ടൊവിനോ തോമസും ഡിജോ ജോസ് ആന്റണിയും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'പള്ളിച്ചട്ടമ്പി' ഏപ്രില്‍ 10-ന് തിയറ്ററുകളിലെത്തുകയാണ്. 2018 മുതല്‍ ചര്‍ച്ചകളിലുണ്ടായിരുന്ന ഈ പ്രോജക്ട് നീണ്ട കാത്തിരിപ്പിനുശേഷമാണ് യാഥാര്‍ഥ്യമായതെന്ന് ഹൈദ്രാബാദില്‍ നടന്ന പ്രൊമോഷന്‍ പരിപാടിക്കിടെ ടൊവിനോ വെളിപ്പെടുത്തി.
തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും ഡിജോയുടെ നിര്‍ബന്ധത്തിനു വഴങ്ങി തിരക്കഥ വായിച്ചപ്പോള്‍ അതിന്റെ മൂലകഥ തന്നെ ഏറെ ആകര്‍ഷിച്ചെന്നും ഉടന്‍ തന്നെ സിനിമ ചെയ്യാന്‍ സമ്മതിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. വേള്‍ഡ് വൈഡ് ഫിലിംസിന്റെയും സി ക്യൂബ് ബ്രോസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ബാനറിലൊരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും.
ചിത്രത്തിനുവേണ്ടി നടത്തിയ ശാരീരിക മാറ്റങ്ങളെക്കുറിച്ചും ടൊവിനോ മനസു തുറന്നു. 'പള്ളിച്ചട്ടമ്പി'യിലെ കഥാപാത്രത്തിനു വേണ്ടി ശരീരഭാരം വര്‍ധിപ്പിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നു. അതുവരെ പിന്തുടര്‍ന്നിരുന്ന കര്‍ശനമായ ഡയറ്റ് ഉപേക്ഷിച്ചും ഹെയര്‍സ്‌റ്റൈലിലും മീശയിലും മാറ്റങ്ങള്‍ വരുത്തിയുമാണ് ഈ കരുത്തുറ്റ കഥാപാത്രമായി ടൊവിനോ മാറിയത്.
1950-കളിലെ കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം കേവലം ഒരു ആക്ഷന്‍ സിനിമ മാത്രമല്ലെന്നും ശക്തമായ വൈകാരിക പശ്ചാത്തലമുള്ള കുടുംബചിത്രമാണെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. സിനിമ ഏതെങ്കിലും മതത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങളെ താരം തള്ളിക്കളഞ്ഞു. മനുഷ്യത്വമാണ് സിനിമയുടെ കാതലെന്നും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നും താരം വ്യക്തമാക്കി.
'പള്ളിച്ചട്ടമ്പി'യുടെ ഷൂട്ടിങ് അനുഭവങ്ങള്‍ മറക്കാനാവാത്തതാണെന്ന് ടൊവിനോ പറയുന്നു. സെറ്റില്‍ കാരവാനിലേക്കു പോകാതെ മുതിര്‍ന്ന താരം വിജയരാഘവന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം സമയം ചെലവഴിച്ചത് വലിയൊരു അനുഭവമായിരുന്നു. 'എബിസിഡി' എന്ന ചിത്രത്തില്‍ അച്ഛനും മകനുമായി അഭിനയിച്ച കാലം മുതലുള്ള വിജയരാഘവനുമായുള്ള സൗഹൃദത്തെക്കുറിച്ചും ടൊവിനോ ഓര്‍ത്തെടുത്തു. ഈ സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു വിജയരാഘവനെ തേടി ദേശീയ പുരസ്‌കാരം എത്തിയതെന്ന പ്രത്യേകതയുമുണ്ട്. കായാദു ലോഹര്‍ നായികയാകുന്ന ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകില്ലെന്നും ടൊവിനോ സ്ഥിരീകരിച്ചു.
സിനിമയോടുള്ള തന്റെ നിലപാടുകളെക്കുറിച്ചും ടൊവിനോ വാചാലനായി. തുടര്‍ച്ചയായി വിശ്രമമില്ലാതെ സിനിമകള്‍ ചെയ്യാന്‍ തനിക്ക് താത്പര്യമില്ലെന്നും ഇടവേളകളെടുത്ത് കുടുംബത്തോടൊപ്പം യാത്രപോകാനാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ബ്രേക്കുകള്‍ സിനിമയെ ഒരു പുറംകാഴ്ചക്കാരന്റെ കണ്ണിലൂടെ നോക്കിക്കാണാന്‍ തന്നെ സഹായിക്കാറുണ്ട്. തെലുങ്ക് സിനിമകളില്‍നിന്ന് അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും നിലവില്‍ ഒന്നും ഉറപ്പിച്ചിട്ടില്ലെന്നും ടൊവിനോ പറഞ്ഞു. ഭക്ഷണപ്രിയനായ താന്‍ ഹൈദ്രാബാദ് വിഭവങ്ങള്‍ ആസ്വദിച്ചെന്നും വര്‍ക്ക് ഔട്ടിലൂടെയാണ് ആരോഗ്യം സംരക്ഷിക്കുന്നതെന്നും പറഞ്ഞാണ് യങ് സൂപ്പര്‍സ്റ്റാര്‍ സംഭാഷണം അവസാനിപ്പിച്ചത്.