മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ ബിഗ് ബജറ്റ് ചിത്രം 'പേട്രിയറ്റി'ന്റെ ബജറ്റിനെയും ഒടിടി വില്പനയെയും ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും മറുപടിയുമായി സംവിധായകന്‍ മഹേഷ് നാരായണന്‍ രംഗത്ത്. സിനിമയുടെ ബജറ്റ് 180 കോടിയാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
ചിത്രത്തിന്റെ നിര്‍മാണച്ചെലവ് 180 കോടിയാണോ എന്ന ചോദ്യത്തിന്, അതു പര്‍വതീകരിച്ച കണക്കുകളാണെന്നായിരുന്നു സംവിധായകന്റെ മറുപടി. 'പുറത്തുനിന്ന് ഇത്തരം കണക്കുകള്‍ വന്നുകൊണ്ടേയിരിക്കും. എന്നാല്‍ നിര്‍മാതാവ് മുടക്കിയ തുകയേക്കാള്‍ കൂടുതല്‍ ചിത്രം സമ്പാദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.'-മഹേഷ് പറഞ്ഞു.
സീ 5 റെക്കോഡ് തുകയ്ക്കാണു ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത്. അവര്‍ സിനിമ കണ്ടതിനുശേഷമാണ് കരാറില്‍ ഒപ്പിട്ടത്. അതാണ് സിനിമയുടെ ആദ്യ വരുമാനം. തിയേറ്ററുകളില്‍നിന്നു വലിയ നേട്ടമുണ്ടാകുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും മഹേഷ് വ്യക്തമാക്കി.
'പേട്രിയറ്റ്' മാസ്-ആക്ഷന്‍ സിനിമയാണെന്ന പ്രതീക്ഷയോടെ തിയറ്ററില്‍ എത്തരുതെന്നും സംവിധായകന്‍ ഓര്‍മിപ്പിച്ചു. ഇതൊരു പുതുമയുള്ള പ്രമേയമാണ്. അത്തരമൊരു സിനിമ നിര്‍മിക്കുന്നതിലെ റിസ്‌ക് നിര്‍മാതാവ് ആന്റോ ജോസഫിന് അറിയാമായിരുന്നു. സിനിമയുടെ ഉള്ളടക്കം മനസിലാക്കാന്‍ പ്രേക്ഷകര്‍ അല്പം കൂടി ക്ഷമ കാണിക്കണമെന്നും കൂടുതല്‍ സ്വീകാര്യത നല്‍കണമെന്നും മഹേഷ് അഭ്യര്‍ഥിച്ചു. 2008-ല്‍ പുറത്തിറങ്ങിയ 'ട്വന്റി 20'ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും സുപ്രധാന വേഷങ്ങളില്‍ ഒന്നിച്ചെത്തിയ ചിത്രമാണ് പേട്രിയറ്റ്.