കാർത്തിക് ശങ്കർ, ഗോകുലം ഗോപാലൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന 'പാൽപ്പായസം @ ഗുരുവായൂർ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഗുരുവായൂർ ഗോകുലം വനമാലയിൽ നടന്ന പൂജ-സ്വിച്ചോൺ ചടങ്ങിൽ നിർമാതാവും നടനുമായ ഗോകുലം ഗോപാലൻ, ജലജ ഗോപാലൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു. ഗുരുവായൂർ ദേവസ്വം മെമ്പർ മനോജ് ബി. നായർ സ്ക്രിപ്റ്റ് സംവിധായകൻ വിജീഷ് മണിക്കു കൈമാറി.
ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ആദ്യ ക്ലാപ്പടിച്ചു. മൗനയോഗി ഹരിനാരായൺ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുവായൂർ മുൻസിപ്പൽ ചെയർമാൻ കൃഷ്ണദാസ്, രതീഷ് വേഗ, കാർത്തിക് ശങ്കർ, ജയരാജ് വാര്യർ, ഗിരിഷ് കൊടുങ്ങല്ലൂർ, സുരേന്ദ്രൻ, ഉദയശങ്കരൻ, സുജിത്ത് മട്ടന്നൂർ, ശ്രീജിത്ത് ഗുരുവായൂർ, ബാബു ഗുരുവായൂർ, സജീവൻ നമ്പിയത്ത്, രവിചങ്കത്ത്, കമാൽ, ശോഭ, ലൈന നായർ, മുകേഷ് ലാൽ ഗുരുവായൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.