നടന്‍ ജോജു ജോര്‍ജ് രണ്ടാമതായി സംവിധാനം ചെയ്യുന്ന 'പരിപാടി' എന്ന ചിത്രത്തിന് ചാലക്കുടിയില്‍ തുടക്കമായി. അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും പങ്കെടുത്ത പൂജാ ചടങ്ങുകളോടെയാണു ചിത്രീകരണം ആരംഭിച്ചത്. '2018', 'രേഖാചിത്രം', 'ആട് 3' തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണു ചിത്രം നിര്‍മിക്കുന്നത്.
ജോജു ജോര്‍ജ് തന്നെ കഥയും തിരക്കഥയുമെഴുതുന്ന ചിത്രത്തില്‍ അദ്ദേഹമാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നതും. വിനീത് തട്ടില്‍ ഡേവിഡ്, സൈജു കുറുപ്പ്, ബിറ്റോ ഡേവിസ്, ഐശ്വര്യ ചന്ദ്രന്‍, ദില്‍ഷാന, ഋതു മന്ത്ര, ജയ കുറുപ്പ്, ഷിബിന്‍ എസ്. രാഘവ് എന്നിവരടങ്ങുന്ന വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
നൂറോളം പുതുമുഖങ്ങൾ അഭിനയിക്കുന്ന ചിത്രം വമ്പൻ കാൻവാസിലാണ് ഒരുക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നു വരുന്ന ചിത്രത്തിൻ്റെ ആക്ടേഴ്സ് ഗ്രൂമിങ് പ്രോഗ്രാമും കഴിഞ്ഞ മൂന്നു മാസമായി നടക്കുകയായിരുന്നു. കേരളത്തിനകത്തും പുറത്തും യൂറോപ്യൻ രാജ്യങ്ങളിലും ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടക്കും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക.
2024-ല്‍ പുറത്തിറങ്ങിയ 'പണി' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ജോജു സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ഇതിനുള്ളത്. ദക്ഷിണേന്ത്യയിലെ പ്രഗത്ഭരായ സാങ്കേതിക പ്രവര്‍ത്തകര്‍ അണിനിരക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പ്രശസ്ത തമിഴ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ ആദ്യമായി മലയാളത്തില്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.
ടോക്സിക് ഉൾപ്പെടെയുള്ള നിരവധി അന്യഭാഷ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത ഛായാഗ്രഹകൻ രാജീവ് രവി ക്യാമറ ചലിപ്പിക്കുന്നു. തെന്നിന്ത്യയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്സ് സംഘട്ടനം ഒരുക്കുന്നു എന്നതും 'പരിപാടി'യുടെ ഹൈലൈറ്റ് ആണ്. മനു ആന്റണിയാണ് എഡിറ്റര്‍.
നേരത്തെ 'പണി'യുടെ രണ്ടാം ഭാഗമായിരിക്കും ചിത്രമെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും അക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ല. 'പരിപാടി' ഒരു പുതിയ പ്രമേയമാണോ അതോ പണിയുടെ തുടര്‍ച്ചയാണോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
പരിപാടിയുടെ മറ്റ് അണിയറപ്രവർത്തകർ- സൗണ്ട് ഡിസൈൻ : അജയൻ പി അടാട്ട്, പ്രൊഡക്ഷൻ ഡിസൈൻ : സാബുl മോഹൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ജയൻ നമ്പ്യാർ, നിർമ്മാണ ഏകോപനം: ഗോപകുമാർ ജികെ, നിർമ്മാണ നിർവ്വഹണം : വർക്കി ജോർജ്, നിർമാണ നിയന്ത്രണം : ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം : മെൽവി ജെ, മേക്കപ്പ് : ഷമീർ ശാം, രൂപപരിവർത്തന ചമയം : എൻ ജി റോഷൻ, വിഎഫ്എക്സ് : ലിറ്റിൽ ഹിപ്പോ, മുഖ്യ സഹസംവിധായകൻ : ഷെല്ലി ശ്രീസ്, പരസ്യകല : സർക്കാസനം, പിആർഒ ആന്റ് മാർക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.