോള്‍' എന്ന ഗാനം ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. തന്നെ തെരഞ്ഞെടുത്തതില്‍ സംവിധായകന്‍ മഹേഷ് നാരായണനോടും ദര്‍ശന പ്രത്യേകം നന്ദി അറിയിച്ചു.